മത്തായി 25:14-21

മത്തായി 25:14-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഏല്പിച്ചു. ഒരുവന് അഞ്ചു താലന്ത്, ഒരുവനു രണ്ട്, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറേ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറേ രണ്ടു നേടി. ഒന്നു ലഭിച്ചവനോ പോയി നിലത്ത് ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറച്ചുവച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് യജമാനൻ: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.

മത്തായി 25:14-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“സ്വർഗരാജ്യം ഇതുപോലെയാണ്. ഒരാൾ ഒരു ദീർഘയാത്രയ്‍ക്കു പുറപ്പെട്ടപ്പോൾ ദാസന്മാരെ വിളിച്ച് തന്റെ സമ്പാദ്യം അവരെ ഏല്പിച്ചു. ഓരോരുത്തനും അവനവന്റെ പ്രാപ്തിക്കനുസരിച്ച് ഒരാൾക്ക് അഞ്ചു താലന്തും മറ്റൊരാൾക്കു രണ്ടും വേറൊരാൾക്ക് ഒന്നും കൊടുത്തു. പിന്നീട് അയാൾ യാത്രപുറപ്പെട്ടു. അഞ്ചു താലന്തു കിട്ടിയവൻ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി. അതുപോലെതന്നെ രണ്ടു കിട്ടിയവൻ രണ്ടുകൂടി സമ്പാദിച്ചു. ഒരു താലന്തു ലഭിച്ചയാൾ പോയി നിലത്ത് ഒരു കുഴി കുഴിച്ച് യജമാനൻ കൊടുത്ത പണം മറച്ചുവച്ചു. “ദീർഘകാലം കഴിഞ്ഞ് അവരുടെ യജമാനൻ തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്റെ കണക്കു ചോദിച്ചു. അഞ്ചു താലന്തു ലഭിച്ചവൻ അഞ്ചുകൂടി കൊണ്ടുവന്ന് തന്റെ യജമാനന്റെ മുമ്പിൽ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാൻ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’ യജമാനൻ അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തിൽ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങൾ ഏല്പിക്കും. വരിക, നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.

മത്തായി 25:14-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഒരു മനുഷ്യൻ വിദേശത്തു പോകുമ്പോൾ തന്‍റെ ദാസന്മാരെ വിളിച്ചു തന്‍റെ സമ്പത്ത് അവരെ ഭരമേല്പിച്ചു. അവരിൽ ഒരുവന് അഞ്ചു താലന്തു, ഒരുവന് രണ്ടു, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്‍റെ പ്രാപ്തിപോലെ കൊടുത്തതിനു ശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു കൂടെ സമ്പാദിച്ചു. അങ്ങനെ തന്നെ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു കൂടെ നേടി. ഒന്ന് ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ച് യജമാനന്‍റെ പണം മറച്ചുവച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കൽ വന്നു വേറെ അഞ്ചു താലന്തു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അവന്‍റെ യജമാനൻ: അവനെ അനുമോദിച്ചുകൊണ്ട്, നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പകാര്യങ്ങളിൽ പോലും വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അനേക കാര്യങ്ങൾക്ക് വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.

മത്തായി 25:14-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു. ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി. ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.

മത്തായി 25:14-21 സമകാലിക മലയാളവിവർത്തനം (MCV)

“ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്, മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി. അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി. എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു. “ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു. അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു. “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’