മർക്കൊസ് 13:1-13

മർക്കൊസ് 13:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ദൈവാലയത്തെ വിട്ടുപോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ല്, എങ്ങനെയുള്ള പണി എന്ന് അവനോടു പറഞ്ഞു. യേശു അവനോട്: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു. പിന്നെ അവൻ ഒലിവുമലയിൽ ദൈവാലയത്തിന് നേരേ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു: അത് എപ്പോൾ സംഭവിക്കും? അതിന് എല്ലാം നിവൃത്തിവരുന്ന കാലത്തിന്റെ ലക്ഷണം എന്ത് എന്ന് ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു. യേശു അവരോട് പറഞ്ഞുതുടങ്ങിയത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും. എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുത്. അതു സംഭവിക്കേണ്ടതു തന്നെ; എന്നാൽ അത് അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇത് ഈറ്റുനോവിന്റെ ആരംഭമത്രേ. എന്നാൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽ വച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും. എന്നാൽ സുവിശേഷം മുമ്പേ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു. അവർ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്തു പറയേണ്ടൂ എന്നു മുൻകൂട്ടി വിചാരപ്പെടരുത്. ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതുതന്നെ പറവിൻ; പറയുന്നതു നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ. സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരേ എഴുന്നേറ്റ് അവരെ കൊല്ലിക്കും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.

മർക്കൊസ് 13:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ദേവാലയത്തിൽ നിന്നിറങ്ങിപ്പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ അവിടുത്തോട്, “ഗുരോ, നോക്കുക! എത്ര മനോഹരമായ കല്ലുകൾ! എത്ര സുന്ദരമായ സൗധങ്ങൾ!” എന്നു പറഞ്ഞു. യേശു ആ ശിഷ്യനോട്, “നീ കാണുന്ന ഈ മഹാസൗധങ്ങളെല്ലാം കല്ലിന്മേൽ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുകതന്നെ ചെയ്യും” എന്നു പറഞ്ഞു. യേശു ഒലിവുമലയിൽവന്ന് ദേവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയാസും രഹസ്യമായിവന്ന്, “ഇതൊക്കെയും എപ്പോഴാണു സംഭവിക്കുന്നത്? അത് അടുത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന അടയാളമെന്തായിരിക്കുമെന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു പറഞ്ഞു. അതിനു യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. ഞാനാകുന്നു എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ പലരും വരും. അനേകമാളുകളെ അവർ വഴിതെറ്റിക്കും. യുദ്ധങ്ങളെയും യുദ്ധത്തെപ്പറ്റിയുള്ള കിംവദന്തികളെയും കുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ പരിഭ്രമിക്കരുത്. അതു സംഭവിക്കേണ്ടതാണ്. എന്നാൽ അത് അന്ത്യമല്ല. ജനത ജനതയോടും രാഷ്ട്രം രാഷ്ട്രത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. “എന്നാൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുക; എന്തെന്നാൽ അവർ നിങ്ങളെ പിടിച്ച് സന്നദ്രിംസംഘത്തിന് ഏല്പിച്ചുകൊടുക്കും. സുനഗോഗുകളിൽവച്ച് നിങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കും. ഞാൻ നിമിത്തം ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുമ്പിൽ അവരോടു സാക്ഷ്യം വഹിക്കുന്നതിനായി നിങ്ങൾ നില്‌ക്കേണ്ടിവരും. അന്ത്യം വരുന്നതിനുമുമ്പ് എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്. അവർ നിങ്ങളെ അറസ്റ്റുചെയ്ത് അധികാരികളെ ഏല്പിക്കുമ്പോൾ എന്തു പറയണമെന്നോർത്ത് ആകുലപ്പെടേണ്ടതില്ല. തത്സമയം നിങ്ങൾക്കു നല്‌കപ്പെടുന്നതെന്തോ അതു പറയുക. എന്തെന്നാൽ നിങ്ങളല്ല പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുന്നത്. സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിനേല്പിക്കും. മക്കൾ മാതാപിതാക്കളോടെതിർത്ത് അവരെ കൊല്ലിക്കും. നിങ്ങൾ എന്റെ നാമം ധരിക്കുന്നതിനാൽ എല്ലാവരും നിങ്ങളെ വെറുക്കും. എന്നാൽ അവസാനത്തോളം സഹിച്ചു നില്‌ക്കുന്നവൻ രക്ഷപെടും.

മർക്കൊസ് 13:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശു ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുവൻ: “ഗുരോ, നോക്കൂ, എത്ര വിസ്മയകരമായ കല്ലുകളും പണികളും!” എന്നു അവനോടു പറഞ്ഞു. യേശു അവനോട്: നീ ഈ വലിയ പണി കാണുന്നുവോ? ഇതെല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതവണ്ണം തകർക്കപ്പെടും എന്നു പറഞ്ഞു. പിന്നെ അവൻ ഒലിവുമലയിൽ ദൈവാലയത്തിന് നേരേ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോട്: “അത് എപ്പോൾ സംഭവിക്കും? ഇതെല്ലാം സംഭവിപ്പാൻ പോകുന്നതിനുള്ള ലക്ഷണം എന്ത് എന്നു ഞങ്ങളോടു പറഞ്ഞാലും?” എന്നു ചോദിച്ചു. യേശു അവരോട് പറഞ്ഞു തുടങ്ങിയത്: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്‍റെ പേരെടുത്തു വന്നു പലരെയും വഴിതെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അത് സംഭവിക്കേണ്ടത് തന്നെ; എന്നാൽ അപ്പോഴും അവസാനമായിട്ടില്ല. ജനതകൾ ജനതകളോടും രാജ്യം രാജ്യത്തോടും എതിർക്കും; പലയിടങ്ങളിലും ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതെല്ലാം ഈറ്റുനോവിന്‍റെ ആരംഭമത്രേ. എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കുകയും പള്ളികളിൽ വച്ചു തല്ലുകയും എന്‍റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിനായി നിർത്തുകയും ചെയ്യും. എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു. അവർ നിങ്ങളെ പിടിച്ചുകൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്ത് പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുത്. ആ നാഴികയിൽ നിങ്ങൾക്ക് ലഭിക്കുന്നതു തന്നെ പറവിൻ; പറയുന്നത് നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ. സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; മക്കളും അവരുടെ മാതാപിതാക്കളുടെ നേരെ എഴുന്നേറ്റ് അവരെ കൊല്ലിക്കും. എന്‍റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും; എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിയ്ക്കപ്പെടും.

മർക്കൊസ് 13:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു. യേശു അവനോടു: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു. പിന്നെ അവൻ ഒലീവ് മലയിൽ ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു: അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും. എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ. എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും. എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു. അവർ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്തു പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുതു. ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നതു നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ. സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.

മർക്കൊസ് 13:1-13 സമകാലിക മലയാളവിവർത്തനം (MCV)

യേശു ദൈവാലയത്തിൽനിന്ന് പുറത്തേക്കു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ, “ഗുരോ, നോക്കിയാലും, എന്തൊരു കല്ല്! എങ്ങനെയുള്ള പണി!” എന്ന് അദ്ദേഹത്തോട് പറഞ്ഞു. യേശു അവനോട്, “ഇത്ര മഹത്തായ പണികൾ നീ കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും” എന്നു പറഞ്ഞു. ഇതിനുശേഷം യേശു ഒലിവുമലയിൽ ദൈവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും സ്വകാര്യമായി അദ്ദേഹത്തോട്, “എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ നിവൃത്തിയാകും എന്നതിന്റെ ലക്ഷണം എന്തായിരിക്കുമെന്ന് ഞങ്ങൾക്കു പറഞ്ഞുതന്നാലും” എന്ന് അഭ്യർഥിച്ചു. യേശു അവരോടു പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം. ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമവും ഉണ്ടാകും. ഇവ പ്രസവവേദനയുടെ ആരംഭംമാത്രം. “ഇനിയാണ് നിങ്ങൾ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികളായതിനാൽ, അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ എന്റെ സാക്ഷികളായി നിർത്തപ്പെടും. എന്നാൽ, അവസാനം വരുന്നതിനുമുമ്പായി സകലജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്. അവർ നിങ്ങളെ കൊണ്ടുപോയി കുറ്റവിചാരണയ്ക്ക് ഏൽപ്പിക്കുമ്പോൾ, അവിടെ എന്താണു പറയേണ്ടതെന്നു ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. ആ സമയത്ത് ദൈവം നിങ്ങളോടു പറയുന്നതെന്തോ അതുമാത്രം പറഞ്ഞാൽ മതി; കാരണം നിങ്ങളല്ല, പരിശുദ്ധാത്മാവാണ് നിങ്ങളിലൂടെ സംസാരിക്കുന്നത്. “സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.