മീഖാ 1:2-8

മീഖാ 1:2-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സകല ജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവ്, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ. യഹോവ തന്റെ സ്ഥലത്തുനിന്നു പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്‌വരകൾ പിളർന്നുപോകയും ചെയ്യുന്നു. ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദായുടെ പൂജാഗിരികൾ ഏവ? യെരൂശലേം അല്ലയോ? അതുകൊണ്ടു ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ല് താഴ്‌വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും. അതിലെ സകല വിഗ്രഹങ്ങളും തകർന്നുപോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനം കൊണ്ടല്ലോ അവൾ അതു സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും. അതുകൊണ്ടു ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.

പങ്ക് വെക്കു
മീഖാ 1 വായിക്കുക

മീഖാ 1:2-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജനതകളേ, കേൾക്കുവിൻ, ഭൂമിയും അതിലുള്ള സമസ്തവുമേ, ശ്രദ്ധിക്കുവിൻ; സർവേശ്വരനായ കർത്താവ് അവിടുത്തെ വിശുദ്ധമന്ദിരത്തിൽനിന്നു നിങ്ങൾക്ക് എതിരെ സാക്ഷ്യം വഹിക്കട്ടെ. സർവേശ്വരൻ അവിടുത്തെ വിശുദ്ധസ്ഥലത്തുനിന്നു വരുന്നു, അവിടുന്ന് ഇറങ്ങിവന്ന് ഭൂമിയുടെ ഉന്നതസ്ഥലങ്ങളിൽ നടക്കുന്നു. അപ്പോൾ തീയുടെ മുമ്പിൽ മെഴുകെന്നപോലെ അവിടുത്തെ കാൽക്കീഴിൽ പർവതങ്ങൾ ഉരുകും. അവ മലഞ്ചരുവിലൂടെ ഒഴുകുന്ന വെള്ളംപോലെ താഴ്‌വരകളിലേക്ക് ഒഴുകും. യാക്കോബ്‍വംശജരുടെ അതിക്രമവും ഇസ്രായേൽഗൃഹത്തിന്റെ പാപങ്ങളും നിമിത്തമാണ് ഇവയെല്ലാം സംഭവിക്കുന്നത്. യാക്കോബുവംശജരുടെ അതിക്രമം എന്താണ്? അത് ശമര്യ അല്ലേ? യെഹൂദ്യയുടെ പാപം എന്താണ്? അത് യെരൂശലേം അല്ലേ? അതുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ ശമര്യയെ വെളിമ്പ്രദേശത്തെ പാഴ്കൂനപോലെയും മുന്തിരി നടാനുള്ള സ്ഥലംപോലെയും ആക്കും. അതിലെ കല്ലുകൾ താഴ്‌വരയിലേക്ക് ഉരുട്ടിക്കളയും; ശമര്യയുടെ അടിത്തറ ഞാൻ പൊളിച്ചുകളയും. അവളുടെ അമൂല്യവിഗ്രഹങ്ങൾ തച്ചുടയ്‍ക്കും. അവൾക്കു ലഭിച്ച വേതനമെല്ലാം ചുട്ടെരിക്കും. അവളുടെ സമസ്തവിഗ്രഹങ്ങളും നശിപ്പിക്കും. വേശ്യാവൃത്തിക്കുള്ള വേതനമായിട്ടാണല്ലോ ശമര്യ അവ നേടിയത്; അവ വീണ്ടും വേശ്യയുടെ കൂലിയായിത്തീരും.” മീഖാ പറഞ്ഞു: “ഇതു നിമിത്തം ഞാൻ വിലപിച്ചു കരയും. ഞാൻ ചെരുപ്പും വസ്ത്രവും കൂടാതെ നടക്കും. ഞാൻ കുറുനരികളെപ്പോലെ ഓലിയിടും. ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും.

പങ്ക് വെക്കു
മീഖാ 1 വായിക്കുക

മീഖാ 1:2-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; യഹോവയായ കർത്താവ്, തന്‍റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവ് തന്നെ, നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ. യഹോവ തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. തീയുടെ മുമ്പിൽ മെഴുകുപോലെയും മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്‍റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. ഇതൊക്കെയും യാക്കോബിന്‍റെ അതിക്രമംനിമിത്തവും യിസ്രായേൽ ഗൃഹത്തിന്‍റെ പാപങ്ങൾനിമിത്തവുമാകുന്നു. യാക്കോബിന്‍റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദായുടെ പൂജാഗിരികൾ ഏവ? യെരൂശലേം അല്ലയോ? അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്‍റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും അതിന്‍റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും. അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും; അതിന്‍റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും; അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും. അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.

പങ്ക് വെക്കു
മീഖാ 1 വായിക്കുക

മീഖാ 1:2-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ. യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്‌വരകൾ പിളർന്നുപോകയും ചെയ്യുന്നു. ഇതൊക്കെയും യാക്കോബിന്റെ അതിക്രമംനിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾനിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ? യെരൂശലേം അല്ലയോ? അതുകൊണ്ടു ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ലു താഴ്‌വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും. അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും; അതിന്റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവൾ അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും. അതുകൊണ്ടു ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.

പങ്ക് വെക്കു
മീഖാ 1 വായിക്കുക

മീഖാ 1:2-8 സമകാലിക മലയാളവിവർത്തനം (MCV)

സകലജനങ്ങളുമേ, കേൾക്കുക, ഭൂമിയും അതിലെ സകലനിവാസികളും ഇതു ശ്രദ്ധിക്കുക, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ്, യഹോവയായ കർത്താവുതന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിക്കുന്നു. നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു; അവിടന്ന് പുറപ്പെട്ട് ഭൂമിയുടെ ഉന്നതങ്ങളിൽ കാലടികൾ ഉറപ്പിക്കുന്നു. തീയിൽ മെഴുകുപോലെയും മലഞ്ചെരിവിൽ വെള്ളം പാഞ്ഞൊഴുകുന്നതുപോലെയും അവിടത്തെ ചവിട്ടടിയിൽ പർവതങ്ങൾ ഉരുകിപ്പോകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും ഇസ്രായേൽജനത്തിന്റെ പാപങ്ങൾനിമിത്തവും ഇതെല്ലാം സംഭവിച്ചു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യ അല്ലയോ അതിന്റെ തലസ്ഥാനം? യെഹൂദയുടെ ക്ഷേത്രങ്ങൾ എവിടെ? ജെറുശലേം അല്ലയോ അതിന്റെ കേന്ദ്രം? “അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും മുന്തിരി നടുന്ന നിലംപോലെയും ആക്കും. ഞാൻ അവളുടെ കല്ലുകളെ താഴ്വരയിലേക്ക് എറിയും അവളുടെ അടിസ്ഥാനങ്ങൾ ശൂന്യമാക്കും. അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും; അവളുടെ സമ്മാനങ്ങളെല്ലാം അഗ്നിയിൽ ദഹിപ്പിക്കപ്പെടും; ഞാൻ അവളുടെ എല്ലാ വിഗ്രഹങ്ങളെയും നശിപ്പിക്കും. വേശ്യകളുടെ കൂലിയിൽനിന്ന് അവൾ തന്റെ സമ്മാനങ്ങൾ ശേഖരിച്ചതുകൊണ്ട്, വേശ്യകളുടെ കൂലിയായിത്തന്നെ അതു വീണ്ടും ചെലവഴിക്കപ്പെടും.” ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും; ഞാൻ നഗ്നപാദനായും വിവസ്ത്രനായും നടക്കും. ഞാൻ കുറുക്കനെപ്പോലെ ഓരിയിടും ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും.

പങ്ക് വെക്കു
മീഖാ 1 വായിക്കുക