മത്തായി 3:10-12 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 3:10-12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളൂ; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. വീശുമുറം അവന്റെ കൈയിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവയ്ക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
മത്തായി 3:10-12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വച്ചിരിക്കുന്നു; നല്ലഫലം നല്‌കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിടും. ജലംകൊണ്ടു ഞാൻ നടത്തുന്ന സ്നാപനം നിങ്ങൾ അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നു എന്നു സൂചിപ്പിക്കുന്നു. എന്നാൽ എന്റെ പിന്നാലെ വരുന്നവൻ നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുന്ന് എന്നെക്കാൾ ശക്തനാണ്. അവിടുത്തെ ചെരുപ്പു ചുമക്കുവാൻപോലും ഞാൻ യോഗ്യനല്ല. പതിർ വീശിക്കളയാനുള്ള മുറം അവിടുത്തെ കൈയിലുണ്ട്. അവിടുന്നു മെതിക്കളം വൃത്തിയാക്കുകയും കോതമ്പു കളപ്പുരയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. പതിരാകട്ടെ കെടാത്ത തീയിലിട്ടു ചുട്ടുകളയും.
മത്തായി 3:10-12 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്‍റെ പിന്നാലെ വരുന്നവനോ എന്നേക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. പാറ്റുവാൻ ഉപയോഗിക്കുന്ന വീശൂമുറം അവന്‍റെ കയ്യിൽ ഉണ്ട്; അവൻ മെതിക്കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കുകയും പതിർ ഒരിക്കലും കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.”
മത്തായി 3:10-12 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
മത്തായി 3:10-12 MCV (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും. “ഞാൻ നിങ്ങൾക്കു നൽകുന്ന ജലസ്നാനം നിങ്ങൾ മാനസാന്തരപ്പെട്ടു എന്നതിന്റെ പ്രതീകമാണ്. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച്, ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”