മത്തായി 8:28-34
മത്തായി 8:28-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അക്കരെ ഗദരേനരുടെ ദേശത്ത് എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽനിന്നു പുറപ്പെട്ട് അവന് എതിരേ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടന്നുകൂടാഞ്ഞു. അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങൾ അവനോട്: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം എന്ന് അപേക്ഷിച്ചു. പൊയ്ക്കൊൾവിൻ എന്ന് അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞ് വെള്ളത്തിൽ മുങ്ങി ചത്തു. മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്ന് സകലവും ഭൂതഗ്രസ്തരുടെ വസ്തുതയും അറിയിച്ചു. ഉടനെ പട്ടണം എല്ലാം പുറപ്പെട്ട് യേശുവിന് എതിരേ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടുപോകേണമെന്ന് അപേക്ഷിച്ചു.
മത്തായി 8:28-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തടാകത്തിന്റെ അക്കരെ ഗദരേനരുടെ ദേശത്ത് യേശു എത്തിയപ്പോൾ ഭൂതാവിഷ്ടരായ രണ്ടുപേർ കല്ലറകളിൽനിന്നു പുറപ്പെട്ട് അവിടുത്തെ നേരെ വന്നു. ആർക്കും അതുവഴി കടന്നുപോകാൻ കഴിയാത്തവിധം അവർ അത്യുഗ്രന്മാരായിരുന്നു. ‘ദൈവപുത്രാ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? സമയത്തിനു മുമ്പ് ഞങ്ങളെ ദണ്ഡിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്?” എന്ന് അവർ അത്യുച്ചത്തിൽ ചോദിച്ചു. കുറെ അകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “അങ്ങു ഞങ്ങളെ പുറത്താക്കുകയാണെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും” എന്ന് ഭൂതങ്ങൾ അപേക്ഷിച്ചു. “പൊയ്‍ക്കൊള്ളുക” എന്ന് അവിടുന്ന് പറഞ്ഞു. ഭൂതങ്ങൾ അവരെ വിട്ട് ആ പന്നികളിൽ കടന്നുകൂടി. പെട്ടെന്ന് ആ പന്നികൾ കടുംതൂക്കായ ചരിവിലൂടെ വിരണ്ടോടി തടാകത്തിൽ വീണു മുങ്ങിച്ചത്തു. അവയെ മേയിച്ചിരുന്നവർ പട്ടണത്തിലേക്ക് ഓടിപ്പോയി, സംഭവിച്ച കാര്യങ്ങൾ സമസ്തവും ഭൂതാവിഷ്ടരുടെ കഥയും എല്ലാവരോടും പറഞ്ഞു. അപ്പോൾ പട്ടണവാസികൾ ആസകലം യേശുവിനെ കാണുവാൻ ചെന്നു. അവിടുത്തെ കണ്ടപ്പോൾ തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അവർ അപേക്ഷിച്ചു.
മത്തായി 8:28-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ അക്കരെ ഗദരേന്യരുടെ ദേശത്തു എത്തിയപ്പോൾ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവനു എതിരെ വന്നു; അവർ അക്രമാസക്തർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടക്കുവാൻ കഴിഞ്ഞിരുന്നില്ല. അവർ അവനോട് നിലവിളിച്ചു: “ദൈവപുത്രാ, ഞങ്ങൾക്ക് നിനക്കുമായിട്ട് എന്ത് കാര്യം? നിശ്ചയിച്ച സമയത്തിനു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ“ എന്നു നിലവിളിച്ച് പറഞ്ഞു. അവിടെ അല്പം ദൂരത്തായി ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങൾ അവനോട്: “നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം“ എന്നു അപേക്ഷിച്ചു. പൊയ്ക്കൊൾവിൻ എന്നു അവൻ അവരോട് പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്ക് ചെന്നു; ആ കൂട്ടം എല്ലാം കുത്തനെയുള്ള മലയിറങ്ങി കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു. മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു ഭൂതഗ്രസ്തർക്ക് സംഭവിച്ചത് ഒക്കെയും അറിയിച്ചു. ഉടനെ പട്ടണത്തിലുള്ളവരെല്ലാം പുറപ്പെട്ട് യേശുവിനെ കാണുവാൻ ചെന്നു; അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടു പോകണമെന്ന് അപേക്ഷിച്ചു.
മത്തായി 8:28-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു. അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു. മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു. ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.
മത്തായി 8:28-34 സമകാലിക മലയാളവിവർത്തനം (MCV)
യേശു തടാകത്തിനക്കരെ ഗെരസേന്യരുടെ ദേശത്ത് എത്തിയപ്പോൾ, ഭൂതം ബാധിച്ച രണ്ടുപേർ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. ആർക്കുംതന്നെ ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം അവർ അക്രമകാരികൾ ആയിരുന്നു. അവർ അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, “ദൈവപുത്രാ, അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ന്യായവിധിദിവസത്തിനുമുമ്പേ ഞങ്ങളെ ദണ്ഡിപ്പിക്കാനാണോ അങ്ങ് ഇവിടെ വന്നത്?” എന്നു ചോദിച്ചു. അവരിൽനിന്ന് കുറെ അകലെയായി വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ദുരാത്മാക്കൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ” എന്നു യാചിച്ചു. “പുറത്തുപോകൂ!” യേശു അവരോട് ആജ്ഞാപിച്ചു. ഭൂതങ്ങൾ പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ആ പന്നിക്കൂട്ടമെല്ലാം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് വെള്ളത്തിൽ മുങ്ങിച്ചത്തു. പന്നികളെ മേയിക്കുന്നവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന്, ഭൂതബാധിതർക്കു സംഭവിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം പട്ടണനിവാസികളെ അറിയിച്ചു. അവരെല്ലാം ഉടൻതന്നെ യേശുവിനെ കാണാൻ പുറപ്പെട്ടു; അവർ അദ്ദേഹത്തെ കണ്ടു; തങ്ങളുടെദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.