മർക്കൊസ് 14:12-26
മർക്കൊസ് 14:12-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പെസഹാകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. അവന്റെ പിന്നാലെ ചെന്ന് അവൻ കടക്കുന്നേടത്ത് ആ വീട്ടുടയവനോട്: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്ക് ഒരുക്കുവിൻ എന്നു പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്ന് അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടുംകൂടെ വന്നു. അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ദുഃഖിച്ചു, ഓരോരുത്തൻ: ഞാനോ, ഞാനോ എന്ന് അവനോടു ചോദിച്ചുതുടങ്ങി. അവൻ അവരോട്: പന്തിരുവരിൽ ഒരുവൻ; എന്നോടു കൂടെ താലത്തിൽ കൈ മുക്കുന്നവൻ തന്നെ. മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ തന്നെ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളായിരുന്നു എന്നു പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ; ഇത് എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്ത് സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു. ഇത് അനേകർക്കുവേണ്ടി ചൊരിയുന്നതായി നിയമത്തിനുള്ള എന്റെ രക്തം. മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അത് ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അവരോടു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവ്മലയ്ക്കു പോയി.
മർക്കൊസ് 14:12-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാൾ പെസഹാബലി അർപ്പിക്കുന്ന ദിവസം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ ചെന്ന്, “അങ്ങേക്കുവേണ്ടി ഞങ്ങൾ എവിടെയാണു പെസഹ ഒരുക്കേണ്ടത്?” എന്നു ചോദിച്ചു. അവിടുന്ന് ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങൾ നഗരത്തിലേക്കു ചെല്ലുക. അവിടെ ഒരു കുടം ചുമന്നുകൊണ്ടു വരുന്ന ഒരുവനെ നിങ്ങൾ കാണും. അയാളുടെ പിന്നാലെ ചെല്ലുക; അയാൾ എവിടെ പ്രവേശിക്കുന്നുവോ, ആ വീടിന്റെ ഉടമസ്ഥനോട് ‘എനിക്കു ശിഷ്യന്മാരോടുകൂടി ഇരുന്നു പെസഹ ഭക്ഷിക്കാനുള്ള ശാല എവിടെയാണ്?’ എന്നു ഗുരു ചോദിക്കുന്നു എന്നു പറയുക. അപ്പോൾ വിരിച്ചൊരുക്കിയ ഒരു വലിയ മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.” ആ ശിഷ്യന്മാർ നഗരത്തിൽ ചെന്നു തങ്ങളോട് യേശു പറഞ്ഞതുപോലെ അവർ കണ്ടു. അവർ അവിടെ പെസഹ ഒരുക്കി. സന്ധ്യ ആയപ്പോൾ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി അവിടെയെത്തി. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും; എന്നോടുകൂടി ഭക്ഷണം കഴിക്കുന്നവൻ തന്നെ.” ഇതുകേട്ട് അവർ അത്യന്തം ദുഃഖിതരായി; “അതു ഞാനാണോ?” “ഞാനാണോ?” എന്ന് ഓരോരുത്തനും ചോദിച്ചുതുടങ്ങി. യേശു അവരോടു പറഞ്ഞു: “പന്ത്രണ്ടുപേരിൽ ഒരുവൻ--എന്നോടു കൂടി ഈ പാത്രത്തിൽനിന്നു ഭക്ഷിക്കുന്നവൻ തന്നെ. മനുഷ്യപുത്രന്റെ മരണത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ അതു സംഭവിക്കുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യനു ഹാ കഷ്ടം! അവൻ ജനിക്കാതിരുന്നെങ്കിൽ അവനു നല്ലതായിരുന്നു.” അവർ ഭക്ഷണം കഴിക്കുന്നതിനിടയ്‍ക്ക് യേശു അപ്പമെടുത്തു വാഴ്ത്തിമുറിച്ച് അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു: “ഇതു സ്വീകരിക്കുക, ഇതെന്റെ ശരീരമാകുന്നു.” പിന്നീട് അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്ത് അവർക്കു കൊടുത്തു. എല്ലാവരും അതിൽനിന്നു കുടിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ഇത് എന്റെ രക്തം; അനേകമാളുകൾക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ രക്തംതന്നെ. ദൈവരാജ്യത്തിലെ പുതിയവീഞ്ഞു പാനം ചെയ്യുന്ന ആ നാൾ വരെ ഞാൻ ഇനി വീഞ്ഞു കുടിക്കുകയില്ല എന്നു നിങ്ങളോടു ഉറപ്പിച്ചു പറയുന്നു.” അവർ സ്തോത്രകീർത്തനം പാടിയശേഷം ഒലിവുമലയിലേക്കു പോയി.
മർക്കൊസ് 14:12-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പെസഹ കുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: ”അങ്ങേക്ക് പെസഹ കഴിക്കുവാൻ ഞങ്ങൾ എവിടെ ഒരുക്കേണം?” എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടുവരുന്ന ഒരു മനുഷ്യൻ നിങ്ങളെ കണ്ടുമുട്ടും. അവന്‍റെ പിന്നാലെ ചെല്ലുക അവൻ കടക്കുന്ന വീട്ടിൽ ചെന്നു ആ വീട്ടുടയവനോട്: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു. അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ദുഃഖിച്ചു: ഓരോരുത്തരും: “തീർച്ചയായും അത് ഞാനല്ലല്ലോ” എന്നു അവനോടു ചോദിക്കാൻ തുടങ്ങി. അവൻ അവരോട്: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ പാത്രത്തിൽ കൈമുക്കുന്നവൻ തന്നെ. മനുഷ്യപുത്രൻ പോകുന്നത് തന്നെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ; എന്നാൽ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളാമായിരുന്നു” എന്നു പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “വാങ്ങുവിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; അവർ എല്ലാവരും അതിൽനിന്ന് കുടിച്ചു: ഇതു അനേകർക്ക് വേണ്ടി ചൊരിയുന്നതായ ഉടമ്പടിക്കുള്ള എന്‍റെ രക്തം. മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി കുടിക്കുന്ന നാൾവരെ ഞാൻ അത് ഇനി അനുഭവിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവ് മലയ്ക്ക് പോയി.
മർക്കൊസ് 14:12-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു. അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ദുഃഖിച്ചു: ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി. അവൻ അവരോടു: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ. മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു: ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം. മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവു മലക്കു പോയി.
മർക്കൊസ് 14:12-26 സമകാലിക മലയാളവിവർത്തനം (MCV)
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, പെസഹാക്കുഞ്ഞാടിനെ അറക്കുന്ന ആ ദിവസം, ശിഷ്യന്മാർ യേശുവിനോട്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെപ്പോയാണ് ഒരുക്കേണ്ടത്?” എന്നു ചോദിച്ചു. അദ്ദേഹം ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട്, “നിങ്ങൾ ജെറുശലേം പട്ടണത്തിലേക്ക് പോകുക; ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ നിങ്ങൾക്ക് അഭിമുഖമായി വരും. അയാളുടെ പിന്നാലെ ചെല്ലുക. അയാൾ പ്രവേശിക്കുന്ന വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള എന്റെ വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു. വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു. ശിഷ്യന്മാർ യാത്രചെയ്ത് നഗരത്തിലെത്തി; യേശു തങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ, യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം അവിടെ എത്തി. അവർ ഭക്ഷണത്തിനിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ—എന്നോടുകൂടെ ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുവൻതന്നെ—എന്നെ ഒറ്റിക്കൊടുക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു പറഞ്ഞു. അവർ ദുഃഖിതരായി; ഓരോരുത്തൻ “അതു ഞാനല്ലല്ലോ,” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി. അതിനുത്തരമായി യേശു: “അത് പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾതന്നെയാണ്, എന്നോടൊപ്പം പാത്രത്തിൽ അപ്പം മുക്കുന്നവൻതന്നെ. മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!” അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങുക; ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു. പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു കൊടുത്തു; അവരെല്ലാവരും അതിൽനിന്നു പാനംചെയ്തു. അദ്ദേഹം അവരോട്, “ഇത് എന്റെ രക്തം ആകുന്നു, അനേകർക്കുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. ദൈവരാജ്യത്തിൽ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു, നിശ്ചയം” എന്നു പറഞ്ഞു. ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.