മത്തായി 28:1-10
മത്തായി 28:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശബ്ബത്തു കഴിഞ്ഞ് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും കല്ലറ കാൺമാൻ ചെന്നു. പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. അവന്റെ രൂപം മിന്നലിന് ഒത്തതും അവന്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു. കാവല്ക്കാർ അവനെ കണ്ടു പേടിച്ചു വിറച്ചു മരിച്ചവരെപ്പോലെ ആയി. ദൂതൻ സ്ത്രീകളോട്: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാൺമിൻ. അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്ന് അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ട് അവന്റെ ശിഷ്യന്മാരോട് അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റ്: നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽ പിടിച്ച് അവനെ നമസ്കരിച്ചു. യേശു അവരോട്: ഭയപ്പെടേണ്ടാ; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലയ്ക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
മത്തായി 28:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശബത്തു കഴിഞ്ഞ് ഞായറാഴ്ച പ്രഭാതമായപ്പോൾ മഗ്ദലേനമറിയവും മറ്റേ മറിയവും കല്ലറ സന്ദർശിക്കുവാൻ പോയി. പെട്ടെന്ന് ഉഗ്രമായ ഒരു ഭൂകമ്പമുണ്ടായി. ദൈവത്തിന്റെ ഒരു മാലാഖ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു കല്ല് ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നു. ആ മാലാഖയുടെ മുഖം മിന്നൽപ്പിണർപോലെ ശോഭിച്ചു; ധരിച്ചിരുന്ന വസ്ത്രം ഹിമംപോലെ വെണ്മയുള്ളതുമായിരുന്നു. കാവല്‌ക്കാർ ദൈവദൂതനെ കണ്ടു വിറച്ച് ചേതനയറ്റവരെപ്പോലെയായി. മാലാഖ സ്‍ത്രീകളോടു പറഞ്ഞു: “നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നത് എന്നെനിക്കറിയാം. അവിടുന്ന് ഇവിടെയില്ല; അവിടുന്നു പറഞ്ഞിരുന്നതുപോലെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. നിങ്ങൾ വന്ന് അവിടുത്തെ സംസ്കരിച്ച സ്ഥലം കാണുക. അവിടുന്നു മരിച്ചവരുടെ ഇടയിൽനിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു വേഗം പോയി അവിടുത്തെ ശിഷ്യന്മാരെ അറിയിക്കുക. അവിടുന്നു ഇതാ, നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകുന്നു; അവിടെവച്ച് നിങ്ങൾക്ക് അവിടുത്തെ കാണാം. ഞാൻ പറഞ്ഞത് നിങ്ങൾ ഓർത്തുകൊള്ളണം.” ആ സ്‍ത്രീകൾ ഭയത്തോടും എന്നാൽ അത്യധികമായ ആനന്ദത്തോടുംകൂടി ശിഷ്യന്മാരെ വിവരം അറിയിക്കുന്നതിനായി കല്ലറയ്‍ക്കൽനിന്നു വേഗം പോയി. പെട്ടെന്ന് യേശുതന്നെ അവർക്ക് അഭിമുഖമായി ചെന്ന്, അവരെ അഭിവാദനം ചെയ്തു. അവർ അടുത്തു ചെന്ന് അവിടുത്തെ പാദങ്ങൾ തൊട്ടു നമസ്കരിച്ചു. യേശു അവരോട്: “ഭയപ്പെടേണ്ടാ; നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകണമെന്നും അവിടെവച്ച് അവർ എന്നെ കാണുമെന്നും അറിയിക്കുക” എന്നു പറഞ്ഞു.
മത്തായി 28:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശബ്ബത്തിനു ശേഷം ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം പ്രഭാതം ആകുന്ന സമയം മഗ്ദലക്കാരത്തി മറിയയും അതെ പേരുള്ള മറ്റൊരു മറിയയും യേശുവിനെ അടക്കം ചെയ്ത കല്ലറ കാണ്മാൻ വന്നു. പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കിയതിനുശേഷം അതിന്മേൽ ഇരുന്നിരുന്നു. അവന്റെ രൂപം മിന്നലിന് സമവും അവന്‍റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു. കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറച്ച് മരിച്ചവരെപോലെ ആയി. ദൂതൻ സ്ത്രീകളോട്: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; യേശു ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്‍റെ ശിഷ്യന്മാരോട് പറവിൻ; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നത് പോലെ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു“ എന്നു പറഞ്ഞു. അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും, കൂടി കല്ലറ വിട്ടു അവന്‍റെ ശിഷ്യന്മാരോട് അറിയിക്കുവാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു: നിങ്ങൾക്ക് വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്‍റെ കാൽപിടിച്ച് അവനെ നമസ്കരിച്ചു. യേശു അവരോട്: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയ്ക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
മത്തായി 28:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു. കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി. ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു: നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
മത്തായി 28:1-10 സമകാലിക മലയാളവിവർത്തനം (MCV)
ശബ്ബത്തിനുശേഷം, ആഴ്ചയുടെ ആദ്യദിവസം ആരംഭത്തിൽ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ പോയി. അപ്പോൾ, കർത്താവിന്റെ ഒരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതിനാൽ അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ദൈവദൂതൻ വന്ന് ആ വലിയ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നു. ആ ദൂതൻ മിന്നൽപ്പിണരിനു സദൃശനും, വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും ആയിരുന്നു. കാവൽക്കാർ ദൂതനെക്കണ്ട് ഭയന്നുവിറച്ച് മരിച്ചവരെപ്പോലെയായി. ദൂതൻ സ്ത്രീകളോട്, “നിങ്ങൾ പരിഭ്രമിക്കേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. യേശു ഇവിടെ ഇല്ല! അവിടന്ന് പറഞ്ഞിരുന്നതുപോലെതന്നെ, അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! യേശുവിന്റെ മൃതദേഹം വെച്ചിരുന്ന സ്ഥലം വന്നു കാണുക. നിങ്ങൾ പെട്ടെന്നുതന്നെ ചെന്ന്, ‘യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും’ എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെ അറിയിക്കുക. ഇതാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്” എന്നു പറഞ്ഞു. സ്ത്രീകൾ ഭയപരവശരായിരുന്നെങ്കിലും ദൂതൻ അറിയിച്ച വാർത്ത ശിഷ്യന്മാരെ അറിയിക്കാൻ അത്യധികം ആനന്ദത്തോടുകൂടി കല്ലറയുടെ അടുത്തുനിന്ന് വേഗം ഓടിപ്പോയി. അപ്പോൾത്തന്നെ യേശു അവർക്ക് അഭിമുഖമായി വന്ന്, “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറുകെപ്പിടിച്ച് അദ്ദേഹത്തെ നമസ്കരിച്ചു. അപ്പോൾ യേശു അവരോട്, “ഭയപ്പെടേണ്ട, നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകാൻ പറയുക. അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.