മർക്കൊസ് 10:23-27

മർക്കൊസ് 10:23-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം എന്നു പറഞ്ഞു. അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്ന് ഉത്തരം പറഞ്ഞു. അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. യേശു അവരെ നോക്കി; മനുഷ്യർക്ക് അസാധ്യം തന്നെ, ദൈവത്തിന് അല്ലതാനും. ദൈവത്തിനു സകലവും സാധ്യമല്ലോ എന്നു പറഞ്ഞു.

മർക്കൊസ് 10:23-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ചുറ്റും നോക്കിയിട്ട്: “ധനവാന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്ര ദുഷ്കരം” എന്ന് ശിഷ്യന്മാരോട് അരുൾ ചെയ്തു. അവിടുത്തെ ഈ വാക്കുകൾ കേട്ട് അവർ വിസ്മയഭരിതരായി. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്രയോ പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” അവർ അത്യധികം ആശ്ചര്യപ്പെട്ട് യേശുവിനോടു ചോദിച്ചു: “അങ്ങനെയെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി.

മർക്കൊസ് 10:23-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശു ചുറ്റും നോക്കി തന്‍റെ ശിഷ്യന്മാരോട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! എന്നു പറഞ്ഞു. അവന്‍റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു. അവർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷ പ്രാപിക്കുവാൻ ആർക്ക് കഴിയും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു. യേശു അവരെ നോക്കി; മനുഷ്യരാൽ അസാദ്ധ്യം തന്നെ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.

മർക്കൊസ് 10:23-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു. അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു. അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.

മർക്കൊസ് 10:23-27 സമകാലിക മലയാളവിവർത്തനം (MCV)

യേശു ചുറ്റും നോക്കിയിട്ടു തന്റെ ശിഷ്യന്മാരോട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!” എന്നു പറഞ്ഞു. ശിഷ്യന്മാർ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് വിസ്മയിച്ചു. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം! ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.” ശിഷ്യന്മാർ അത്യധികം വിസ്മയത്തോടെ പരസ്പരം ചോദിച്ചു: “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് അങ്ങനെയല്ല; ദൈവത്തിനു സകലതും സാധ്യമാണ്” എന്നു പറഞ്ഞു.