മർക്കൊസ് 1:1-22
മർക്കൊസ് 1:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം: “ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്ക്” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു. അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം കഴിഞ്ഞു. യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു. എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല. ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്ന് അവൻ പ്രസംഗിച്ചുപറഞ്ഞു. ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽനിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു. വെള്ളത്തിൽനിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ടു: നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി. അനന്തരം ആത്മാവ് അവനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു. അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചുപോന്നു. എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു: കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു. യേശു അവരോട്: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു. ഉടനെ അവർ വല വിട്ട് അവനെ അനുഗമിച്ചു. അവിടെനിന്ന് അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു. ഉടനെ അവരെയും വിളിച്ചു; അവർ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ട് അവനെ അനുഗമിച്ചു. അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിച്ചു. അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
മർക്കൊസ് 1:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതു ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം. യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘നിനക്കുവേണ്ടി വഴി ഒരുക്കുന്നതിന് എന്റെ ദൂതനെ നിനക്കു മുമ്പായി ഞാൻ അയയ്‍ക്കും. കർത്താവിന്റെ വഴി ഒരുക്കുക; അവിടുത്തെ പാത നേരേയാക്കുക.’ എന്നു മരുഭൂമിയിൽ ഒരു അരുളപ്പാടുണ്ടായി. അങ്ങനെ യോഹന്നാൻ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട് സ്നാപനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. “നിങ്ങളുടെ പാപത്തിൽനിന്നു പിന്തിരിഞ്ഞ് സ്നാപനം സ്വീകരിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങൾക്കു മോചനം നല്‌കും” എന്ന് അദ്ദേഹം ജനത്തോടു പറഞ്ഞു. യെഹൂദ്യയിലും യെരൂശലേമിലുമുള്ള സർവജനങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുവാൻ വന്നുകൂടി. അവർ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞു; അദ്ദേഹം യോർദ്ദാൻ നദിയിൽ അവരെ സ്നാപനം ചെയ്തു. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകൽ ബെൽറ്റും യോഹന്നാൻ ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. യോഹന്നാൻ ഇപ്രകാരം പ്രഖ്യാപനം ചെയ്തു: “എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ബലമേറിയവനാണ്. കുനിഞ്ഞ് അവിടുത്തെ ചെരുപ്പ് അഴിക്കുവാൻപോലുമുള്ള യോഗ്യത എനിക്കില്ല. ഞാൻ ജലംകൊണ്ടു നിങ്ങളെ സ്നാപനം ചെയ്തിരിക്കുന്നു; അവിടുന്നാകട്ടെ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടു സ്നാപനം ചെയ്യും.” അക്കാലത്ത് യേശു ഗലീലപ്രദേശത്തെ നസറെത്തിൽനിന്നു വന്ന് യോർദ്ദാൻനദിയിൽ യോഹന്നാനിൽനിന്നു സ്നാപനം സ്വീകരിച്ചു. വെള്ളത്തിൽനിന്നു കയറിയ ഉടനെ സ്വർഗം തുറക്കുന്നതും ആത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. “നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ സംപ്രീതനായിരിക്കുന്നു” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയുമുണ്ടായി. ഉടനെതന്നെ ആത്മാവ് അവിടുത്തെ വിജനസ്ഥലത്തേക്കു നയിച്ചു. അവിടുന്ന് അവിടെ സാത്താനാൽ പരീക്ഷിക്കപ്പെട്ടുകൊണ്ട് നാല്പതു ദിവസം വന്യമൃഗങ്ങളോടുകൂടി കഴിച്ചുകൂട്ടി. മാലാഖമാർ വന്ന് അവിടുത്തെ പരിചരിച്ചുകൊണ്ടിരുന്നു. യോഹന്നാൻ കാരാഗൃഹത്തിലടയ്‍ക്കപ്പെട്ടശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം ഉദ്ഘോഷിച്ചു. “സമയം പൂർത്തിയായി; ദൈവരാജ്യം ഇതാ അടുത്തെത്തിക്കഴിഞ്ഞു! പാപത്തിൽനിന്നു പിന്തിരിഞ്ഞ് സുവിശേഷത്തിൽ വിശ്വസിക്കുക” എന്ന് അവിടുന്നു പറഞ്ഞു. ഗലീലത്തടാകത്തിന്റെ തീരത്തുകൂടി യേശു നടന്നു പോകുകയായിരുന്നു. ശിമോനും തന്റെ സഹോദരൻ അന്ത്രയാസും തടാകത്തിൽ വല വീശുന്നത് അവിടുന്ന് കണ്ടു; അവർ മീൻപിടിത്തക്കാരായിരുന്നു. യേശു അവരോട്: “എന്റെ കൂടെ വരിക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. ഉടനെതന്നെ അവർ വലയും മറ്റും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു. അവിടെനിന്നു കുറെദൂരം മുന്നോട്ടു ചെന്നപ്പോൾ യാക്കോബും അയാളുടെ സഹോദരൻ യോഹന്നാനും വഞ്ചിയിലിരുന്നു വല നന്നാക്കുന്നതു കണ്ടു. സെബദിയുടെ പുത്രന്മാരായിരുന്നു അവർ. യേശു അവരെയും വിളിച്ചു. അവരുടെ പിതാവായ സെബദിയെ കൂലിക്കാരോടുകൂടി വഞ്ചിയിൽ വിട്ടിട്ട് അവർ യേശുവിനെ അനുഗമിച്ചു. പിന്നീട് അവർ കഫർന്നഹൂമിൽ പ്രവേശിച്ചു. ശബത്തിൽ യേശു സുനഗോഗിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നു. യേശുവിന്റെ ധർമോപദേശം കേട്ടു ജനങ്ങൾ വിസ്മയിച്ചു. യെഹൂദമതപണ്ഡിതന്മാരെപ്പോലെയല്ല അധികാരത്തോടുകൂടിയത്രേ അവിടുന്ന് പ്രബോധിപ്പിച്ചത്.
മർക്കൊസ് 1:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു: “ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദം.” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു. അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു. യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു. “എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല. ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു. ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു. വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ടു. ”നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി. ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്കു പോകുവാൻ നിര്‍ബ്ബന്ധിച്ചു. അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു. എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു: കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു. യേശു അവരോട്: എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു. ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു. യേശു അവിടെനിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു. അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടു കൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു. അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു. അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
മർക്കൊസ് 1:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം: “ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു. അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം കഴിഞ്ഞു. യോഹന്നാനോ ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു. എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല. ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു. ആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു. വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു: നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു. അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു. എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു: കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശീമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു. യേശു അവരോടു: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു. ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു. അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു. ഉടനെ അവരെയും വിളിച്ചു; അവർ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു. അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു. അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.
മർക്കൊസ് 1:1-22 സമകാലിക മലയാളവിവർത്തനം (MCV)
ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ ആരംഭം: യെശയ്യാപ്രവാചകൻ തന്റെ പുസ്തകത്തിൽ, “ഇതാ ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും; അയാൾ നിനക്കു വഴിയൊരുക്കും.” എന്നും “ ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’ എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ഒരുവന്റെ ശബ്ദമാണിത്!” എന്ന് എഴുതിയിരുന്നതുപോലെ, ഈ ശബ്ദമായി യോഹന്നാൻസ്നാപകൻ വന്നു! അദ്ദേഹം മരുഭൂമിയിൽവെച്ച് ജനത്തോട്, അവർ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു. യെഹൂദ്യഗ്രാമങ്ങളിൽ എല്ലായിടത്തുനിന്നും ജെറുശലേമിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി. യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. അദ്ദേഹത്തിന്റെ പ്രസംഗം ഇതായിരുന്നു: “എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു; എന്നാൽ, അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകും.” ഏറെ താമസിക്കാതെ ഒരു ദിവസം യേശു ഗലീലാപ്രവിശ്യയിലെ നസറെത്ത് പട്ടണത്തിൽനിന്ന് യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു വന്നു. യോഹന്നാൻ അദ്ദേഹത്തെ യോർദാൻനദിയിൽ സ്നാനപ്പെടുത്തി. യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ആകാശം പിളരുന്നതും പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവരുന്നതും കണ്ടു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി. ഉടനെതന്നെ ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് നയിച്ചു. നാൽപ്പതുദിവസം അദ്ദേഹം ആ വിജനസ്ഥലത്ത് സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ഈ സമയം അദ്ദേഹം അവിടെ വന്യമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചും പോന്നു. യോഹന്നാൻസ്നാപകൻ കാരാഗൃഹത്തിലായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലയിൽ വന്നു. “സമയം പൂർത്തിയായിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; നിങ്ങളുടെ പാപങ്ങളിൽനിന്ന് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക!” എന്നിങ്ങനെയായിരുന്നു യേശുവിന്റെ പ്രസംഗം. യേശു ഗലീലാതടാകതീരത്തുകൂടി നടക്കുമ്പോൾ മീൻപിടിത്തക്കാരായ ശിമോനും സഹോദരനായ അന്ത്രയോസും തടാകത്തിൽ വലയിറക്കുന്നതു കണ്ടു. യേശു അവരോട്, “എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. അവർ അൽപ്പം മുന്നോട്ടു ചെന്നപ്പോൾ, സെബെദിയുടെ മകൻ യാക്കോബും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനും വള്ളത്തിലിരുന്ന് വല നന്നാക്കുന്നതു കണ്ടു. ഉടനെ യേശു അവരെയും വിളിച്ചു. അവർ പിതാവായ സെബെദിയെ ജോലിക്കാരോടുകൂടെ വള്ളത്തിൽ വിട്ടിട്ട് അദ്ദേഹത്തെ അനുഗമിച്ചു. യേശുവും ശിഷ്യന്മാരും കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. ശബ്ബത്തുനാളായപ്പോൾ യേശു യെഹൂദപ്പള്ളിയിൽ ചെന്ന് ഉപദേശിക്കാൻ തുടങ്ങി. ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു; കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് യേശു അവരെ ഉപദേശിച്ചത്.