മത്തായി 5:17-19
മത്തായി 5:17-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നത്. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവനോ സ്വർഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
മത്തായി 5:17-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ധർമശാസ്ത്രത്തെയോ പ്രവാചകശാസനങ്ങളെയോ നീക്കിക്കളയുവാനാണു ഞാൻ വന്നിരിക്കുന്നതെന്നു വിചാരിക്കരുത്; ഞാൻ വന്നിരിക്കുന്നത് അവയെ നീക്കുവാനല്ല, പൂർത്തിയാക്കുവാനാണ്. ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതുവരെ സകലവും പൂർത്തിയാകുവോളം ധർമശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. അതുകൊണ്ട് ഈ കല്പനകളിൽ ഏറ്റവും ലഘുവായതുപോലും ലംഘിക്കുകയും അപ്രകാരം ചെയ്യുന്നതിനു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി ഗണിക്കപ്പെടും. എന്നാൽ അവ അനുസരിക്കുകയും അപ്രകാരം ചെയ്യുവാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
മത്തായി 5:17-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നശിപ്പിക്കേണ്ടതിന്നു വന്നു എന്നു ചിന്തിക്കരുത്; നശിപ്പിക്കുവാനല്ല പൂർത്തിയാക്കുവാനത്രേ ഞാൻ വന്നത്. സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും പൂർത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് വ്യത്യാസപ്പെടുത്തുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ അനുസരിക്കുകയും പഠിപ്പിക്കയും ചെയ്യുന്നവനോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
മത്തായി 5:17-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
മത്തായി 5:17-19 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കിക്കളയാനാണ് എന്നു ചിന്തിക്കരുത്; നീക്കിക്കളയാനല്ല, മറിച്ച് അവയെ പൂർത്തീകരിക്കാനാണ്. ഞാൻ ഒരു സത്യം നിങ്ങളോടു പറയാം: ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും സകലതും നിറവേറുന്നതുവരെ ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല. ഈ കൽപ്പനകളിൽ ഏറ്റവും ലളിതമെന്ന് കരുതുന്ന ഒന്ന് അവഗണിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി പരിഗണിക്കപ്പെടും; എന്നാൽ, ഈ കൽപ്പനകൾ പാലിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ മഹാൻ എന്നു വിളിക്കപ്പെടും.