മത്തായി 9:9-17

മത്തായി 9:9-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്ന് അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു. അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അതു കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു. യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്ക് ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും. കോടിത്തുണിക്കണ്ടം ആരും പഴയവസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായിത്തീരും. പുതുവീഞ്ഞ് പഴയതുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയതുരുത്തിയിലേ പകർന്നു വയ്ക്കയുള്ളൂ; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.

പങ്ക് വെക്കു
മത്തായി 9 വായിക്കുക

മത്തായി 9:9-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു അവിടെനിന്നു യാത്ര തുടർന്നപ്പോൾ മത്തായി എന്ന ചുങ്കംപിരിവുകാരൻ തന്റെ ജോലിസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. അയാൾ എഴുന്നേറ്റ് അവിടുത്തെ പിന്നാലെ ചെന്നു. യേശു അയാളുടെ വീട്ടിൽ ചെന്നു ഭക്ഷണം കഴിക്കാനിരുന്നു. അനേകം ചുങ്കക്കാരും മതകാര്യങ്ങളിൽ നിഷ്ഠയില്ലാത്തവരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു. പരീശന്മാർ ഇതു കണ്ടിട്ടു ശിഷ്യന്മാരോട്: “നിങ്ങളുടെ ഗുരു ഇങ്ങനെയുള്ളവരോടു കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നത് എന്താണ്?” എന്നു ചോദിച്ചു. അതു കേട്ടപ്പോൾ യേശു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. ‘ബലിയല്ല, സ്നേഹമാണു ഞാൻ ആഗ്രഹിക്കുന്നത്’ എന്നു പറയുന്നതിന്റെ അർഥം എന്താണെന്നു നിങ്ങൾ പോയി പഠിക്കുക; പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ വിളിക്കുവാനാണു ഞാൻ വന്നിരിക്കുന്നത്.” അപ്പോൾ യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനെ സമീപിച്ചു ചോദിച്ചു: “ഞങ്ങളും പരീശന്മാരും ഉപവസിക്കുന്നുണ്ടല്ലോ. എന്നാൽ അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?” യേശു ഇങ്ങനെ മറുപടി പറഞ്ഞു: “മണവാളൻ കൂടെയുള്ളപ്പോൾ തോഴന്മാർക്ക് ഉപവസിക്കുവാൻ സാധിക്കുമോ? എന്നാൽ മണവാളൻ അവരിൽനിന്നു മാറ്റപ്പെടുന്ന സമയംവരും. അപ്പോൾ അവർ ഉപവസിക്കും. “പഴയ വസ്ത്രത്തിൽ കോടിത്തുണിക്കഷണം ചേർത്ത് ആരും തുന്നുക പതിവില്ല. അങ്ങനെ ചെയ്താൽ പുതിയ തുണിക്കഷണം പഴയ വസ്ത്രത്തിൽനിന്നു വലിഞ്ഞു, കീറൽ വലുതാകുകയേ ഉള്ളൂ. പുതിയ വീഞ്ഞു പഴയ തുകൽക്കുടത്തിൽ ആരെങ്കിലും പകർന്നു വയ്‍ക്കുമോ? അങ്ങനെ ചെയ്താൽ തുകൽക്കുടം പൊട്ടി വീഞ്ഞ് ഒഴുകിപ്പോകും; തുകൽക്കുടം നഷ്ടപ്പെടുകയും ചെയ്യും. പുതുവീഞ്ഞു പുതിയ തുകൽക്കുടത്തിലാണു പകർന്നു വയ്‍ക്കുന്നത്; അപ്പോൾ രണ്ടും ഭദ്രമായിരിക്കും.”

പങ്ക് വെക്കു
മത്തായി 9 വായിക്കുക

മത്തായി 9:9-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശു അവിടെനിന്ന് പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതി പിരിക്കുന്ന സ്ഥലത്ത് ഇരിക്കുന്നത് കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു. അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ നികുതി പിരിവുകാരും പാപികളും വന്നു യേശുവിനോടും അവന്‍റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അത് കണ്ടു അവന്‍റെ ശിഷ്യന്മാരോട്: “നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത്?“ എന്നു ചോദിച്ചു. യേശു അത് കേട്ടപ്പോൾ: രോഗികൾക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നത് എന്താണ് അർത്ഥമാക്കുന്നത് എന്നു പോയി പഠിപ്പിൻ; ഞാൻ നീതിമാന്മാരെ അല്ല പാപികളെ മാനസാന്തരത്തിനായി വിളിക്കുവാൻ അത്രേ വന്നത് എന്നു പറഞ്ഞു. പിന്നീട് യോഹന്നാന്‍റെ ശിഷ്യന്മാർ യേശുവിന്‍റെ അടുക്കൽ വന്നു: “ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്‍റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത്?“ എന്നു ചോദിച്ചു. യേശു അവരോട് പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ വിവാഹ പരിചാരകർക്ക് ദുഃഖിപ്പാൻ കഴിയുമോ? മണവാളൻ അവരിൽനിന്ന് പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും. പുതിയ തുണി കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; കീറൽ ഏറ്റവും വല്ലാതെയായി തീരും. പുതുവീഞ്ഞ് പഴയ തുരുത്തിയിൽ പകരുമോ, ഒരിക്കലുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയ തുരുത്തിയിലേ പകർന്നു വെയ്ക്കുകയുള്ളൂ; അങ്ങനെ രണ്ടും സുരക്ഷിതമായിരിക്കും.

പങ്ക് വെക്കു
മത്തായി 9 വായിക്കുക

മത്തായി 9:9-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു. അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു. യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും. കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും. പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.

പങ്ക് വെക്കു
മത്തായി 9 വായിക്കുക

മത്തായി 9:9-17 സമകാലിക മലയാളവിവർത്തനം (MCV)

യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു. മത്തായി എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു. പിന്നീടൊരിക്കൽ യേശു മത്തായിയുടെ ഭവനത്തിൽ, വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും ഉണ്ടായിരുന്നു. ഇതുകണ്ട പരീശന്മാർ യേശുവിന്റെ ശിഷ്യന്മാരോട്, “നിങ്ങളുടെ ഗുരു നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു. ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം എന്തെന്നു നിങ്ങൾ പോയി പഠിക്കുക. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. അപ്പോൾ യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ വന്ന് യേശുവിനോട്, “ഞങ്ങളും പരീശന്മാരും പലപ്പോഴും ഉപവസിക്കുന്നു; എന്നാൽ, അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് വിലപിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അപ്പോൾ അവർ ഉപവസിക്കും. “ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ ആ തുണ്ട് ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ ആ തുകൽക്കുടങ്ങൾ പൊട്ടി വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. അവർ പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിൽത്തന്നെ പകർന്നുവെക്കുന്നു. അപ്പോൾ രണ്ടും ഭദ്രമായിരിക്കും.”

പങ്ക് വെക്കു
മത്തായി 9 വായിക്കുക