മർക്കൊസ് 13:5-9
മർക്കൊസ് 13:5-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവരോട് പറഞ്ഞുതുടങ്ങിയത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും. എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുത്. അതു സംഭവിക്കേണ്ടതു തന്നെ; എന്നാൽ അത് അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇത് ഈറ്റുനോവിന്റെ ആരംഭമത്രേ. എന്നാൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽ വച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും.
മർക്കൊസ് 13:5-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനു യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. ഞാനാകുന്നു എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ പലരും വരും. അനേകമാളുകളെ അവർ വഴിതെറ്റിക്കും. യുദ്ധങ്ങളെയും യുദ്ധത്തെപ്പറ്റിയുള്ള കിംവദന്തികളെയും കുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ പരിഭ്രമിക്കരുത്. അതു സംഭവിക്കേണ്ടതാണ്. എന്നാൽ അത് അന്ത്യമല്ല. ജനത ജനതയോടും രാഷ്ട്രം രാഷ്ട്രത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. “എന്നാൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുക; എന്തെന്നാൽ അവർ നിങ്ങളെ പിടിച്ച് സന്നദ്രിംസംഘത്തിന് ഏല്പിച്ചുകൊടുക്കും. സുനഗോഗുകളിൽവച്ച് നിങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കും. ഞാൻ നിമിത്തം ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുമ്പിൽ അവരോടു സാക്ഷ്യം വഹിക്കുന്നതിനായി നിങ്ങൾ നില്‌ക്കേണ്ടിവരും.
മർക്കൊസ് 13:5-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു അവരോട് പറഞ്ഞു തുടങ്ങിയത്: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും വഴിതെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അത് സംഭവിക്കേണ്ടത് തന്നെ; എന്നാൽ അപ്പോഴും അവസാനമായിട്ടില്ല. ജനതകൾ ജനതകളോടും രാജ്യം രാജ്യത്തോടും എതിർക്കും; പലയിടങ്ങളിലും ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതെല്ലാം ഈറ്റുനോവിന്‍റെ ആരംഭമത്രേ. എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കുകയും പള്ളികളിൽ വച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിനായി നിർത്തുകയും ചെയ്യും.
മർക്കൊസ് 13:5-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും. എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ. എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.
മർക്കൊസ് 13:5-9 സമകാലിക മലയാളവിവർത്തനം (MCV)
യേശു അവരോടു പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം. ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമവും ഉണ്ടാകും. ഇവ പ്രസവവേദനയുടെ ആരംഭംമാത്രം. “ഇനിയാണ് നിങ്ങൾ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികളായതിനാൽ, അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ എന്റെ സാക്ഷികളായി നിർത്തപ്പെടും.