മത്തായി 23:23-28
മത്തായി 23:23-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനേ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിനു മുമ്പേ അവയുടെ അകം വെടിപ്പാക്കുക. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ പുറമേ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമേയോ കപടഭക്തിയും അധർമവും നിറഞ്ഞവരത്രേ.
മത്തായി 23:23-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“മതപണ്ഡിതന്മാരേ! പരീശന്മാരേ! കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ കർപ്പൂരം, തുളസി, ചതകുപ്പ, ജീരകം മുതലായവയുടെപോലും പത്തിലൊന്നു ദൈവത്തിന് അർപ്പിക്കുന്നു. എന്നാൽ യഥാർഥത്തിൽ ധർമശാസ്ത്രോപദേശങ്ങളിൽ പ്രാധാന്യമർഹിക്കുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുന്നു. മറ്റുള്ളവ ത്യജിക്കാതെ ഇവയും നിങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. അന്ധരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നു. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പാത്രങ്ങളുടെ പുറം തേച്ചുവെടിപ്പാക്കുന്നു. അതേസമയം അകം അക്രമവും സ്വാർഥതയുംകൊണ്ട് ആർജിച്ച വസ്തുക്കൾ നിറഞ്ഞിരിക്കുന്നു. അന്ധനായ പരീശാ, ആദ്യം പാത്രത്തിന്റെ അകം വെടിപ്പാക്കുക. അപ്പോൾ പുറവും വെടിപ്പായിക്കൊള്ളും. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! വെള്ള പൂശിയ ശവക്കല്ലറയ്‍ക്കു തുല്യരാണു നിങ്ങൾ. പുറമേ ഭംഗിയുള്ളതായി ആ കല്ലറകൾ കാണപ്പെടുന്നു. എന്നാൽ അകം മരിച്ചവരുടെ അസ്ഥികളും ജീർണിക്കുന്ന വസ്തുക്കളും നിറഞ്ഞിരിക്കുന്നു. അതുപോലെ നിങ്ങളും പുറമേ മറ്റുള്ളവരുടെ ദൃഷ്‍ടിയിൽ നീതിമാന്മാരായി കാണപ്പെടുന്നു; എന്നാൽ അകത്ത് കാപട്യവും അധർമങ്ങളും നിറഞ്ഞിരിക്കുന്നു.
മത്തായി 23:23-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനേ, മുമ്പെ പാനപാത്ര താലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും. ശാസ്ത്രിമാരും പരീശന്മാരും കപടഭക്തിക്കാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; വെള്ള തേച്ച ശവക്കല്ലറകളോട് നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ മനോഹരമായി കാണുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്ക് തോന്നുന്നു; അകമേയോ കപടഭക്തിയും അതിക്രമവും നിറഞ്ഞവരത്രേ.
മത്തായി 23:23-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.
മത്തായി 23:23-28 സമകാലിക മലയാളവിവർത്തനം (MCV)
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പുതിന, അയമോദകം, ജീരകം എന്നിവയിൽനിന്നു ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു. എന്നാൽ, ന്യായപ്രമാണത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത എന്നിങ്ങനെയുള്ളവയോ, നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്. അന്ധന്മാരായ വഴികാട്ടികളേ, കീടത്തെ അരിച്ചുകളയുന്ന നിങ്ങൾ ഒട്ടകത്തെ വിഴുങ്ങുന്നു! “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ അകമോ അത്യാർത്തിയും സ്വാർഥതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. അന്ധനായ പരീശാ, ആദ്യം പാനപാത്രത്തിന്റെയും തളികയുടെയും അകത്തുള്ളത് ശുദ്ധമെന്ന് ഉറപ്പുവരുത്തുക; അപ്പോൾ പുറവും ശുദ്ധമായിത്തീരും. “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! വെള്ളപൂശി അലങ്കരിച്ച ശവക്കല്ലറകൾപോലെയാണ് നിങ്ങൾ. പുറമേ കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ളതെങ്കിലും അകമേ, അവ മരിച്ചവരുടെ അസ്ഥികളാലും സകലവിധ മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു. അതുപോലെതന്നെ, നിങ്ങളും ജനമധ്യേ നീതിനിഷ്ഠരായി കാണപ്പെടുന്നു. പക്ഷേ, ഉള്ളിലോ കപടഭക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.