മത്തായി 5:1-43
മത്തായി 5:1-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞ് അവരോട് ഉപദേശിച്ചതെന്തെന്നാൽ: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന് എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല. നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെതന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നത്. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവനോ സ്വർഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾത്തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ ചേവകനും ഏല്പിച്ചിട്ടു നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. കള്ളസ്സത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിനു നിവർത്തിക്കേണം എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: അശേഷം സത്യം ചെയ്യരുത്; സ്വർഗത്തെക്കൊണ്ട് അരുത്, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ട് അരുത്, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അതു മഹാരാജാവിന്റെ നഗരം. നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു. കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബന്ധിച്ചാൽ രണ്ട് അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
മത്തായി 5:1-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ജനക്കൂട്ടത്തെ കണ്ടപ്പോൾ മലമുകളിലേക്കു കയറിപ്പോയി. അവിടുന്ന് അവിടെ ഇരുന്നു. അപ്പോൾ ശിഷ്യന്മാർ അടുത്തുചെന്നു. അവിടുന്ന് ധർമോപദേശരൂപേണ അവരോട് അരുൾചെയ്തു: “ആത്മീയ ദാരിദ്ര്യത്തെക്കുറിച്ചു ബോധമു ള്ളവർ അനുഗ്രഹിക്കപ്പെട്ടവർ; സ്വർഗരാജ്യം അവർക്കുള്ളതാണ്! വിലപിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; അവരെ ദൈവം ആശ്വസിപ്പിക്കും! സൗമ്യശീലർ അനുഗ്രഹിക്കപ്പെട്ടവർ; അവർ ഭൂമിയെ അവകാശമാക്കും! നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; ദൈവം അവരെ സംതൃപ്തരാക്കും! കരുണയുള്ളവർ അനുഗ്രഹിക്കപ്പെട്ടവർ; അവർക്കു കരുണ ലഭിക്കും! നിർമ്മലഹൃദയമുള്ളവർ അനുഗ്രഹിക്കപ്പെട്ടവർ; അവർ ദൈവത്തെ ദർശിക്കും! സമാധാനമുണ്ടാക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; ദൈവം അവരെ തന്റെ പുത്രന്മാരെന്നു വിളിക്കും! നീതിക്കുവേണ്ടി പീഡനം സഹിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; സ്വർഗരാജ്യം അവർക്കുള്ളതാകുന്നു! എന്നെപ്രതി മറ്റുള്ളവർ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരെ എല്ലാ തിന്മകളും സത്യവിരുദ്ധമായി ആരോപിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം വലുതായതുകൊണ്ട് നിങ്ങൾ ആനന്ദിച്ചുല്ലസിക്കുക; നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ ഇങ്ങനെതന്നെ പീഡിപ്പിച്ചിട്ടുണ്ടല്ലോ. “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; എന്നാൽ ഉപ്പിന്റെ രസം നഷ്ടപ്പെട്ടുപോയാൽ വീണ്ടും അതിന് എങ്ങനെ ഉപ്പുരസം കൈവരുത്തും? അതു പുറത്തു കളഞ്ഞ് മനുഷ്യർക്കു ചവിട്ടുവാനല്ലാതെ ഒന്നിനും കൊള്ളുകയില്ല. “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു. മലയുടെ മുകളിൽ നിലകൊള്ളുന്ന പട്ടണത്തിനു മറഞ്ഞിരിക്കുവാൻ സാധ്യമല്ല. വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വയ്‍ക്കുകയില്ല; പിന്നെയോ, വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നല്‌കുന്നു. അതുപോലെ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ടു മറ്റുള്ളവർ നിങ്ങളുടെ സ്വർഗസ്ഥപിതാവിനെ പ്രകീർത്തിക്കേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. “ധർമശാസ്ത്രത്തെയോ പ്രവാചകശാസനങ്ങളെയോ നീക്കിക്കളയുവാനാണു ഞാൻ വന്നിരിക്കുന്നതെന്നു വിചാരിക്കരുത്; ഞാൻ വന്നിരിക്കുന്നത് അവയെ നീക്കുവാനല്ല, പൂർത്തിയാക്കുവാനാണ്. ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതുവരെ സകലവും പൂർത്തിയാകുവോളം ധർമശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. അതുകൊണ്ട് ഈ കല്പനകളിൽ ഏറ്റവും ലഘുവായതുപോലും ലംഘിക്കുകയും അപ്രകാരം ചെയ്യുന്നതിനു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി ഗണിക്കപ്പെടും. എന്നാൽ അവ അനുസരിക്കുകയും അപ്രകാരം ചെയ്യുവാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. നിങ്ങളുടെ ധാർമികത മതപണ്ഡിതന്മാരുടെയും പരീശന്മാരുടെയും ധാർമികതയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. “കൊല ചെയ്യരുത്” എന്നും “ഏതൊരു കൊലപാതകിയും ന്യായവിധിക്കു വിധേയനാകുമെന്നും” പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: തന്റെ സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകും. തന്റെ സഹോദരനെ ‘മടയാ!’ എന്നു വിളിച്ച് അപമാനിക്കുന്നവൻ സന്നദ്രിംസംഘത്തോട് ഉത്തരം പറയേണ്ടിവരും. സഹോദരനെ ‘ഭോഷാ!’ എന്നു വിളിക്കുന്നവൻ നരകാഗ്നിക്ക് ഇരയാകും. അതുകൊണ്ട്, നീ ബലിപീഠത്തിൽ വഴിപാട് അർപ്പിക്കുമ്പോൾ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക; അതിനുശേഷം വന്നു നിന്റെ വഴിപാട് അർപ്പിക്കുക. “കോടതിയിലേക്കു പോകുന്ന വഴിയിൽവച്ചുതന്നെ നിന്റെ പ്രതിയോഗിയോടു രാജിയാകുക. അല്ലെങ്കിൽ ഒരുവേള എതിർകക്ഷി നിന്നെ ന്യായാധിപനെയും ന്യായാധിപൻ നിന്നെ പോലീസിനെയും ഏല്പിക്കും; നീ ജയിലിലടയ്‍ക്കപ്പെടുകയും ചെയ്യും. അവസാനത്തെ പൈസവരെ കൊടുത്തുതീർക്കാതെ നിനക്കു നിശ്ചയമായും പുറത്തുവരാൻ സാധിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. ‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു. പാപം ചെയ്യുന്നതിനു നിന്റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലത്തു കൈ പാപം ചെയ്യാൻ കാരണമായിത്തീരുന്നുവെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവനായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്. “ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്: പാതിവ്രത്യം ലംഘിക്കുന്നതുകൊണ്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു എന്നത്രേ. ഉപേക്ഷിക്കപ്പെട്ട സ്‍ത്രീയെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. “ശപഥം ലംഘിക്കരുതെന്നും ഈശ്വരസമക്ഷം ചെയ്തിട്ടുള്ള ശപഥം നിറവേറ്റണമെന്നും പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശപഥം ചെയ്യുകയേ അരുത്. സ്വർഗത്തെക്കൊണ്ടു പാടില്ല; അതു ദൈവത്തിന്റെ സിംഹാസനം. ഭൂമിയെക്കൊണ്ടും പാടില്ല; അത് അവിടുത്തെ പാദപീഠം. യെരൂശലേമിനെക്കൊണ്ടും പാടില്ല; അതു മഹാനായ രാജാവിന്റെ നഗരം. നിന്റെ ശിരസ്സിനെക്കൊണ്ടും ശപഥം ചെയ്തുകൂടാ, എന്തെന്നാൽ നിന്റെ തലയിലെ ഒരു രോമംപോലും വെളുപ്പിക്കുവാനോ കറുപ്പിക്കുവാനോ നിനക്കു കഴിവില്ലല്ലോ. നിങ്ങൾ പറയുന്നത് ഉവ്വ് എന്നോ, ഇല്ല എന്നോ, മാത്രം ആയിരിക്കട്ടെ. ഇതിൽ കവിഞ്ഞുള്ളതെല്ലാം ദുഷ്ടനിൽനിന്നാണു വരുന്നത്. “കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടമനുഷ്യനോട് എതിർക്കരുത്; ആരെങ്കിലും നിന്റെ വലത്തെ ചെകിട്ടത്തടിച്ചാൽ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക. “ഒരുവൻ വ്യവഹാരപ്പെട്ടു നിന്റെ ഉടുപ്പു കരസ്ഥമാക്കാൻ ഇച്ഛിക്കുന്നുവെങ്കിൽ മേലങ്കികൂടി അവനു വിട്ടുകൊടുക്കുക. അധികാരമുള്ളവൻ ഒരു കിലോമീറ്റർദൂരം ചെല്ലുവാൻ നിന്നെ നിർബന്ധിച്ചാൽ അയാളുടെകൂടെ രണ്ടു കിലോമീറ്റർ ദൂരം പോകുക. നിന്നോടു സഹായം അഭ്യർഥിക്കുന്നവനു സഹായം നല്‌കുക; വായ്പവാങ്ങാൻ വരുന്നവനിൽനിന്ന് ഒഴിഞ്ഞുമാറുകയുമരുത്. “അയൽക്കാരനെ സ്നേഹിക്കുക എന്നും ശത്രുവിനെ വെറുക്കുക എന്നും പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
മത്തായി 5:1-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു പുരുഷാരത്തെ കണ്ടപ്പോൾ മലയിൽ കയറി; അവിടെ അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞു അവരെ ഉപദേശിച്ചുതുടങ്ങിയത്: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും. സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർ സംതൃപ്തർ ആകും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്ക് കരുണ ലഭിക്കും. ഹൃദയനിർമ്മലതയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്. എന്റെ നിമിത്തം നിങ്ങളെ അപമാനിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം മഹത്തരമാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്ക് മുമ്പെ ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പ് സ്വാദ് ഇല്ലാതെ പോയാൽ അതിന് എങ്ങനെ സ്വാദ് വരുത്താം? പുറത്തു കളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാനല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല. നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ സ്ഥാപിച്ചിരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ച് കൂടയ്ക്ക് കീഴിലല്ല, പ്രത്യുത തണ്ടിന്മേലത്രേ വെയ്ക്കുന്നത്; അപ്പോൾ വിളക്ക് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം കൊടുക്കുന്നു. അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നശിപ്പിക്കേണ്ടതിന്നു വന്നു എന്നു ചിന്തിക്കരുത്; നശിപ്പിക്കുവാനല്ല പൂർത്തിയാക്കുവാനത്രേ ഞാൻ വന്നത്. സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും പൂർത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് വ്യത്യാസപ്പെടുത്തുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ അനുസരിക്കുകയും പഠിപ്പിക്കയും ചെയ്യുന്നവനോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിയ്ക്ക് യോഗ്യനാകും എന്നും പൂർവ്വപിതാക്കൻമാരോട് ആ കാലങ്ങളിൽ അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിയ്ക്ക് യോഗ്യനാകും; സഹോദരനോട് വിലയില്ലാത്തവൻ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിന് യോഗ്യനാകും. അതുകൊണ്ട് നിന്‍റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന് നിനക്കു എതിരായി വല്ലവിരോധവും ഉണ്ടെന്ന് അവിടെവച്ച് ഓർമ്മവന്നാൽ നിന്‍റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചിട്ട്, ഒന്നാമത് ചെന്നു സഹോദരനോട് നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാട് കഴിക്ക. നിന്റെ പ്രതിയോഗിയോടുകൂടെ ന്യായസ്ഥലത്തേക്കുള്ള വഴിയിൽ ആയിരിക്കുമ്പോൾ തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ നിന്നെ കാവൽക്കാരൻ്റെ പക്കലും ഏല്പിച്ചിട്ട് നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്ന് പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു. വ്യഭിചാരം ചെയ്യരുത് എന്നു അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോട് വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണ് നിനക്കു വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ ചൂഴ്ന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനേക്കാൾ നിന്‍റെ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു വീഴ്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനേക്കാൾ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നു അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: വ്യഭിചാരം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെ വ്യഭിചാരിണിയാക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. കള്ളസത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിന് നിവർത്തിക്കേണം എന്നും പൂർവ്വന്മാരോട് ആ കാലങ്ങളിൽ അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: ഒരിക്കലും സത്യം ചെയ്യരുത്; സ്വർഗ്ഗത്തെക്കൊണ്ട് അരുത്, അത് ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ട് അരുത്, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അത് മഹാരാജാവിന്‍റെ നഗരം നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിക്കുവാനോ നിനക്കു കഴിയുകയില്ലല്ലോ. നിങ്ങളുടെ വാക്ക് അതെ അതെ, എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായത് ദുഷ്ടനിൽനിന്ന് വരുന്നു. കണ്ണിന് പകരം കണ്ണും പല്ലിന് പകരം പല്ലും എന്നു അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ കരണത്ത് അടിക്കുന്നവന് മറ്റേ കരണവും തിരിച്ചുകാണിക്ക. നിന്നോട് വ്യവഹരിച്ച് നിന്‍റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവന് നിന്‍റെമേൽ കുപ്പായവും വിട്ടുകൊടുക്കുക. ഒരുവൻ നിന്നെ ഒരു മൈൽ ദൂരം പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക. നിന്നോട് യാചിക്കുന്നവനു കൊടുക്ക; വായ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്. അയൽക്കാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
മത്തായി 5:1-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല. നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴെയല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു. കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
മത്തായി 5:1-43 സമകാലിക മലയാളവിവർത്തനം (MCV)
ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു ഒരു മലയിൽ കയറി അവിടെ ഇരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു. അദ്ദേഹം അവരെ തിരുമൊഴികളാൽ ഉപദേശിച്ചു. അദ്ദേഹം പറഞ്ഞു: “ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ; അവർക്കുള്ളതല്ലോ സ്വർഗരാജ്യം. വിലപിക്കുന്നവർ അനുഗൃഹീതർ; അവർക്ക് സാന്ത്വനം ലഭിക്കും. സൗമ്യശീലർ അനുഗൃഹീതർ; അവർക്ക് ഭൂമി പൈതൃകമായി ലഭിക്കും. നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ; അവർ സംതൃപ്തരാകും. കരുണാഹൃദയർ അനുഗൃഹീതർ; അവർക്ക് കരുണ ലഭിക്കും. ഹൃദയനൈർമല്യമുള്ളവർ അനുഗൃഹീതർ; അവർക്കു ദൈവം ദർശനമേകും. സമാധാനസ്ഥാപകർ അനുഗൃഹീതർ; അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡിതരാകുന്നവർ അനുഗൃഹീതർ; അവർക്കുള്ളതല്ലോ സ്വർഗരാജ്യം. “എന്റെ അനുയായികളായതുകൊണ്ട് മനുഷ്യർ നിങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരേ എല്ലാവിധ വ്യാജപ്രസ്താവനകൾ നടത്തുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗൃഹീതർ. നിങ്ങൾ ആനന്ദിച്ചുല്ലസിക്കുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അങ്ങനെതന്നെ അവർ നിങ്ങൾക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും പീഡിപ്പിച്ചിട്ടുണ്ടല്ലോ. “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ്, ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? പുറത്തേക്കു വലിച്ചെറിഞ്ഞ്, മനുഷ്യർക്ക് ചവിട്ടിക്കളയാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല. “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു; മലമുകളിലുള്ള പട്ടണം അദൃശ്യമായിരിക്കുക അസാധ്യം. വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല; പിന്നെയോ, അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകേണ്ടതിന് ഏതെങ്കിലും വിളക്കുകാലിന്മേലാണ് വെക്കുക. അതുപോലെ നിങ്ങളുടെ പ്രകാശവും മനുഷ്യരുടെമുമ്പിൽ പ്രശോഭിക്കട്ടെ; അങ്ങനെ അവർ നിങ്ങളുടെ സൽപ്രവൃത്തികൾ നിരീക്ഷിച്ച് സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തട്ടെ. “ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കിക്കളയാനാണ് എന്നു ചിന്തിക്കരുത്; നീക്കിക്കളയാനല്ല, മറിച്ച് അവയെ പൂർത്തീകരിക്കാനാണ്. ഞാൻ ഒരു സത്യം നിങ്ങളോടു പറയാം: ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും സകലതും നിറവേറുന്നതുവരെ ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല. ഈ കൽപ്പനകളിൽ ഏറ്റവും ലളിതമെന്ന് കരുതുന്ന ഒന്ന് അവഗണിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി പരിഗണിക്കപ്പെടും; എന്നാൽ, ഈ കൽപ്പനകൾ പാലിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ മഹാൻ എന്നു വിളിക്കപ്പെടും. ദൈവവിഷയത്തിൽ നിങ്ങൾക്കുള്ള നീതിനിഷ്ഠ പരീശന്മാർക്കും വേദജ്ഞർക്കുമുള്ള നീതിനിഷ്ഠയിൽ കവിയുന്നില്ലെങ്കിൽ നിങ്ങൾ നിശ്ചയമായും സ്വർഗരാജ്യത്തിൽ കടക്കുകയില്ല. “ ‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’ എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും. “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക. “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു. നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്. “ ‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ അയാൾ തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹംകഴിക്കുന്നവനും വ്യഭിചാരം ചെയ്യുകയാണ്. “ ‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം. നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല. നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു. “ ‘കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്’ എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളെ ദ്രോഹിക്കുന്ന വ്യക്തിയോട് പ്രതികരിക്കരുത്. ആരെങ്കിലും നിങ്ങളുടെ വലതുചെകിട്ടത്ത് അടിച്ചാൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. ആരെങ്കിലും നിങ്ങളുടെ ഉടുപ്പിനുവേണ്ടി കോടതിവ്യവഹാരം നടത്തിയാൽ നിങ്ങളുടെ പുറങ്കുപ്പായവുംകൂടെ അയാൾക്ക് വിട്ടുകൊടുക്കുക. ഒരു പടയാളി ഒരു കിലോമീറ്റർ ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക. നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അതു നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്. “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.