മത്തായി 5:21-37

മത്തായി 5:21-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾത്തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ ചേവകനും ഏല്പിച്ചിട്ടു നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. കള്ളസ്സത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിനു നിവർത്തിക്കേണം എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: അശേഷം സത്യം ചെയ്യരുത്; സ്വർഗത്തെക്കൊണ്ട് അരുത്, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ട് അരുത്, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അതു മഹാരാജാവിന്റെ നഗരം. നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.

പങ്ക് വെക്കു
മത്തായി 5 വായിക്കുക

മത്തായി 5:21-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“കൊല ചെയ്യരുത്” എന്നും “ഏതൊരു കൊലപാതകിയും ന്യായവിധിക്കു വിധേയനാകുമെന്നും” പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: തന്റെ സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകും. തന്റെ സഹോദരനെ ‘മടയാ!’ എന്നു വിളിച്ച് അപമാനിക്കുന്നവൻ സന്നദ്രിംസംഘത്തോട് ഉത്തരം പറയേണ്ടിവരും. സഹോദരനെ ‘ഭോഷാ!’ എന്നു വിളിക്കുന്നവൻ നരകാഗ്നിക്ക് ഇരയാകും. അതുകൊണ്ട്, നീ ബലിപീഠത്തിൽ വഴിപാട് അർപ്പിക്കുമ്പോൾ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക; അതിനുശേഷം വന്നു നിന്റെ വഴിപാട് അർപ്പിക്കുക. “കോടതിയിലേക്കു പോകുന്ന വഴിയിൽവച്ചുതന്നെ നിന്റെ പ്രതിയോഗിയോടു രാജിയാകുക. അല്ലെങ്കിൽ ഒരുവേള എതിർകക്ഷി നിന്നെ ന്യായാധിപനെയും ന്യായാധിപൻ നിന്നെ പോലീസിനെയും ഏല്പിക്കും; നീ ജയിലിലടയ്‍ക്കപ്പെടുകയും ചെയ്യും. അവസാനത്തെ പൈസവരെ കൊടുത്തുതീർക്കാതെ നിനക്കു നിശ്ചയമായും പുറത്തുവരാൻ സാധിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. ‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്‍ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു. പാപം ചെയ്യുന്നതിനു നിന്റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലത്തു കൈ പാപം ചെയ്യാൻ കാരണമായിത്തീരുന്നുവെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവനായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്. “ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്: പാതിവ്രത്യം ലംഘിക്കുന്നതുകൊണ്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു എന്നത്രേ. ഉപേക്ഷിക്കപ്പെട്ട സ്‍ത്രീയെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. “ശപഥം ലംഘിക്കരുതെന്നും ഈശ്വരസമക്ഷം ചെയ്തിട്ടുള്ള ശപഥം നിറവേറ്റണമെന്നും പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശപഥം ചെയ്യുകയേ അരുത്. സ്വർഗത്തെക്കൊണ്ടു പാടില്ല; അതു ദൈവത്തിന്റെ സിംഹാസനം. ഭൂമിയെക്കൊണ്ടും പാടില്ല; അത് അവിടുത്തെ പാദപീഠം. യെരൂശലേമിനെക്കൊണ്ടും പാടില്ല; അതു മഹാനായ രാജാവിന്റെ നഗരം. നിന്റെ ശിരസ്സിനെക്കൊണ്ടും ശപഥം ചെയ്തുകൂടാ, എന്തെന്നാൽ നിന്റെ തലയിലെ ഒരു രോമംപോലും വെളുപ്പിക്കുവാനോ കറുപ്പിക്കുവാനോ നിനക്കു കഴിവില്ലല്ലോ. നിങ്ങൾ പറയുന്നത് ഉവ്വ് എന്നോ, ഇല്ല എന്നോ, മാത്രം ആയിരിക്കട്ടെ. ഇതിൽ കവിഞ്ഞുള്ളതെല്ലാം ദുഷ്ടനിൽനിന്നാണു വരുന്നത്.

പങ്ക് വെക്കു
മത്തായി 5 വായിക്കുക

മത്തായി 5:21-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിയ്ക്ക് യോഗ്യനാകും എന്നും പൂർവ്വപിതാക്കൻമാരോട് ആ കാലങ്ങളിൽ അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിയ്ക്ക് യോഗ്യനാകും; സഹോദരനോട് വിലയില്ലാത്തവൻ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിന് യോഗ്യനാകും. അതുകൊണ്ട് നിന്‍റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന് നിനക്കു എതിരായി വല്ലവിരോധവും ഉണ്ടെന്ന് അവിടെവച്ച് ഓർമ്മവന്നാൽ നിന്‍റെ വഴിപാട് അവിടെ യാഗപീഠത്തിന്‍റെ മുമ്പിൽ വെച്ചിട്ട്, ഒന്നാമത് ചെന്നു സഹോദരനോട് നിരന്നുകൊൾക; പിന്നെ വന്നു നിന്‍റെ വഴിപാട് കഴിക്ക. നിന്‍റെ പ്രതിയോഗിയോടുകൂടെ ന്യായസ്ഥലത്തേക്കുള്ള വഴിയിൽ ആയിരിക്കുമ്പോൾ തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ നിന്നെ കാവൽക്കാരൻ്റെ പക്കലും ഏല്പിച്ചിട്ട് നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്ന് പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു. വ്യഭിചാരം ചെയ്യരുത് എന്നു അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോട് വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണ് നിനക്കു വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ ചൂഴ്ന്നെടുത്ത് എറിഞ്ഞുകളക; നിന്‍റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനേക്കാൾ നിന്‍റെ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്‍റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനേക്കാൾ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നു അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: വ്യഭിചാരം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെ വ്യഭിചാരിണിയാക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. കള്ളസത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിന് നിവർത്തിക്കേണം എന്നും പൂർവ്വന്മാരോട് ആ കാലങ്ങളിൽ അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: ഒരിക്കലും സത്യം ചെയ്യരുത്; സ്വർഗ്ഗത്തെക്കൊണ്ട് അരുത്, അത് ദൈവത്തിന്‍റെ സിംഹാസനം; ഭൂമിയെക്കൊണ്ട് അരുത്, അത് അവന്‍റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അത് മഹാരാജാവിന്‍റെ നഗരം നിന്‍റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിക്കുവാനോ നിനക്കു കഴിയുകയില്ലല്ലോ. നിങ്ങളുടെ വാക്ക് അതെ അതെ, എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായത് ദുഷ്ടനിൽനിന്ന് വരുന്നു.

പങ്ക് വെക്കു
മത്തായി 5 വായിക്കുക

മത്തായി 5:21-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.

പങ്ക് വെക്കു
മത്തായി 5 വായിക്കുക

മത്തായി 5:21-37 സമകാലിക മലയാളവിവർത്തനം (MCV)

“ ‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’ എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും. “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക. “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു. നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്. “ ‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ അയാൾ തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹംകഴിക്കുന്നവനും വ്യഭിചാരം ചെയ്യുകയാണ്. “ ‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം. നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല. നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു.

പങ്ക് വെക്കു
മത്തായി 5 വായിക്കുക