മത്തായി 9:18-22

മത്തായി 9:18-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്ന് അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നെ കഴിഞ്ഞുപോയി; എങ്കിലും നീ വന്ന് അവളുടെമേൽ കൈ വച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു. യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു. അന്നു പന്ത്രണ്ട് സംവത്സരമായിട്ടു രക്തസ്രവമുള്ളൊരു സ്ത്രീ: അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്ന് ഉള്ളംകൊണ്ട് പറഞ്ഞു, പിറകിൽ വന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു. യേശു തിരിഞ്ഞ് അവളെ കണ്ടപ്പോൾ: മകളേ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്ക് സൗഖ്യം വന്നു.

പങ്ക് വെക്കു
മത്തായി 9 വായിക്കുക

മത്തായി 9:18-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു യെഹൂദപ്രമാണി വന്ന് അവിടുത്തെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ മകൾ ഇതാ ഇപ്പോൾ മരിച്ചുപോയി. അങ്ങുവന്ന് അവളുടെമേൽ കൈകൾ വയ്‍ക്കുകയാണെങ്കിൽ അവൾ വീണ്ടും ജീവൻ പ്രാപിക്കും.” ഉടനെ യേശു എഴുന്നേറ്റ് അയാളുടെ കൂടെ പോയി. ശിഷ്യന്മാരും അദ്ദേഹത്തെ അനുഗമിച്ചു. പന്ത്രണ്ടു വർഷമായി രക്തസ്രാവരോഗം പിടിപെട്ടു കഷ്ടപ്പെട്ടിരുന്ന ഒരു സ്‍ത്രീ ആ സമയത്ത് യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രാഞ്ചലത്തിൽതൊട്ടു. അവിടുത്തെ വസ്ത്രത്തിൽ തൊടുകയെങ്കിലും ചെയ്താൽ തന്റെ രോഗം സുഖപ്പെടുമെന്ന് അവർ വിചാരിച്ചു. യേശു തിരിഞ്ഞ് ആ സ്‍ത്രീയെ നോക്കിക്കൊണ്ട്, “മകളേ, ധൈര്യപ്പെടുക! നിന്റെ വിശ്വാസം നിനക്കു പൂർണസുഖം വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ സ്‍ത്രീ സുഖം പ്രാപിക്കുകയും ചെയ്തു.

പങ്ക് വെക്കു
മത്തായി 9 വായിക്കുക

മത്തായി 9:18-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശു ഇങ്ങനെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്‍റെ മകൾ ഇപ്പോൾ തന്നെ മരിച്ചുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു. യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്‍റെ കൂടെ ചെന്നു. ആ സമയത്ത് പന്ത്രണ്ടു വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ: അവന്‍റെ വസ്ത്രം മാത്രം ഒന്ന് തൊട്ടാൽ എനിക്ക് സൗഖ്യം വരും എന്നു ഉള്ളിൽ പറഞ്ഞു, പിറകിൽ വന്നു അവന്‍റെ വസ്ത്രത്തിൽ തൊട്ടു. യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു; ക്ഷണത്തിൽ ആ സ്ത്രീക്ക് സൗഖ്യം വന്നു.

പങ്ക് വെക്കു
മത്തായി 9 വായിക്കുക

മത്തായി 9:18-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു. യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു. അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ: അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു. യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൗഖ്യം വന്നു.

പങ്ക് വെക്കു
മത്തായി 9 വായിക്കുക

മത്തായി 9:18-22 സമകാലിക മലയാളവിവർത്തനം (MCV)

യേശു ഇങ്ങനെ സംവദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യെഹൂദപ്പള്ളിമുഖ്യൻ അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “എന്റെ മകൾ ഇപ്പോൾ മരിച്ചുപോയി. അങ്ങ് വന്ന് അവളുടെമേൽ കൈവെക്കണമേ; എന്നാൽ അവൾ ജീവിക്കും” എന്നു പറഞ്ഞു. യേശു എഴുന്നേറ്റ് അയാളോടൊപ്പം പോയി; ശിഷ്യന്മാരും അനുഗമിച്ചു. അപ്പോൾത്തന്നെ, പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ യേശുവിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു. “അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിലെങ്കിലും തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും,” എന്ന് അവൾ ഉള്ളിൽ പറഞ്ഞിരുന്നു. യേശു തിരിഞ്ഞ് അവളെ നോക്കി, “മോളേ, ധൈര്യമായിരിക്കൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷംമുതൽ അവൾ സൗഖ്യമുള്ളവളായിത്തീർന്നു.

പങ്ക് വെക്കു
മത്തായി 9 വായിക്കുക