മർക്കൊസ് 10:2-16
മർക്കൊസ് 10:2-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷനു വിഹിതമോ എന്ന് അവനെ പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു. അവൻ അവരോട്: മോശെ നിങ്ങൾക്ക് എന്തു കല്പന തന്നു എന്നു ചോദിച്ചു. ഉപേക്ഷണപത്രം എഴുതിക്കൊടുത്ത് അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്ന് അവർ പറഞ്ഞു. യേശു അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്. സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. വീട്ടിൽവച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ അവരോട്: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു. അവൻ തൊടേണ്ടതിനു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. യേശു അതു കണ്ടാറെ മുഷിഞ്ഞ് അവരോട്: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരെ അണച്ച് അവരുടെമേൽ കൈവച്ചു, അവരെ അനുഗ്രഹിച്ചു.
മർക്കൊസ് 10:2-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ പരീശന്മാർ അടുത്തുവന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?” യേശു മറുപടിയായി “മോശ കല്പിച്ചിരിക്കുന്നതെന്താണ്?” എന്നു ചോദിച്ചു. “പുരുഷൻ മോചനപത്രം എഴുതിക്കൊടുത്തിട്ട് ഭാര്യയെ ഉപേക്ഷിക്കുവാൻ മോശ അനുവദിച്ചിട്ടുണ്ട്” എന്നവർ പറഞ്ഞു. യേശു അവരോട് അരുൾചെയ്തു: “നിങ്ങൾക്ക് ഇതിലുപരി ഗ്രഹിക്കുവാൻ കഴിയാത്തതുകൊണ്ടാണ് മോശ അപ്രകാരം അനുശാസിച്ചത്. സൃഷ്‍ടിയുടെ ആരംഭത്തിൽത്തന്നെ ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു. അതിനാൽ ഒരുവൻ തന്റെ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും; അവർ ഇരുവരും ഒരു മെയ്യായിത്തീരുകയും ചെയ്യും.” അതുകൊണ്ട് അതുമുതൽ അവർ രണ്ടല്ല, ഒരു ശരീരമാകുന്നു. ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപിരിക്കരുത്. വീട്ടിൽവച്ച് ഇക്കാര്യത്തെപ്പറ്റി ശിഷ്യന്മാർ വീണ്ടും അവിടുത്തോട് ചോദിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “സ്വഭാര്യയെ ഉപേക്ഷിച്ച് വേറൊരു സ്‍ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരുവനും അവൾക്കെതിരെ വ്യഭിചാരം ചെയ്യുന്നു. ഒരു സ്‍ത്രീ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് വേറൊരുവനെ വിവാഹം ചെയ്താൽ ആ സ്‍ത്രീയും വ്യഭിചാരം ചെയ്യുന്നു.” ശിശുക്കളെ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലർ അവരെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്മാർ അവരെ ശകാരിച്ചു. അതു കണ്ടപ്പോൾ യേശു നീരസപ്പെട്ട് അവരോടു പറഞ്ഞു: “എന്റെ അടുക്കൽ വരുവാൻ ആ ശിശുക്കളെ അനുവദിക്കൂ; അവരെ വിലക്കരുത്. എന്തെന്നാൽ ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്. ഒരു ശിശു എന്നപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” പിന്നീട് ആ ശിശുക്കളെ അവിടുന്ന് ആശ്ലേഷിക്കുകയും ചെയ്തു.
മർക്കൊസ് 10:2-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ പരീശന്മാർ അടുക്കെ വന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് പുരുഷന് നിയമാനുസൃതമോ?” എന്നു അവനെ പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു. അവൻ അവരോട്: മോശെ നിങ്ങൾക്ക് എന്ത് കല്പന തന്നു? എന്നു ചോദിച്ചു. “ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചു” എന്നു അവർ പറഞ്ഞു. യേശു അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്. സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്നു ഉത്തരം പറഞ്ഞു. അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ അവരോട്: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്ക് വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു. അവൻ തൊടേണ്ടതിന് ചിലർ തങ്ങളുടെ കുട്ടികളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. യേശു അത് കണ്ടപ്പോൾ കോപത്തോടെ അവരോട്: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരിക്കലും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ കുട്ടികളെ എടുത്ത് അവരുടെ മേൽ കൈ വച്ച്, അവരെ അനുഗ്രഹിച്ചു.
മർക്കൊസ് 10:2-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു. അവൻ അവരോടു: മോശെ നിങ്ങൾക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു. ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു. യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു. *സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. *അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു. അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു. അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ. *ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.
മർക്കൊസ് 10:2-16 സമകാലിക മലയാളവിവർത്തനം (MCV)
ചില പരീശന്മാർ വന്ന്, “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി ചോദിച്ചു. അദ്ദേഹം മറുപടിയായി, “മോശ നിങ്ങളോടു കൽപ്പിച്ചത് എന്താണ്?” എന്നു ചോദിച്ചു. “വിവാഹമോചനപത്രം എഴുതിയിട്ട് ഭാര്യയെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു. അതിന് യേശു മറുപടി പറഞ്ഞത്: “നിങ്ങളുടെ പിടിവാശി നിമിത്തമാണ് മോശ ഈ കൽപ്പന നിങ്ങൾക്ക് എഴുതിത്തന്നത്. എന്നാൽ, ദൈവം സൃഷ്ടിയുടെ ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’ ‘ഇക്കാരണത്താൽ ഒരു പുരുഷൻ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും.’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.” അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ ഇതേപ്പറ്റി യേശുവിനോടു വീണ്ടും ചോദിച്ചു. അദ്ദേഹം പറഞ്ഞു: “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ ആ ഭാര്യയ്ക്ക് എതിരായി വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹംചെയ്യുന്നവളും വ്യഭിചാരം ചെയ്യുകയാണ്.” യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ ശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു. ഇതുകണ്ട് യേശു ദേഷ്യത്തോടെ, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. തുടർന്ന് അദ്ദേഹം ശിശുക്കളെ കൈകളിൽ എടുത്ത് അവരുടെമേൽ കൈവെച്ച് അവരെ അനുഗ്രഹിച്ചു.