മത്തായി 26:69-75

മത്തായി 26:69-75 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്ത് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടു കൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. അതിന് അവൻ: നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്ന് എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ട് അവിടെ ഉള്ളവരോട്: ഇവനും നസറായനായ യേശുവിനോടുകൂടെയായിരുന്നു എന്നു പറഞ്ഞു. ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തു വന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.

മത്തായി 26:69-75 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഈ സമയത്ത് പത്രോസ് അരമനയുടെ അങ്കണത്തിലിരിക്കുകയായിരുന്നു. ഒരു പരിചാരിക അടുത്തുചെന്ന് “താങ്കളും ഗലീലക്കാരനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണല്ലോ?” എന്നു ചോദിച്ചു. പത്രോസാകട്ടെ “നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് എല്ലാവരുടെയും മുമ്പിൽവച്ചു നിഷേധിച്ചു. അദ്ദേഹം പടിപ്പുരയിലേക്കു പോകുമ്പോൾ മറ്റൊരു പരിചാരിക അദ്ദേഹത്തെ കണ്ട്, “ഈ മനുഷ്യനും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണ്” എന്നു പറഞ്ഞു. “എനിക്ക് ആ മനുഷ്യനെ അറിഞ്ഞുകൂടാ” എന്നു വീണ്ടും പത്രോസ് ആണയിട്ടു തള്ളിപ്പറഞ്ഞു. അല്പം കഴിഞ്ഞ് അവിടെ നിന്നിരുന്നവർ ചെന്നു പത്രോസിനോട് “നിശ്ചയമായും താങ്കൾ അവരിലൊരാളാണ്; താങ്കളുടെ സംസാരത്തിന്റെ രീതിപോലും അതു തെളിയിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പത്രോസ് “ഞാൻ ആ മനുഷ്യനെ അറിയുന്നില്ല” എന്നു പറഞ്ഞുകൊണ്ട് സത്യം ചെയ്യുവാനും സ്വയം ശപിക്കുവാനും തുടങ്ങി. ഉടനെ കോഴി കൂകി. “കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന് യേശു പറഞ്ഞത് അപ്പോൾ പത്രോസ് ഓർമിച്ചു. അദ്ദേഹം പുറത്തുപോയി തീവ്രദുഃഖത്താൽ പൊട്ടിക്കരഞ്ഞു.

മത്തായി 26:69-75 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ പത്രൊസ് പുറത്തു മുറ്റത്ത് ഇരുന്നു. അവന്‍റെ അടുക്കൽ ഒരു വേലക്കാരി പെൺകുട്ടി വന്നു: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ“ എന്നു പറഞ്ഞു. അതിന് അവൻ: “നീ പറയുന്നത് എന്ത് എന്നു ഞാൻ അറിയുന്നില്ല“ എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ മറ്റൊരു വേലക്കാരി പെൺകുട്ടി അവനെ കണ്ടു അവിടെയുള്ളവരോട്: “ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു“ എന്നു പറഞ്ഞു. “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല“ എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോട്: “നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്‍റെ ഉച്ചാരണവും അത് വ്യക്തമാക്കുന്നുവല്ലോ“ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു ശപിക്കുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞവാക്ക് പത്രൊസ് ഓർത്തു പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.

മത്തായി 26:69-75 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. എന്നാറെ: കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.

മത്തായി 26:69-75 സമകാലിക മലയാളവിവർത്തനം (MCV)

പത്രോസ് പുറത്ത് അങ്കണത്തിൽ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരി അദ്ദേഹത്തെ സമീപിച്ച്, “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. എന്നാൽ പത്രോസ് അവരുടെയെല്ലാം മുമ്പിൽവെച്ച് അതു നിഷേധിച്ച്, “നീ എന്താണ് പറയുന്നത് എനിക്ക്; മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞു. പിന്നെ അയാൾ അങ്കണകവാടത്തിലേക്ക് പോയി. അവിടെവെച്ച് മറ്റൊരു വേലക്കാരി അയാളെ കണ്ടിട്ട് അവിടെ ഉണ്ടായിരുന്നവരോട്, “ഈ മനുഷ്യൻ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നു പറഞ്ഞു. അയാൾ വീണ്ടും അതു നിഷേധിച്ചു; ആണയിട്ടുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു. അൽപ്പസമയം കഴിഞ്ഞ്, അവിടെ നിന്നിരുന്നവർ പത്രോസിന്റെ അടുക്കൽ ചെന്ന്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നിന്റെ ഉച്ചാരണംതന്നെ അതു വ്യക്തമാക്കുന്നല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്, “ഞാൻ ആ മനുഷ്യനെ അറിയുകയേ ഇല്ല!” എന്ന് അവരോടു പറഞ്ഞുകൊണ്ട് ആണയിടാനും ശപിക്കാനും തുടങ്ങി. ഉടനെ കോഴി കൂവി. അപ്പോൾ, “കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.