മത്തായി 23:13-33
മത്തായി 23:13-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. [കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുപ്പമേറിയ ശിക്ഷാവിധി വരും;] കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം. മൂഢന്മാരും കുരുടന്മാരുമായുള്ളോരേ, ഏതു വലിയത്? സ്വർണമോ സ്വർണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു. കുരുടന്മാരായുള്ളോരേ, ഏതു വലിയത്? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ? ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. സ്വർഗത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനേ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിനു മുമ്പേ അവയുടെ അകം വെടിപ്പാക്കുക. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ പുറമേ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമേയോ കപടഭക്തിയും അധർമവും നിറഞ്ഞവരത്രേ. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നെ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ അളവ് നിങ്ങൾ പൂരിച്ചുകൊൾവിൻ. പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
മത്തായി 23:13-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“കപടഭക്തരായ മതപണ്ഡിതന്മാരേ, പരീശന്മാരേ, നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യരുടെ നേരേ അടച്ചുകളയുന്നു. നിങ്ങളാകട്ടെ, അതിൽ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാൻ വരുന്നവരെ ഒട്ടു കടത്തിവിടുകയുമില്ല. മതപണ്ഡിതന്മാരേ, പരീശന്മാരേ! കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ നീണ്ട പ്രാർഥനകൾ ഉരുവിടുകയും വിധവകളെ ചൂഷണം ചെയ്ത് അവരുടെ വീടുകൾ അപഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു നിങ്ങൾക്കുള്ള ശിക്ഷാവിധി അതികഠിനമായിരിക്കും. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്കു ഹാ കഷ്ടം! ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ നിങ്ങൾ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. മതത്തിൽ ചേർന്നു കഴിഞ്ഞാൽ അയാളെ നിങ്ങളുടേതിന്റെ ഇരട്ടി നരകശിക്ഷയ്‍ക്കു പാത്രമാക്കുന്നു. അന്ധരായ വഴികാട്ടികളേ! നിങ്ങൾക്കു ഹാ കഷ്ടം! ഒരുവൻ ദേവാലയത്തെ ചൊല്ലി സത്യംചെയ്താൽ അതു സാരമില്ലെന്നും പ്രത്യുത, അതിലുള്ള സ്വർണത്തെച്ചൊല്ലി സത്യംചെയ്താൽ അതു നിറവേറ്റുവാൻ നിങ്ങൾ ബാധ്യസ്ഥരാണന്നുമല്ലേ നിങ്ങൾ പറയുന്നത്? അന്ധന്മാരേ! മൂഢന്മാരേ! ഏതാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്? സ്വർണമോ, സ്വർണത്തെ വിശുദ്ധീകരിക്കുന്ന ദേവാലയമോ? ഒരുവൻ യാഗപീഠത്തെച്ചൊല്ലി സത്യംചെയ്താൽ സാരമില്ലെന്നും യാഗപീഠത്തിൽ അർപ്പിക്കുന്ന വഴിപാടിനെച്ചൊല്ലി സത്യംചെയ്താൽ അതു നിറവേറ്റുവാൻ അവനു ബാധ്യതയുണ്ടെന്നും നിങ്ങൾ പഠിപ്പിക്കുന്നു. നിങ്ങൾ എത്രകണ്ട് അന്ധന്മാരാകുന്നു! ഏതാണു കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്? വഴിപാടോ, വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ? യാഗപീഠത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി സത്യംചെയ്യുന്നു. “ഒരുവൻ ദേവാലയത്തെച്ചൊല്ലി സത്യംചെയ്യുന്നെങ്കിൽ അതിനെയും അതിൽ വസിക്കുന്ന ദൈവത്തെയുംചൊല്ലി സത്യം ചെയ്യുന്നു. സ്വർഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയും ചൊല്ലിയത്രേ സത്യംചെയ്യുന്നത്. “മതപണ്ഡിതന്മാരേ! പരീശന്മാരേ! കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ കർപ്പൂരം, തുളസി, ചതകുപ്പ, ജീരകം മുതലായവയുടെപോലും പത്തിലൊന്നു ദൈവത്തിന് അർപ്പിക്കുന്നു. എന്നാൽ യഥാർഥത്തിൽ ധർമശാസ്ത്രോപദേശങ്ങളിൽ പ്രാധാന്യമർഹിക്കുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുന്നു. മറ്റുള്ളവ ത്യജിക്കാതെ ഇവയും നിങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. അന്ധരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നു. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പാത്രങ്ങളുടെ പുറം തേച്ചുവെടിപ്പാക്കുന്നു. അതേസമയം അകം അക്രമവും സ്വാർഥതയുംകൊണ്ട് ആർജിച്ച വസ്തുക്കൾ നിറഞ്ഞിരിക്കുന്നു. അന്ധനായ പരീശാ, ആദ്യം പാത്രത്തിന്റെ അകം വെടിപ്പാക്കുക. അപ്പോൾ പുറവും വെടിപ്പായിക്കൊള്ളും. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! വെള്ള പൂശിയ ശവക്കല്ലറയ്‍ക്കു തുല്യരാണു നിങ്ങൾ. പുറമേ ഭംഗിയുള്ളതായി ആ കല്ലറകൾ കാണപ്പെടുന്നു. എന്നാൽ അകം മരിച്ചവരുടെ അസ്ഥികളും ജീർണിക്കുന്ന വസ്തുക്കളും നിറഞ്ഞിരിക്കുന്നു. അതുപോലെ നിങ്ങളും പുറമേ മറ്റുള്ളവരുടെ ദൃഷ്‍ടിയിൽ നീതിമാന്മാരായി കാണപ്പെടുന്നു; എന്നാൽ അകത്ത് കാപട്യവും അധർമങ്ങളും നിറഞ്ഞിരിക്കുന്നു. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ നിർമിക്കുന്നു; സജ്ജനങ്ങളുടെ സ്മാരകങ്ങൾ അലങ്കരിക്കുന്നു. ‘പൂർവികരുടെ കാലത്ത് ഞങ്ങൾ ജീവിച്ചിരുന്നെങ്കിൽ അവർ ചെയ്തതുപോലെ ചെയ്യുകയോ പ്രവാചകന്മാരെ വധിക്കുന്നതിൽ പങ്കാളികളാകുകയോ ചെയ്യുകയില്ലായിരുന്നു’ എന്നു നിങ്ങൾ പറയുന്നു. അതുകൊണ്ട് പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങൾ ആണ് നിങ്ങൾ എന്ന് യഥാർഥത്തിൽ സമ്മതിക്കുകയാണു ചെയ്യുന്നത്. നിങ്ങളുടെ പൂർവികർ തുടങ്ങിവച്ചതു പൂർത്തിയാക്കിക്കൊള്ളുക. സർപ്പങ്ങളേ! സർപ്പസന്തതികളേ! നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ ഓടി രക്ഷപെടും?
മത്തായി 23:13-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾതന്നെ കടക്കുന്നതുമില്ല, കടക്കുന്നവരെ കടക്കുവാൻ സമ്മതിക്കുന്നതുമില്ല. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; നിങ്ങളുടെ മതത്തിൽ ചേർന്നശേഷം അവനെ നിങ്ങളേക്കാൾ ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നു. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് ഹാ കഷ്ടം; ആരെങ്കിലും മന്ദിരത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെക്കൊണ്ട് സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിന് ബാധ്യസ്ഥൻ എന്നും പറയുന്നു. കുരുടരായ മൂഢന്മാരേ, ഏത് വലിയത്? സ്വർണ്ണമോ സ്വർണ്ണത്തെ വിശുദ്ധീകരിച്ച മന്ദിരമോ? യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല; അതിന്മേലുള്ള വഴിപാടിനാൽ സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിനു ബാധ്യസ്ഥൻ എന്നു നിങ്ങൾ പറയുന്നു. കുരുടന്മാരായുള്ളോരേ, ഏത് വലിയത്? വഴിപാടോ വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ? ആകയാൽ യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലവഴിപാടിനാലും സത്യം ചെയ്യുന്നു. മന്ദിരത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ഓർത്തു സത്യം ചെയ്യുന്നു. സ്വർഗ്ഗത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ഓർത്തു സത്യം ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനേ, മുമ്പെ പാനപാത്ര താലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും. ശാസ്ത്രിമാരും പരീശന്മാരും കപടഭക്തിക്കാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; വെള്ള തേച്ച ശവക്കല്ലറകളോട് നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ മനോഹരമായി കാണുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്ക് തോന്നുന്നു; അകമേയോ കപടഭക്തിയും അതിക്രമവും നിറഞ്ഞവരത്രേ. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ട്: ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയിക്കുന്നതിൽ അവരോട് കൂടെ പങ്കാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നെ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ പാപത്തിന്‍റെ അളവ് നിങ്ങൾ പൂരിപ്പിച്ചു കൊൾവിൻ. സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ നരകന്യായവിധി എങ്ങനെ ഒഴിഞ്ഞുപോകും?
മത്തായി 23:13-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. [കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും.] കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം. മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു. കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ? ആകയാൽ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ അളവുനിങ്ങൾ പൂരിച്ചു കൊൾവിൻ. പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
മത്തായി 23:13-33 സമകാലിക മലയാളവിവർത്തനം (MCV)
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യർക്കുനേരേ കൊട്ടിയടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല, പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെ അനുവദിക്കുന്നതുമില്ല. കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ വിധവകളെ ചൂഷണംചെയ്ത് അവരുടെ വീടുകൾ കവർന്നെടുക്കുന്നു. എന്നാൽ, മറ്റുള്ളവരെ കേൾപ്പിക്കേണ്ടതിന് ദീർഘമായി പ്രാർഥിക്കുന്നു. മറ്റുള്ളവർക്കു ലഭിക്കുന്നതിലും അതിഭീകരമായ ശിക്ഷ നിങ്ങൾക്കു ലഭിക്കും. “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ഒരാളെ മതപരിവർത്തനം ചെയ്യാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. ആ വ്യക്തി നിങ്ങളോടൊപ്പം ചേർന്നാലോ; നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന നരകശിക്ഷയുടെ ഇരട്ടിക്ക് അവരെ അർഹരാക്കുന്നു. “അന്ധന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ‘ഒരാൾ ദൈവാലയത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും ദൈവാലയത്തിലെ സ്വർണത്തെക്കൊണ്ട് ആണയിട്ടാൽ അയാൾ തന്റെ ശപഥം നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും,’ നിങ്ങൾ പറയുന്നു. അന്ധന്മാരേ, ഭോഷന്മാരേ, ഏതാണ് ശ്രേഷ്ഠം? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ? ആരെങ്കിലും, ‘യാഗപീഠത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും അതിന്മേലുള്ള വഴിപാടിനെക്കൊണ്ട് ആണയിട്ടാൽ അയാളതു നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും’ നിങ്ങൾ പറയുന്നു. ഹേ അന്ധന്മാരേ, ഏതാണ് ശ്രേഷ്ഠമായിട്ടുള്ളത്? വഴിപാടോ, വഴിപാടിനെ പവിത്രമാക്കുന്ന യാഗപീഠമോ? അതിനാൽ യാഗപീഠത്തെക്കൊണ്ട് ആണയിടുന്ന വ്യക്തി യാഗപീഠത്തെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി ആണയിടുന്നു. ദൈവാലയത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവാലയത്തെയും അതിൽ നിവസിക്കുന്ന ദൈവത്തെയുംചൊല്ലി ആണയിടുന്നു. സ്വർഗത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവസിംഹാസനത്തെയും അതിന്മേൽ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയുംകൊണ്ടാണ് ആണയിടുന്നത്. “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പുതിന, അയമോദകം, ജീരകം എന്നിവയിൽനിന്നു ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു. എന്നാൽ, ന്യായപ്രമാണത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത എന്നിങ്ങനെയുള്ളവയോ, നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്. അന്ധന്മാരായ വഴികാട്ടികളേ, കീടത്തെ അരിച്ചുകളയുന്ന നിങ്ങൾ ഒട്ടകത്തെ വിഴുങ്ങുന്നു! “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ അകമോ അത്യാർത്തിയും സ്വാർഥതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. അന്ധനായ പരീശാ, ആദ്യം പാനപാത്രത്തിന്റെയും തളികയുടെയും അകത്തുള്ളത് ശുദ്ധമെന്ന് ഉറപ്പുവരുത്തുക; അപ്പോൾ പുറവും ശുദ്ധമായിത്തീരും. “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! വെള്ളപൂശി അലങ്കരിച്ച ശവക്കല്ലറകൾപോലെയാണ് നിങ്ങൾ. പുറമേ കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ളതെങ്കിലും അകമേ, അവ മരിച്ചവരുടെ അസ്ഥികളാലും സകലവിധ മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു. അതുപോലെതന്നെ, നിങ്ങളും ജനമധ്യേ നീതിനിഷ്ഠരായി കാണപ്പെടുന്നു. പക്ഷേ, ഉള്ളിലോ കപടഭക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുകയും നീതിനിഷ്ഠരുടെ കല്ലറകൾ അലങ്കരിക്കുകയുംചെയ്യുന്നു. ‘ഞങ്ങളുടെ പിതൃക്കളുടെ കാലത്തായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതെങ്കിൽ പ്രവാചകരുടെ രക്തം ചൊരിയിക്കുന്നതിൽ ഞങ്ങൾ പങ്കുകാരാകുകയില്ലായിരുന്നു’ എന്നും നിങ്ങൾ പറയുന്നു. ഇങ്ങനെ, പ്രവാചകരെ കൊന്നവരുടെ പിൻഗാമികളെന്നു നിങ്ങൾതന്നെ നിങ്ങൾക്കെതിരായി സാക്ഷ്യം പറയുന്നു. നിങ്ങളുടെ പൂർവികർ ആരംഭിച്ചത് നിങ്ങൾതന്നെ പൂർത്തീകരിക്കുക. “സർപ്പങ്ങളേ, അണലിക്കുഞ്ഞുങ്ങളേ, നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും?