മത്തായി 24:32-42

മത്തായി 24:32-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതൊക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതില്ക്കൽതന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. നോഹയുടെ കാലംപോലെതന്നെ മനുഷ്യപുത്രന്റെ വരവും ആകും. ജലപ്രളയത്തിനു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്ന് എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെതന്നെ ആകും. അന്നു രണ്ടു പേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. രണ്ടു പേർ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും. നിങ്ങളുടെ കർത്താവ് ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ.

മത്തായി 24:32-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ഒരു അത്തിവൃക്ഷത്തെ ദൃഷ്ടാന്തമായി എടുക്കാം. അതിന്റെ ഇളംചില്ലകൾ പൊടിക്കുകയും അതു തളിർക്കുകയും ചെയ്യുമ്പോൾ വേനൽക്കാലം സമീപിച്ചു എന്നു നിങ്ങൾ മനസ്സിലാക്കുന്നു. അതുപോലെ ഇവയൊക്കെയും നിങ്ങൾ കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത് പടിക്കലെത്തിയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഇവയൊക്കെ സംഭവിക്കുന്നതുവരെ ഈ തലമുറ കഴിഞ്ഞുപോകുകയില്ല; ആകാശവും ഭൂമിയും അന്തർധാനം ചെയ്യും; എന്നാൽ എന്റെ വാക്കുകൾ എന്നേക്കും നിലനില്‌ക്കും. “ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്റെ പിതാവിനല്ലാതെ മറ്റാർക്കും സ്വർഗത്തിലെ ദൂതന്മാർക്കോ *പുത്രനുപോലുമോ അറിഞ്ഞുകൂടാ. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആയിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നത്. ജലപ്രളയത്തിനു മുമ്പു നോഹ പെട്ടകത്തിൽ പ്രവേശിച്ച ദിവസംവരെ ജനം തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തുപോന്നു. ജലപ്രളയം വന്ന് എല്ലാവരെയും നിർമാർജനം ചെയ്യുന്നതുവരെ അവർ ഒന്നും അറിഞ്ഞില്ല; ഇതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ വരവും. അപ്പോൾ രണ്ടുപേർ കൃഷിസ്ഥലത്തായിരിക്കും. ഒരുവനെ സ്വീകരിക്കുകയും അപരനെ തിരസ്കരിക്കുകയും ചെയ്യും; രണ്ടു സ്‍ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളുകയും മറ്റവളെ കൈവെടിയുകയും ചെയ്യും. “അതുകൊണ്ട് നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്ന് അറിയാത്തതിനാൽ ജാഗരൂകരായിരിക്കുക.

മത്തായി 24:32-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്‍റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ പ്രവേശനകവാടത്തിൽ തന്നെ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇവയൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞുപോകയില്ല. ആ ദിവസമോ സമയമോ സംബന്ധിച്ച് എന്‍റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. നോഹയുടെ കാലംപോലെ തന്നെ ആയിരിക്കും മനുഷ്യപുത്രന്‍റെ വരവിലും. ജലപ്രളയത്തിന് മുമ്പുള്ള കാലത്ത് നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ ഒന്നും അറിഞ്ഞതുമില്ല; മനുഷ്യപുത്രന്‍റെ വരവും അങ്ങനെ തന്നെ ആകും. അന്നു രണ്ടുപേർ വയലിൽ ആയിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ തള്ളികളയും. രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചു കൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും, മറ്റവളെ തള്ളിക്കളയും. അതുകൊണ്ട് നിങ്ങളെ തന്നെ സൂക്ഷിപ്പിൻ, കാരണം നിങ്ങളുടെ കർത്താവ് ഏത് ദിവസം വരും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ

മത്തായി 24:32-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും. അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും. നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.

മത്തായി 24:32-42 സമകാലിക മലയാളവിവർത്തനം (MCV)

“അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ. അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക. ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം. ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും. “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല. നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. പ്രളയത്തിനു മുമ്പുള്ള ദിവസങ്ങളിൽ, നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു. പ്രളയം വന്ന് എല്ലാവരെയും നശിപ്പിച്ചുകളയുന്നതുവരെ, എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആരും മനസ്സിലാക്കിയില്ല. മനുഷ്യപുത്രന്റെ പുനരാഗമനവും അങ്ങനെതന്നെ ആയിരിക്കും. അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും. രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും. “അതുകൊണ്ട്, നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്നറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക.