മർക്കൊസ് 14:66-72 - Compare All Versions
മർക്കൊസ് 14:66-72 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ട് അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോട്: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നെ എന്നു പറഞ്ഞുതുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ട് അരികെ നിന്നവർ പത്രൊസിനോട്: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
മർക്കൊസ് 14:66-72 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പത്രോസ് താഴെ നടുമുറ്റത്തിരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ ഒരു പരിചാരിക വന്നു തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “നിങ്ങളും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്നുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്, “നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ; എനിക്കു മനസ്സിലാകുന്നുമില്ല” എന്നു തള്ളിപ്പറഞ്ഞു. അനന്തരം പത്രോസ് പുറത്തുള്ള പടിപ്പുരയിലേക്കുപോയി. അപ്പോൾ കോഴി കൂകി. ആ പരിചാരിക അദ്ദേഹത്തെ നോക്കിയിട്ട് ഈ മനുഷ്യൻ അവരിലൊരാൾ തന്നെയാണെന്ന് അടുത്തു നിന്നവരോടു വീണ്ടും പറഞ്ഞു. എന്നാൽ പത്രോസ് വീണ്ടും നിഷേധിച്ചു. കുറെക്കഴിഞ്ഞ് അടുത്തുനിന്നവർ “തീർച്ചയായും നിങ്ങൾ അവരുടെ കൂട്ടത്തിലൊരാളാണ്; നിങ്ങൾ ഒരു ഗലീലക്കാരനാണല്ലോ” എന്നു പത്രോസിനോടു പറഞ്ഞു. അപ്പോൾ അദ്ദേഹം “നിങ്ങൾ പറയുന്ന ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു സത്യം ചെയ്യുകയും ശപിക്കുകയും ചെയ്തു. തൽക്ഷണം കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന്” യേശു തന്നോടു പറഞ്ഞ വാക്ക് ഓർത്ത് പത്രോസ് ഉള്ളുരുകി പൊട്ടിക്കരഞ്ഞു.
മർക്കൊസ് 14:66-72 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്‍റെ വേലക്കാരത്തികളിൽ ഒരുവൾ വന്നു, പത്രൊസ് തീ കായുന്നത് കണ്ടു അവനെ സൂക്ഷിച്ചുനോക്കി: “നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു” എന്നു പറഞ്ഞു. “നീ പറയുന്നത് എന്തെന്ന് ഞാൻ അറിയുന്നുമില്ല, എനിക്ക് മനസ്സിലാകുന്നതുമില്ല” എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പുറത്തു പടിപ്പുരയിലേക്കു പോയപ്പോൾ കോഴി കൂകി. ആ വേലക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്ത് നില്ക്കുന്നവരോട്: “ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നെ” എന്നു പറഞ്ഞുതുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞശേഷം അരികെ നിന്നവർ പത്രൊസിനോട്: “നിശ്ചയമായും നീ ആ കൂട്ടരിൽ ഉള്ളവൻ തന്നെ; നീയും ഗലീലക്കാരനല്ലോ” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞ് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോട് പറഞ്ഞവാക്ക് ഓർത്തു പത്രൊസ് പൊട്ടിക്കരഞ്ഞു.
മർക്കൊസ് 14:66-72 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
മർക്കൊസ് 14:66-72 MCV (സമകാലിക മലയാളവിവർത്തനം)
പത്രോസ് താഴേ അങ്കണത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ വേലക്കാരിയായ ഒരു പെൺകുട്ടി അവിടെ എത്തി, തീകാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കി. “നീയും ആ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ,” എന്നു പറഞ്ഞു. എന്നാൽ, പത്രോസ് അതു നിഷേധിച്ചു. “എനിക്ക് അറിഞ്ഞുകൂടാ; നീ എന്താണു പറയുന്നത്; എനിക്കു മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് പടിപ്പുരയിലേക്കു പോയി; അപ്പോൾ കോഴി കൂവി. ആ വേലക്കാരി അയാളെ അവിടെ കണ്ടപ്പോൾ, ചുറ്റും നിന്നിരുന്നവരോട്, “ഈ മനുഷ്യൻ അക്കൂട്ടത്തിൽ ഒരാളാണ്” എന്ന് പിന്നെയും പറഞ്ഞുതുടങ്ങി. അയാൾ വീണ്ടും അതു നിഷേധിച്ചു. അൽപ്പസമയം കഴിഞ്ഞ്, അടുത്തുനിന്നിരുന്നവർ പത്രോസിനോട്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നീ ഒരു ഗലീലക്കാരനാണല്ലോ” എന്നു പറഞ്ഞു. “നീ പറയുന്ന ആ മനുഷ്യനെ ഞാൻ അറിയുകയേ ഇല്ല!” എന്നു പറഞ്ഞുകൊണ്ട് അയാൾ ആണയിടാനും ശപിക്കാനും തുടങ്ങി. ഉടനെ കോഴി രണ്ടാംപ്രാവശ്യം കൂവി. “കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു പറഞ്ഞിരുന്ന വാക്ക് പത്രോസ് ഓർത്ത് ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു.