മീഖാ 4:1-13

മീഖാ 4:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്ത്യകാലത്ത് യഹോവയുടെ ആലയം ഉള്ള പർവതം പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്ക് ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്ന്: വരുവിൻ, നമുക്കു യഹോവയുടെ പർവതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരേ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു. സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും. അന്നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കയും മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോൻപർവതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്കു രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്. നീയോ, ഏദെർഗോപുരമേ, സീയോൻപുത്രിയുടെ ഗിരിയേ, നിനക്കു വരും: പൂർവാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും. നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്? നിന്റെ അകത്തു രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദന പിടിപ്പാൻ എന്ത്? സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ചു നീ വിടുവിക്കപ്പെടും; അവിടെവച്ചു യഹോവ നിന്നെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കും. ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു. എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല, അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവൻ അവരെ കളത്തിൽ കൂട്ടുമല്ലോ. സീയോൻപുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരുമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകർത്തുകളകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്തു സർവഭൂമിയുടെയും കർത്താവിനും നിവേദിക്കയും ചെയ്യും.

പങ്ക് വെക്കു
മീഖാ 4 വായിക്കുക

മീഖാ 4:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവസാനനാളുകളിൽ സർവേശ്വരന്റെ മന്ദിരം സ്ഥാപിതമായിരിക്കുന്ന പർവതം തലയെടുപ്പോടെ മറ്റ് എല്ലാ പർവതങ്ങളെക്കാളും ഉയർന്നുനില്‌ക്കും. സർവജനതകളും അവിടേക്ക് ഒഴുകിച്ചെല്ലും. അനേകം ജനതകൾ പറയും: വരിക, നമുക്കു സർവേശ്വരന്റെ പർവതത്തിലേക്കു ചെല്ലാം, യാക്കോബിന്റെ ദൈവത്തിന്റെ ആലയത്തിലേക്കു പോകാം. അവിടുത്തെ പാതകളിൽ നടക്കാൻ തക്കവിധം അവിടുന്നു തന്റെ വഴികൾ നമുക്ക് ഉപദേശിക്കട്ടെ. പ്രബോധനം സീയോനിൽനിന്നും സർവേശ്വരന്റെ വചനം യെരൂശലേമിൽനിന്നുമാണല്ലോ വരുന്നത്. അനേകം ജനതകളുടെ ഇടയിൽ അവിടുന്നു ന്യായം വിധിക്കും. സുശക്തരായ വിദൂരസ്ഥജനതകൾക്ക് അവിടുന്ന് വിധികർത്താവായിരിക്കും. അവർ തങ്ങളുടെ വാൾ കൊഴുവായും കുന്തം അരിവാളായും അടിച്ചുപണിയും. ജനത ജനതയ്‍ക്കെതിരെ വാൾ ഉയർത്തുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. അവർ തങ്ങളുടെ മുന്തിരിച്ചെടിയുടെ കീഴിലും; അത്തിവൃക്ഷത്തിന്റെ കീഴിലും നിർഭയം വസിക്കും. സർവശക്തനായ സർവേശ്വരൻ ആണല്ലോ ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നത്. സകല ജനതകളും അവരവരുടെ ദേവനെ ആരാധിക്കുന്നു. നാമോ നമ്മുടെ ദൈവമായ സർവേശ്വരനെ എന്നെന്നും ഭക്തിയോടെ ആരാധിക്കും. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു മുടന്തരെയും പുറന്തള്ളപ്പെട്ടവരെയും ഞാൻ പീഡിപ്പിച്ചവരെയും ഒരുമിച്ചുകൂട്ടും. മുടന്തരെ ഞാൻ അവശേഷിപ്പിക്കുന്ന ജനതയാക്കും; ദൂരെ എറിഞ്ഞുകളയപ്പെട്ടവരെ പ്രബല ജനതയാക്കും; സർവേശ്വരൻ സീയോൻഗിരിയിൽ അവരുടെ രാജാവായി ഇന്നുമുതൽ എന്നേക്കും വാഴും.” ദൈവജനത്തിന്റെ ഗോപുരമേ, സീയോൻനിവാസികളുടെ ശൈലമേ, പണ്ടുണ്ടായിരുന്ന ആധിപത്യം-യെരൂശലേമിന്റെ രാജത്വം-നിനക്കു കൈവരും. ഇപ്പോൾ നീ എന്തിന് ഉറക്കെ കരയുന്നു? നിനക്കു രാജാവില്ലേ? നിന്റെ ഉപദേഷ്ടാവു നശിച്ചുപോയോ? ഈറ്റുനോവുള്ളവളെപ്പോലെ നീ എന്തിനു വേദനിക്കുന്നു? സീയോൻ നിവാസികളേ, ഈറ്റുനോവുള്ളവളെപ്പോലെ നിങ്ങൾ വേദനകൊണ്ടു പുളയുക; നിങ്ങൾക്കു നഗരം വിട്ടു വിജനപ്രദേശത്തു ചെന്നു പാർക്കേണ്ടിവരും. ബാബിലോണിലേക്കു പോകേണ്ടിവരും. അവിടെവച്ചു നിങ്ങൾ വിമോചിക്കപ്പെടും; അവിടെവച്ചു ശത്രുക്കളുടെ കൈയിൽനിന്നു സർവേശ്വരൻ നിങ്ങളെ വീണ്ടെടുക്കും. നിരവധി ജനതകൾ സീയോനെതിരെ ഇപ്പോൾ ഒരുമിച്ചുകൂടി പറയുന്നു: “അവൾ മലിനയായിത്തീരട്ടെ; അതുകണ്ട് നമുക്കു രസിക്കാം.” എന്നാൽ സർവേശ്വരന്റെ ഉദ്ദേശ്യങ്ങൾ അവർ അറിയുന്നില്ല; അവിടുത്തെ ആലോചനകൾ ഗ്രഹിക്കുന്നതുമില്ല; മെതിക്കളത്തിൽ കറ്റകൾ ശേഖരിക്കുന്നതുപോലെ അവിടുന്ന് അവരെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. സീയോൻനിവാസികളേ, എഴുന്നേറ്റു ശത്രുക്കളെ നശിപ്പിക്കുക; അനേകം ജനതകളെ തകർത്തു കളയുക. ഞാൻ നിങ്ങൾക്ക് ഇരുമ്പുകൊമ്പുകളും ഓടുകൊണ്ടുള്ള കുളമ്പുകളും നല്‌കും. ശത്രുക്കൾ അന്യായമായി സമ്പാദിച്ച മുതൽ നിങ്ങൾ സർവേശ്വരനു സമർപ്പിക്കും. അവരുടെ സമ്പത്ത് സർവഭൂമിയുടെയും സർവേശ്വരനു നിവേദിക്കുകയും ചെയ്യും.

പങ്ക് വെക്കു
മീഖാ 4 വായിക്കുക

മീഖാ 4:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വരും കാലങ്ങളില്‍ യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും. അനേകം വംശങ്ങളും ചെന്നു: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവിടുന്ന് നമുക്ക് തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്ക് ദൂരത്തോളം വിധി കല്പിക്കുകയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല. അവർ ഓരോരുത്തൻ സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു. സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നേക്കും നടക്കും. “ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കുകയും മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും അകന്നുപോയതിനെ മഹാജനതയാക്കുകയും യഹോവ സീയോൻ പർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്ക് രാജാവായിരിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്. “നീയോ, ഏദെർ ഗോപുരമേ, സീയോൻപുത്രിയുടെ ഗിരിയേ നിനക്കു വരും, പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും.” നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്? നിന്‍റെ അകത്ത് രാജാവില്ലയോ? നിന്‍റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്ക് വേദനപിടിക്കുന്നത് എന്ത്? സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ട് പ്രസവിക്കുക; ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ച് നീ വിടുവിക്കപ്പെടും; അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും. ‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു. എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകൾ പോലെ അവിടുന്ന് അവരെ കളത്തിൽ കൂട്ടുമല്ലോ. “സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക; ഞാൻ നിന്‍റെ കൊമ്പിനെ ഇരിമ്പും നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജനതകളെ തകർത്തുകളയുകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും നിവേദിക്കുകയും ചെയ്യും.”

പങ്ക് വെക്കു
മീഖാ 4 വായിക്കുക

മീഖാ 4:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു. സകലജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും. അന്നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കയും മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോൻപർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്കു രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു. നീയോ, ഏദെർ ഗോപുരമേ, സീയോൻപുത്രിയുടെ ഗിരിയേ, നിനക്കു വരും: പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും. നീ ഇപ്പോൾ ഇത്ര ഉറക്കെ, നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകത്തു രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദനപിടിപ്പാൻ എന്തു? സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവെച്ചു നീ വിടുവിക്കപ്പെടും; അവിടെവെച്ചു യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്നു ഉദ്ധരിക്കും. ഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവൾ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു. എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവൻ അവരെ കളത്തിൽ കൂട്ടുമല്ലോ. സീയോൻ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകർത്തുകളകയും അവരുടെ ലാഭം യഹോവെക്കും അവരുടെ സമ്പത്തു സർവ്വഭൂമിയുടെയും കർത്താവിന്നും നിവേദിക്കയും ചെയ്യും.

പങ്ക് വെക്കു
മീഖാ 4 വായിക്കുക

മീഖാ 4:1-13 സമകാലിക മലയാളവിവർത്തനം (MCV)

അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും ജനതകൾ അതിലേക്ക് ഒഴുകിയെത്തും. അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും; അടുത്തും അകലെയുമുള്ള ശക്തരായ ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല. ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലും തങ്ങളുടെ അത്തിമരത്തിൻകീഴിലും ഇരിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല, കാരണം, സൈന്യങ്ങളുടെ യഹോവ ഇത് അരുളിച്ചെയ്തിരിക്കുന്നു. സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നു; എന്നാൽ നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും. “ആ ദിവസത്തിൽ, ഞാൻ മുടന്തരെ കൂട്ടിച്ചേർക്കും; പ്രവാസികളെയും ഞാൻ ദുഃഖിപ്പിച്ചവരെയും കൂട്ടിവരുത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ മുടന്തരെ എന്റെ ശേഷിപ്പായി നിലനിർത്തും; ആട്ടിപ്പായിക്കപ്പെട്ടവരെ ശക്തിയുള്ള ജനമാക്കും. യഹോവ അന്നുമുതൽ എന്നേക്കും സീയോൻപർവതത്തിൽ അവരെ ഭരിക്കും. ആട്ടിൻകൂട്ടത്തിന്റെ കാവൽഗോപുരമേ, സീയോൻപുത്രിയുടെ സുരക്ഷിതസ്ഥാനമേ, നിന്റെ രാജ്യം പുനഃസ്ഥാപിക്കപ്പെടും; രാജത്വം ജെറുശലേം പുത്രിക്കുതന്നെ വന്നുചേരും.” നിങ്ങൾ ഇപ്പോൾ ഉറക്കെ കരയുന്നതെന്ത്? നിങ്ങൾക്കു രാജാവില്ലേ? നിങ്ങളുടെ ഭരണാധിപന്മാർ നശിച്ചുപോയോ? അതുകൊണ്ടാണോ നോവുകിട്ടിയവളെപ്പോലെ നീ വേദനപ്പെടുന്നത്? സീയോൻപുത്രീ, നോവുകിട്ടിയ സ്ത്രീയെപ്പോലെ നീ വേദനകൊണ്ട് പുളയുക. ഇപ്പോൾത്തന്നെ നീ പട്ടണംവിട്ട് തുറസ്സായസ്ഥലത്തു താമസിക്കുന്നതിനു പോകേണ്ടിവരും. നീ ബാബേലിലേക്കു പോകും; അവിടെവെച്ച് നീ മോചിക്കപ്പെടും. അവിടെ നിന്റെ ശത്രുക്കളുടെ കൈയിൽനിന്ന് യഹോവ നിന്നെ വീണ്ടെടുക്കും. എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾ നിനക്കെതിരേ കൂട്ടംകൂടിയിരിക്കുന്നു. “അവൾ അശുദ്ധയാക്കപ്പെടട്ടെ, നമ്മുടെ ദൃഷ്ടികൾ സീയോനെക്കണ്ടു രസിക്കട്ടെ!” എന്ന് അവർ പറയുന്നു. എന്നാൽ, യഹോവയുടെ വിചാരങ്ങൾ അവർ അറിയുന്നില്ല; മെതിക്കളത്തിലേക്കു കറ്റയെന്നപോലെ അവരെ ശേഖരിക്കുന്ന അവിടത്തെ വഴികൾ അവർ ഗ്രഹിക്കുന്നതുമില്ല. “സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക, ഞാൻ നിനക്ക് ഇരുമ്പിൻ കൊമ്പുകളും വെള്ളോട്ടിൻ കുളമ്പുകളും നൽകും. നീ അനേകം രാഷ്ട്രങ്ങളെ തകർത്തുകളയും.” അവർ അവിഹിതമായി സമ്പാദിച്ചതു യഹോവയ്ക്കും അവരുടെ സമ്പത്തു സകലഭൂമിയുടെയും കർത്താവിനും അർപ്പിക്കും.

പങ്ക് വെക്കു
മീഖാ 4 വായിക്കുക