മത്തായി 24:45-51

മത്തായി 24:45-51 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന് അവരുടെമേൽ ആക്കിവച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവയ്ക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്ന് അവനെ ദണ്ഡിപ്പിച്ച് അവനു കപടഭക്തിക്കാരോടുകൂടെ പങ്കു കല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

മത്തായി 24:45-51 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“വിശ്വസ്തനും വിവേകിയുമായ ദാസൻ ആരാണ്? വീട്ടുകാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും വീട്ടിലുള്ളവർക്ക് യഥാവസരം ഭക്ഷണം കൊടുക്കുന്നതിനും യജമാനൻ നിയമിച്ച വിശ്വസ്തനും വിവേകിയുമായ ദാസൻ ആരാണ്? യജമാനൻ വരുമ്പോൾ അവൻ കൃത്യനിഷ്ഠയുള്ളവനായി കാണുന്നുവെങ്കിൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ. യജമാനൻ ആ ദാസനെ തന്റെ സർവസ്വത്തിന്റെയും കാര്യസ്ഥനായി നിയമിക്കും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാൽ ആ ദാസൻ ദുഷ്ടനാണെങ്കിൽ യജമാനൻ വരാൻ വൈകും എന്നു വിചാരിച്ച് അവൻ സഹഭൃത്യന്മാരെ അടിക്കുകയും മദ്യപന്മാരോടുകൂടി തിന്നുകുടിച്ചു കൂത്താടുകയും ചെയ്യും. ആ ദാസൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ഉദ്ദേശിക്കാത്ത സമയത്തും യജമാനൻ മടങ്ങിയെത്തും. അവനെ യജമാനൻ ശിക്ഷിക്കുകയും ജോലിയിൽ നിന്നു പിരിച്ചുവിട്ട് വഞ്ചകന്മാരുടെ കൂട്ടത്തിലേക്കു തള്ളുകയും ചെയ്യും; അവിടെ അവൻ കരയുകയും പല്ലുകടിക്കുകയും ചെയ്യും.

മത്തായി 24:45-51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ യജമാനൻ തന്‍റെ വീട്ടുകാർക്ക് തത്സമയത്ത് ഭക്ഷണം കൊടുക്കണ്ടതിന് അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്നാൽ അവൻ ഒരു ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ട് പറഞ്ഞു, കൂട്ട് ദാസന്മാരെ അടിക്കുവാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ ആ ദാസൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ച് അവന്‍റെ അവസാനം കപടഭക്തിക്കാരുടേതുപോലെ ആക്കും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

മത്തായി 24:45-51 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

മത്തായി 24:45-51 സമകാലിക മലയാളവിവർത്തനം (MCV)

“ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ. അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ, അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.