മർക്കൊസ് 15:6-15

മർക്കൊസ് 15:6-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു. എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു. പുരുഷാരം കയറിവന്നു, അവൻ പതിവുപോലെ ചെയ്യേണം എന്ന് അപേക്ഷിച്ചുതുടങ്ങി. മഹാപുരോഹിതന്മാർ അസൂയകൊണ്ട് അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ട് അവരോട്: യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്ന് ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു. എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിനു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പീലാത്തൊസ് പിന്നെയും അവരോട്: എന്നാൽ യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. അവനെ ക്രൂശിക്ക എന്ന് അവർ വീണ്ടും നിലവിളിച്ചു. പീലാത്തൊസ് അവരോട്: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്ന് അവർ അധികമായി നിലവിളിച്ചു. പീലാത്തൊസ് പുരുഷാരത്തിനു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.

മർക്കൊസ് 15:6-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഉത്സവദിവസം അവർ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തോസ് മോചിപ്പിക്കുക പതിവായിരുന്നു. ഒരു കലാപത്തിൽ കൊലക്കുറ്റം ചെയ്ത ബറബ്ബാസ് എന്നൊരാൾ മറ്റു കലാപകാരികളോടുകൂടി തടവിൽ കിടക്കുന്നുണ്ടായിരുന്നു. ജനങ്ങൾ പീലാത്തോസിന്റെ അടുക്കൽചെന്ന്, പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “യെഹൂദന്മാരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരണമെന്നാണോ നിങ്ങളുടെ ആഗ്രഹം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. അസൂയകൊണ്ടാണ് മുഖ്യപുരോഹിതന്മാർ യേശുവിനെ പിടിച്ച് തന്നെ ഏല്പിച്ചതെന്ന് പീലാത്തോസ് മനസ്സിലാക്കിയിരുന്നു. ബറബ്ബാസിനെത്തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനത്തെ പറഞ്ഞിളക്കി. പീലാത്തോസ് വീണ്ടും ചോദിച്ചു: “യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങൾ പറയുന്ന ഈ മനുഷ്യനെ ഞാൻ എന്തുചെയ്യണം?” “അയാളെ ക്രൂശിക്കുക” എന്ന് അവർ അത്യുച്ചത്തിൽ പറഞ്ഞു. “എന്തിന്? അയാൾ എന്തുദോഷം ചെയ്തു?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. എന്നാൽ അവർ പൂർവാധികം ഉച്ചത്തിൽ “അയാളെ ക്രൂശിക്കുക” എന്ന് അട്ടഹസിച്ചു. ജനങ്ങളെ പ്രീണിപ്പിക്കുവാൻ പീലാത്തോസ് ആഗ്രഹിച്ചതുകൊണ്ട് ബറബ്ബാസിനെ മോചിപ്പിക്കുകയും യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുവാൻ അവരെ ഏല്പിക്കുകയും ചെയ്തു.

മർക്കൊസ് 15:6-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്കുക പതിവായിരുന്നു. എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുവൻ തടവിൽ ഉണ്ടായിരുന്നു. പുരുഷാരം പീലാത്തോസിന്‍റെ അടുക്കൽവന്ന്, പതിവുപോലെ ചെയ്യേണം എന്നു അവനോടു അപേക്ഷിച്ചുതുടങ്ങി. “യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നുവോ?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. മുഖ്യപുരോഹിതന്മാർ അസൂയകൊണ്ടാണ് യേശുവിനെ ഏല്പിച്ചത് എന്നു പീലാത്തോസ് അറിഞ്ഞിരുന്നു. എന്നാൽ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന് ചോദിപ്പാൻ മുഖ്യപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പീലാത്തോസ് പിന്നെയും അവരോട്: “എന്നാൽ യെഹൂദന്മാരുടെ രാജാവ്” എന്നു നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. “അവനെ ക്രൂശിയ്ക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു. പീലാത്തോസ് അവരോട്: “അവൻ എന്ത് ദോഷം ചെയ്തു?” എന്നു ചോദിച്ചു. “അവനെ ക്രൂശിയ്ക്ക” എന്നു അവർ അധികമായി നിലവിളിച്ചു. പീലാത്തോസ് പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.

മർക്കൊസ് 15:6-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു. എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു. പുരുഷാരം കയറി വന്നു, അവൻ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി. മഹാപുരോഹിതന്മാർ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു: യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു. എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പീലാത്തൊസ് പിന്നെയും അവരോടു: എന്നാൽ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. അവനെ ക്രൂശിക്ക എന്നു അവർ വീണ്ടും നിലവിളിച്ചു. പീലാത്തൊസ് അവരോടു: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവർ അധികമായി നിലവിളിച്ചു. പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.

മർക്കൊസ് 15:6-15 സമകാലിക മലയാളവിവർത്തനം (MCV)

പെസഹാഘോഷവേളയിൽ ജനങ്ങൾ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക പതിവായിരുന്നു. വിപ്ളവത്തിനിടയിൽ കൊല നടത്തിയ ബറബ്ബാസ് എന്നു പേരുള്ള ഒരു തീവ്രവാദി ഈ സമയത്ത് കാരാഗൃഹത്തിൽ ഉണ്ടായിരുന്നു. ജനക്കൂട്ടം പീലാത്തോസിന്റെ അടുക്കൽ ചെന്നു തങ്ങൾക്കുവേണ്ടി പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതമുഖ്യന്മാർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അറിഞ്ഞിരുന്ന പീലാത്തോസ് അവരോട്, “യെഹൂദരുടെ രാജാവിനെ നിങ്ങൾക്കായി മോചിപ്പിച്ചുതരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. എന്നാൽ, ബറബ്ബാസിനെയാണ് മോചിപ്പിക്കേണ്ടതെന്ന് പീലാത്തോസിനോട് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചിരുന്നു. “എങ്കിൽ, യെഹൂദരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്ന ഇയാളെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു. “അവനെ ക്രൂശിക്ക!” അവർ കൂടുതൽ ഉച്ചത്തിൽ അട്ടഹസിച്ചു. “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു. എന്നാൽ, അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. ജനക്കൂട്ടത്തെ അനുനയിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ബറബ്ബാസിനെ അവർക്കുവേണ്ടി മോചിപ്പിച്ചു. അയാൾ യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം, ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.