മത്തായി 6:5-34
മത്തായി 6:5-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിനു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. പ്രാർഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്. അവരോടു തുല്യരാകരുത്; നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ യാചിക്കുംമുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ. നിങ്ങൾ ഇവ്വണ്ണം പ്രാർഥിപ്പിൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും നിനക്കുള്ളതല്ലോ. നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിനു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിനു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും. പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. ശരീരത്തിന്റെ വിളക്ക് കണ്ണ് ആകുന്നു; കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. കണ്ണ് കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്ര വലിയത്! രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാൻ കഴികയില്ല. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നത്: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവമഹത്ത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത്. ഈ വകയൊക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. അതുകൊണ്ടു നാളേക്കായി വിചാരപ്പെടരുത്; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന് അന്നന്നത്തെ ദോഷം മതി.
മത്തായി 6:5-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടഭക്തന്മാരെ അനുകരിക്കരുത്; മനുഷ്യർ കാണുന്നതിനുവേണ്ടി സുനഗോഗുകളിലും വഴിക്കവലകളിലും നിന്നുകൊണ്ടു പ്രാർഥിക്കുവാൻ അവർ ഇഷ്ടപ്പെടുന്നുവല്ലോ. അവർക്കു പ്രതിഫലം പൂർണമായി കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങളുടെ രഹസ്യമുറിയിൽ പ്രവേശിച്ചു വാതിൽ അടച്ച് അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാർഥിക്കുക; അപ്പോൾ രഹസ്യമായി ചെയ്യുന്നതെന്തും കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നല്‌കും. “അതിഭാഷണംകൊണ്ട് തങ്ങളുടെ പ്രാർഥന ദൈവം കേൾക്കുമെന്നു വിജാതീയർ വിചാരിക്കുന്നു. നിങ്ങളുടെ പ്രാർഥന അങ്ങനെയാകരുത്. അവരുടെ പ്രാർഥന നിരർഥകങ്ങളായ വാക്കുകളുടെ കൂമ്പാരമാണല്ലോ. നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ പ്രാർഥിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ് അറിയുന്നു. അതുകൊണ്ടു നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം സംപൂജിതമാകണമേ; അവിടുത്തെ രാജ്യം വരണമേ; തിരുഹിതം സ്വർഗത്തിലെപോലെ ഭൂമിയിലും നിറവേറണമേ; നിത്യവുമുള്ള ആഹാരം ഇന്നു ഞങ്ങൾക്കു നല്‌കണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ അവിടുന്നു ഞങ്ങളോടും ക്ഷമിക്കണമേ; കഠിനപരീക്ഷണത്തിൽ ഞങ്ങൾ അകപ്പെടുവാൻ ഇടയാക്കരുതേ, ദുഷ്ടനിൽനിന്നു ഞങ്ങളെ കാത്തുരക്ഷിക്കണമേ; രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങേക്കുള്ളതാണല്ലോ. ആമേൻ. “അന്യരുടെ അപരാധങ്ങൾ അവരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും; എന്നാൽ മറ്റുള്ളവരുടെ പിഴകൾ നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിഴകളും നിങ്ങളുടെ പിതാവു ക്ഷമിക്കുകയില്ല. “നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തരെപ്പോലെ മ്ലാനമുഖരാകരുത്. തങ്ങൾ ഉപവസിക്കുന്നു എന്നുള്ളതു മനുഷ്യർ കാണുന്നതിനുവേണ്ടി അവർ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവർക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഊന്നിപ്പറയുന്നു. നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക. അങ്ങനെ ചെയ്താൽ അദൃശ്യനായ പിതാവല്ലാതെ, നിങ്ങൾ ഉപവസിക്കുകയാണെന്നുള്ളത് മറ്റാരും അറിയുകയില്ല; രഹസ്യകാര്യങ്ങൾ കാണുന്ന പിതാവു നിങ്ങൾക്കു പ്രതിഫലം നല്‌കും. “നിങ്ങളുടെ നിക്ഷേപങ്ങൾ ഈ ഭൂമിയിൽ സൂക്ഷിച്ചു വയ്‍ക്കരുത്; ഇവിടെ കീടവും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയും കള്ളന്മാർ കുത്തിക്കവരുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങൾ സ്വർഗത്തിൽ സൂക്ഷിച്ചുവയ്‍ക്കുക. അവിടെ കീടങ്ങളും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയോ, കള്ളന്മാർ കുത്തിക്കവരുകയോ ചെയ്യുന്നില്ല; നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സർവ ശ്രദ്ധയും. “കണ്ണാണു ശരീരത്തിന്റെ വിളക്ക്; നിങ്ങളുടെ കണ്ണിനു പൂർണമായ കാഴ്ചയുള്ളപ്പോൾ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും. എന്നാൽ നിങ്ങളുടെ കണ്ണിനു വൈകല്യമുണ്ടെങ്കിൽ ശരീരം ആസകലം ഇരുട്ടായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുളാകുന്നുവെങ്കിൽ ആ ഇരുൾ എത്ര വലുത്! “രണ്ടു യജമാനന്മാരെ സേവിക്കുവാൻ ഒരു അടിമയ്‍ക്കും സാധ്യമല്ല. ഒന്നുകിൽ അവൻ ഒരുവനെ അവഗണിച്ച് അപരനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ നിന്ദിക്കും. നിങ്ങൾക്കു ദൈവത്തെയും ധനദേവതയെയും സേവിക്കുക സാധ്യമല്ല. “ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ ആകുലചിത്തരാകരുത്; എന്തു തിന്നും, എന്തു കുടിക്കും എന്നോർത്തു ജീവനെക്കുറിച്ചും എന്തു ധരിക്കുമെന്നോർത്തു ശരീരത്തെക്കുറിച്ചും വിഷമിക്കരുത്. ജീവൻ ഭക്ഷണത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും വിലപ്പെട്ടവയല്ലേ? ആകാശത്തു പറന്നുനടക്കുന്ന പക്ഷികളെ നോക്കുക. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരയിലൊട്ടു കൂട്ടിവയ്‍ക്കുന്നതുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയെ പോറ്റിപ്പുലർത്തുന്നു. അവയെക്കാൾ നിങ്ങൾ വിലയുള്ളവരല്ലേ? “ആകുലപ്പെടുന്നതുകൊണ്ട് തങ്ങളുടെ ആയുർദൈർഘ്യം അല്പമെങ്കിലും കൂട്ടുവാൻ നിങ്ങളിലാർക്കെങ്കിലും കഴിയുമോ? “വസ്ത്രത്തെ സംബന്ധിച്ചും നിങ്ങൾ ആകുലചിത്തരാകുന്നതെന്തിന്? കാട്ടുപൂക്കളെ നോക്കുക; അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുകയോ നൂല് നൂല്‌ക്കുകയോ ചെയ്യുന്നില്ല. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശലോമോൻ രാജാവ് തന്റെ മഹാപ്രതാപത്തിൽപോലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല. ഇന്നു കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ കാട്ടുപുല്ലുകളെ ദൈവം ഇങ്ങനെ അണിയിക്കുന്നെങ്കിൽ അല്പവിശ്വാസികളേ നിങ്ങളെ എത്രയധികം അണിയിക്കും! അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്. വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗസ്ഥപിതാവിനറിയാം. ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതുകൊണ്ട് നാളയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങൾ മതി.
മത്തായി 6:5-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവർ മനുഷ്യർ കാണേണ്ടതിന് പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുന്നു; അവർക്ക് പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ സ്വകാര്യമുറിയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോട് പ്രാർത്ഥിക്കുക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ജാതികളെപ്പോലെ വ്യർത്ഥവാക്കുകൾ ആവർത്തിക്കരുത്; അധികം സംസാരിക്കുന്നതുകൊണ്ട് ഉത്തരം കിട്ടും എന്നാണ് അവർ ചിന്തിക്കുന്നത്. അവരോട് തുല്യരാകരുത്; നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ. നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങേയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; അങ്ങേയുടെ രാജ്യം വരേണമേ; അങ്ങേയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേ; ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെയും ഞങ്ങളോടു ക്ഷമിക്കേണമേ; പരീക്ഷകളിൽ ഞങ്ങൾ അകപ്പെടാതെ, ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങേയ്ക്കുള്ളതല്ലോ. നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിയ്ക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളോടും പിഴകളെ ക്ഷമിക്കയില്ല. വിശേഷിച്ചും നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തിക്കാർ ചെയ്യുന്നതുപോലെ വിഷാദമായ മുഖം കാണിക്കരുത്; എന്തെന്നാൽ അവർ ഉപവസിക്കുന്നു എന്നു മനുഷ്യരെ കാണിക്കേണ്ടതിന് അവരുടെ മുഖത്തെ വിരൂപമാക്കുന്നു; അവർക്ക് പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്നാൽ നീയോ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേച്ച് മുഖം കഴുകുക. എങ്കിൽ നിന്‍റെ ഉപവാസം മനുഷ്യരല്ല രഹസ്യത്തിലുള്ള നിന്‍റെ പിതാവ് കാണുകയും നിനക്കു പ്രതിഫലം നല്കുകയും ചെയ്യും. പുഴുവും തുരുമ്പും തിന്നു തീർക്കുന്നതും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾക്ക് തന്നെ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും തിന്നു തീർക്കാത്തതും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽതന്നെ നിങ്ങൾക്ക് നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളിടത്ത് നിന്‍റെ ഹൃദയവും ഇരിക്കും. കണ്ണ് ശരീരത്തിന്‍റെ വിളക്കു ആകുന്നു; അതുകൊണ്ട് കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശത്താൽ നിറഞ്ഞിരിക്കും. കണ്ണ് ദോഷമുള്ളതെങ്കിലോ നിന്‍റെ ശരീരം മുഴുവനും ഇരുട്ടായിരിക്കും; അതുകൊണ്ട് നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്ര വലിയത്! രണ്ടു യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല; അങ്ങനെ ചെയ്താൽ ഒരുവനെ പകച്ച് മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുവനോട് പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കുവാൻ കഴിയുകയില്ല. അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: എന്ത് തിന്നും, എന്ത് കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും ആകുലപ്പെടരുത്; ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? ആകുലപ്പെടുന്നതുകൊണ്ട് തന്‍റെ ജീവിതകാലയളവിനോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും? ഉടുപ്പിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിന്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻ പോലും തന്‍റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാൽ നാം എന്ത് തിന്നും എന്ത് കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ ആകുലപ്പെടരുത്. ഈ വക ഒക്കെയും ജനതകൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും. അതുകൊണ്ട് നാളെയ്ക്കായി ആകുലപ്പെടരുത്; നാളത്തെ ദിവസം തനിക്കായി ആകുലപ്പെടുമല്ലോ; അതത് ദിവസത്തിന് അന്നന്നത്തെ ദോഷം മതി.
മത്തായി 6:5-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും. പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു! രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.
മത്തായി 6:5-34 സമകാലിക മലയാളവിവർത്തനം (MCV)
“പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു. എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും. നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്. അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം. “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ, അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും. അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ. ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ, ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’ നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും. എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല. “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു. എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക. അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും. “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും. “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും! “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം. “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ! അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.