മത്തായി 6:9-18

മത്തായി 6:9-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ ഇവ്വണ്ണം പ്രാർഥിപ്പിൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും നിനക്കുള്ളതല്ലോ. നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിനു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിനു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക

മത്തായി 6:9-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ടു നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം സംപൂജിതമാകണമേ; അവിടുത്തെ രാജ്യം വരണമേ; തിരുഹിതം സ്വർഗത്തിലെപോലെ ഭൂമിയിലും നിറവേറണമേ; നിത്യവുമുള്ള ആഹാരം ഇന്നു ഞങ്ങൾക്കു നല്‌കണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ അവിടുന്നു ഞങ്ങളോടും ക്ഷമിക്കണമേ; കഠിനപരീക്ഷണത്തിൽ ഞങ്ങൾ അകപ്പെടുവാൻ ഇടയാക്കരുതേ, ദുഷ്ടനിൽനിന്നു ഞങ്ങളെ കാത്തുരക്ഷിക്കണമേ; രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങേക്കുള്ളതാണല്ലോ. ആമേൻ. “അന്യരുടെ അപരാധങ്ങൾ അവരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും; എന്നാൽ മറ്റുള്ളവരുടെ പിഴകൾ നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിഴകളും നിങ്ങളുടെ പിതാവു ക്ഷമിക്കുകയില്ല. “നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തരെപ്പോലെ മ്ലാനമുഖരാകരുത്. തങ്ങൾ ഉപവസിക്കുന്നു എന്നുള്ളതു മനുഷ്യർ കാണുന്നതിനുവേണ്ടി അവർ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവർക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഊന്നിപ്പറയുന്നു. നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക. അങ്ങനെ ചെയ്താൽ അദൃശ്യനായ പിതാവല്ലാതെ, നിങ്ങൾ ഉപവസിക്കുകയാണെന്നുള്ളത് മറ്റാരും അറിയുകയില്ല; രഹസ്യകാര്യങ്ങൾ കാണുന്ന പിതാവു നിങ്ങൾക്കു പ്രതിഫലം നല്‌കും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക

മത്തായി 6:9-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങേയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; അങ്ങേയുടെ രാജ്യം വരേണമേ; അങ്ങേയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേ; ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെയും ഞങ്ങളോടു ക്ഷമിക്കേണമേ; പരീക്ഷകളിൽ ഞങ്ങൾ അകപ്പെടാതെ, ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങേയ്ക്കുള്ളതല്ലോ. നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിയ്ക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളോടും പിഴകളെ ക്ഷമിക്കയില്ല. വിശേഷിച്ചും നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തിക്കാർ ചെയ്യുന്നതുപോലെ വിഷാദമായ മുഖം കാണിക്കരുത്; എന്തെന്നാൽ അവർ ഉപവസിക്കുന്നു എന്നു മനുഷ്യരെ കാണിക്കേണ്ടതിന് അവരുടെ മുഖത്തെ വിരൂപമാക്കുന്നു; അവർക്ക് പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്നാൽ നീയോ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേച്ച് മുഖം കഴുകുക. എങ്കിൽ നിന്‍റെ ഉപവാസം മനുഷ്യരല്ല രഹസ്യത്തിലുള്ള നിന്‍റെ പിതാവ് കാണുകയും നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക

മത്തായി 6:9-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക

മത്തായി 6:9-18 സമകാലിക മലയാളവിവർത്തനം (MCV)

“അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ, അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും. അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ. ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ, ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’ നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും. എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല. “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു. എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക. അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക