മത്തായി 6:16-21

മത്തായി 6:16-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിനു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിനു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും. പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക

മത്തായി 6:16-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തരെപ്പോലെ മ്ലാനമുഖരാകരുത്. തങ്ങൾ ഉപവസിക്കുന്നു എന്നുള്ളതു മനുഷ്യർ കാണുന്നതിനുവേണ്ടി അവർ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവർക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഊന്നിപ്പറയുന്നു. നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക. അങ്ങനെ ചെയ്താൽ അദൃശ്യനായ പിതാവല്ലാതെ, നിങ്ങൾ ഉപവസിക്കുകയാണെന്നുള്ളത് മറ്റാരും അറിയുകയില്ല; രഹസ്യകാര്യങ്ങൾ കാണുന്ന പിതാവു നിങ്ങൾക്കു പ്രതിഫലം നല്‌കും. “നിങ്ങളുടെ നിക്ഷേപങ്ങൾ ഈ ഭൂമിയിൽ സൂക്ഷിച്ചു വയ്‍ക്കരുത്; ഇവിടെ കീടവും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയും കള്ളന്മാർ കുത്തിക്കവരുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങൾ സ്വർഗത്തിൽ സൂക്ഷിച്ചുവയ്‍ക്കുക. അവിടെ കീടങ്ങളും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയോ, കള്ളന്മാർ കുത്തിക്കവരുകയോ ചെയ്യുന്നില്ല; നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സർവ ശ്രദ്ധയും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക

മത്തായി 6:16-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വിശേഷിച്ചും നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തിക്കാർ ചെയ്യുന്നതുപോലെ വിഷാദമായ മുഖം കാണിക്കരുത്; എന്തെന്നാൽ അവർ ഉപവസിക്കുന്നു എന്നു മനുഷ്യരെ കാണിക്കേണ്ടതിന് അവരുടെ മുഖത്തെ വിരൂപമാക്കുന്നു; അവർക്ക് പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്നാൽ നീയോ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേച്ച് മുഖം കഴുകുക. എങ്കിൽ നിന്‍റെ ഉപവാസം മനുഷ്യരല്ല രഹസ്യത്തിലുള്ള നിന്‍റെ പിതാവ് കാണുകയും നിനക്കു പ്രതിഫലം നല്കുകയും ചെയ്യും. പുഴുവും തുരുമ്പും തിന്നു തീർക്കുന്നതും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾക്ക് തന്നെ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും തിന്നു തീർക്കാത്തതും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽതന്നെ നിങ്ങൾക്ക് നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്‍റെ നിക്ഷേപം ഉള്ളിടത്ത് നിന്‍റെ ഹൃദയവും ഇരിക്കും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക

മത്തായി 6:16-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും. പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക

മത്തായി 6:16-21 സമകാലിക മലയാളവിവർത്തനം (MCV)

“ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു. എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക. അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും. “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.

പങ്ക് വെക്കു
മത്തായി 6 വായിക്കുക