മത്തായി 8:1-4
മത്തായി 8:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ മലയിൽനിന്ന് ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു. അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവനെ നമസ്കരിച്ച് കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി. യേശു അവനോട്: നോക്കൂ, ആരോടും പറയരുത്; അവർക്കു സാക്ഷ്യത്തിനായി നീ ചെന്നു നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
മത്തായി 8:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മലയിൽ നിന്നിറങ്ങി വന്നപ്പോൾ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: “കർത്താവേ അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തി ശുദ്ധനാക്കുവാൻ കഴിയും.” യേശു കൈനീട്ടി ആ രോഗിയെ തൊട്ടുകൊണ്ട്: “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. തൽക്ഷണം കുഷ്ഠരോഗം അയാളെ വിട്ടുമാറി. യേശു അയാളോട്, “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാൽ നീ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുത്തിട്ട് മോശ കല്പിച്ചിട്ടുള്ള വഴിപാട് അർപ്പിക്കണം. അങ്ങനെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുക” എന്നു പറഞ്ഞു.
മത്തായി 8:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ വളരെ പുരുഷാരം അവനെ പിന്തുടർന്നു. അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു: “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും“ എന്നു പറഞ്ഞു. യേശു കൈ നീട്ടി അവനെ തൊട്ടു:എനിക്ക് മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധനായി. യേശു അവനോട്: നോക്കൂ, ഇത് നീ ആരോടും പറയരുത്; എന്നാൽ പുരോഹിതന്മാർക്കു സാക്ഷ്യത്തിനായി നീ ചെന്നു നിന്നെത്തന്നെ അവർക്ക് കാണിച്ചു, മോശെ കല്പിച്ച വഴിപാട് കഴിക്ക എന്നു പറഞ്ഞു.
മത്തായി 8:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു. അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി. യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
മത്തായി 8:1-4 സമകാലിക മലയാളവിവർത്തനം (MCV)
യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു. ഒരു കുഷ്ഠരോഗി അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നു പറഞ്ഞു. യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി. തുടർന്ന് യേശു അവനോട്, “നോക്കൂ, ഇത് ആരോടും പറയരുത്; എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.