മത്തായി 27:21-32

മത്തായി 27:21-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നാടുവാഴി അവരോട്: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിനു ബറബ്ബാസിനെ എന്ന് അവർ പറഞ്ഞു. പീലാത്തൊസ് അവരോട്: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചതിന്: അവനെ ക്രൂശിക്കേണം എന്ന് എല്ലാവരും പറഞ്ഞു. അവൻ ചെയ്ത ദോഷം എന്ത് എന്ന് അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്ന് അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾതന്നെ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനമൊക്കെയും ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന് ഏല്പിച്ചു. അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരേ വരുത്തി, അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്റെ തലയിൽ വച്ചു, വലംകൈയിൽ ഒരു കോലും കൊടുത്ത് അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പരിഹസിച്ചു പറഞ്ഞു. പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്ത് അവന്റെ തലയിൽ അടിച്ചു. അവനെ പരിഹസിച്ചു തീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി. അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു.

മത്തായി 27:21-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ഈ രണ്ടുപേരിൽ ആരെ വിട്ടയയ്‍ക്കണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ഗവർണർ ചോദിച്ചപ്പോൾ: “ബറബ്ബാസിനെ” എന്ന് അവർ പറഞ്ഞു. “അപ്പോൾ ക്രിസ്തു എന്നു പറയപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. “അയാളെ ക്രൂശിക്കുക” എന്ന് അവർ എല്ലാവരും ചേർന്നു വിളിച്ചുപറഞ്ഞു. “അയാൾ ചെയ്ത കുറ്റകൃത്യം എന്താണ്?” എന്നു പീലാത്തോസ് ചോദിച്ചു. എന്തുപറഞ്ഞാലും ഒരു ലഹള ഉണ്ടാകും എന്ന ഘട്ടമായപ്പോൾ പീലാത്തോസ് ജനസഞ്ചയത്തിന്റെ മുമ്പിൽവച്ച് വെള്ളം എടുത്തു കൈ കഴുകിക്കൊണ്ട്: “ഈ മനുഷ്യന്റെ രക്തം ചൊരിയുന്നതിൽ ഞാൻ നിരപരാധനാണ്; നിങ്ങൾ തന്നെ അതിനുത്തരവാദികൾ” എന്നു പറഞ്ഞു. “ഇയാളുടെ രക്തം ചൊരിയുന്നതിനുള്ള ശിക്ഷ ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും വന്നുകൊള്ളട്ടെ” എന്നു ജനക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു. അനന്തരം പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുന്നതിനായി അവരെ ഏല്പിച്ചു. പിന്നീടു പടയാളികൾ യേശുവിനെ പീലാത്തോസിന്റെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. പട്ടാളം മുഴുവനും അവിടുത്തെ ചുറ്റും കൂടിയിരുന്നു. അവർ അവിടുത്തെ മേലങ്കി ഊരി ഒരു കടുംചുമപ്പു വസ്ത്രം ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവിടുത്തെ ശിരസ്സിൽ വച്ചു, വലത്തു കൈയിൽ ഒരു വടിയും കൊടുത്തു; അനന്തരം അവർ അവിടുത്തെ മുമ്പിൽ മുട്ടുകുത്തി. “യെഹൂദന്മാരുടെ രാജാവ് നീണാൾ വാഴട്ടെ!” എന്നു പറഞ്ഞു പരിഹസിച്ചു. അവർ അവിടുത്തെമേൽ തുപ്പുകയും ആ വടികൊണ്ട് തലയ്‍ക്കടിക്കുകയും ചെയ്തു. ഇങ്ങനെ അവിടുത്തെ പരിഹസിച്ചശേഷം അവർ ധരിപ്പിച്ച വസ്ത്രം ഊരി സ്വന്തം മേലങ്കി ധരിപ്പിച്ചുകൊണ്ട് ക്രൂശിക്കുവാൻ കൊണ്ടുപോയി. അവർ പുറപ്പെട്ടപ്പോൾ കുറേന സ്വദേശിയായ ശിമോൻ എന്നയാളിനെ കണ്ടു. യേശുവിന്റെ കുരിശു ചുമക്കുവാൻ അവർ ശിമോനെ നിർബന്ധിച്ചു.

മത്തായി 27:21-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നാടുവാഴി അവരോട്: “ഈ ഇരുവരിൽ ആരെ വിട്ടുതരണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു?“ എന്നു ചോദിച്ചതിന് “ബറബ്ബാസിനെ“ എന്നു അവർ പറഞ്ഞു. പീലാത്തോസ് അവരോട്: “എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്ത് ചെയ്യേണ്ടു?“ എന്നു ചോദിച്ചതിന്: “അവനെ ക്രൂശിക്കേണം“ എന്നു എല്ലാവരും പറഞ്ഞു. “അവൻ ചെയ്ത അതിക്രമം എന്ത്?“ എന്നു അവൻ ചോദിച്ചു. “അവനെ ക്രൂശിക്കേണം“ എന്നു അവർ ഏറ്റവും അധികം നിലവിളിച്ചുപറഞ്ഞു. ലഹള അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തോസ് കണ്ടിട്ട് വെള്ളം എടുത്തു പുരുഷാരത്തിന് മുൻപാകെ കൈ കഴുകി: “ഈ കളങ്കമില്ലാത്തവൻ്റെ രക്തത്തിൽ ഞാൻ കളങ്കരഹിതൻ; നിങ്ങൾ തന്നെ നോക്കിക്കൊൾവിൻ“ എന്നു പറഞ്ഞു. “അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ“ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ച് ക്രൂശിക്കേണ്ടതിന് ഏല്പിച്ചു. അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ നടുത്തളത്തിലേക്ക് കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്‍റെ നേരെ വരുത്തി, അവന്‍റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്‍റെ തലയിൽ വച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്‍റെ മുമ്പിൽ മുട്ടുകുത്തി: “യെഹൂദന്മാരുടെ രാജാവേ, ജയജയ“ എന്നു പരിഹസിച്ചു പറഞ്ഞു. പിന്നെ അവന്‍റെമേൽ തുപ്പി, കോൽ എടുത്തു അവന്‍റെ തലയിൽ അടിച്ചു. അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ച്, ക്രൂശിപ്പാൻ കൊണ്ടുപോയി. അവർ പോകുമ്പോൾ ശിമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാൻ നിര്‍ബ്ബന്ധിച്ചു.

മത്തായി 27:21-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു. പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു. അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു. അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി, അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു. പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു. അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി. അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു.

മത്തായി 27:21-32 സമകാലിക മലയാളവിവർത്തനം (MCV)

“ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കണമെന്നതാണ് നിങ്ങളുടെ ആവശ്യം?” ഭരണാധികാരി ചോദിച്ചു. “ബറബ്ബാസിനെ,” അവർ മറുപടി പറഞ്ഞു. “അപ്പോൾ, ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് ചോദിച്ചു. “അവനെ ക്രൂശിക്ക!” അവർ ഏകസ്വരത്തിൽ പ്രതിവചിച്ചു. “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു. എന്നാൽ അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക!” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. തനിക്കൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല, മറിച്ച് ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്നു മനസ്സിലാക്കി, “ഈ മനുഷ്യന്റെ രക്തം സംബന്ധിച്ച് ഞാൻ നിരപരാധിയാണ്, നിങ്ങളാണ് ഇതിന് ഉത്തരവാദികൾ” എന്നു പറഞ്ഞ് പീലാത്തോസ് വെള്ളം എടുത്ത് ജനക്കൂട്ടം കാൺകെ തന്റെ കൈകഴുകി. “അയാളുടെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊള്ളട്ടെ,” അവർ എല്ലാവരുംകൂടി ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോൾ പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെയോ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു. ഉടനെതന്നെ പീലാത്തോസിന്റെ സൈനികർ യേശുവിനെ അവരുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി; തങ്ങളുടെ സഹസൈനികരെയെല്ലാം അദ്ദേഹത്തിനുമുമ്പിൽ വിളിച്ചുവരുത്തി. അവർ അദ്ദേഹത്തിന്റെ പുറങ്കുപ്പായം വലിച്ചൂരിയശേഷം ഒരു ചെമന്ന പുറങ്കുപ്പായം ധരിപ്പിച്ചു. ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. വലതുകൈയിൽ ഒരു വടി പിടിപ്പിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ കാൽക്കൽവീണ് “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്ന് അവർ പരിഹസിച്ചു പറഞ്ഞു. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും വടി പിടിച്ചുവാങ്ങി തലയിൽ ആ വടികൊണ്ട് അടിക്കുകയും ചെയ്തു. ഇങ്ങനെ, അദ്ദേഹത്തെ പരിഹസിച്ചുതീർന്നശേഷം പുറങ്കുപ്പായം മാറ്റി, സ്വന്തം വസ്ത്രം ധരിപ്പിച്ചു. പിന്നെ അവർ അദ്ദേഹത്തെ ക്രൂശിക്കാൻ കൊണ്ടുപോയി. അവർ പോകുമ്പോൾ കുറേനഗ്രാമവാസിയായ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു.