മത്തായി 23:1-10

മത്തായി 23:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞത്: ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. ആകയാൽ അവർ നിങ്ങളോടു പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതുതാനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല. അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നത്; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗസ്ഥൻ തന്നെ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.

മത്തായി 23:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അനന്തരം യേശു ജനസമൂഹത്തോടും തന്റെ ശിഷ്യന്മാരോടും ഇങ്ങനെ പറഞ്ഞു: പരീശന്മാരും മതപണ്ഡിതന്മാരും മോശയുടെ പിൻഗാമികളായി അദ്ദേഹത്തിന്റെ ധർമപീഠത്തിലിരുന്നു പഠിപ്പിക്കുന്നവരാണല്ലോ. അതുകൊണ്ട് നിങ്ങൾ അവർ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എന്നാൽ അവരുടെ പ്രവൃത്തികളെ നിങ്ങൾ അനുകരിക്കരുത്. അവർ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നില്ലല്ലോ. അവർ ഭാരമേറിയതും ദുർവഹവുമായ ചുമടുകൾ മനുഷ്യരുടെ ചുമലിൽ കെട്ടിവയ്‍ക്കുന്നു. എന്നാൽ ഒരു ചെറുവിരൽകൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുവാൻ അവർക്കു മനസ്സില്ല. അവരുടെ പ്രവൃത്തികളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. നോക്കൂ, വേദമന്ത്രങ്ങൾ എഴുതിയ അവരുടെ നെറ്റിപ്പട്ടകൾക്കു വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നതു കണ്ടില്ലേ? അവർ സദ്യക്കിരിക്കുമ്പോൾ മാന്യസ്ഥാനവും സുനഗോഗുകളിൽ പ്രധാന ഇരിപ്പിടവും ചന്തസ്ഥലത്തുവച്ച് അഭിവാദനവും മറ്റുള്ളവരിൽനിന്ന് റബ്ബീ എന്ന അഭിസംബോധനയും ഇഷ്ടപ്പെടുന്നു. എന്നാൽ നിങ്ങൾ റബ്ബീ എന്നു വിളിക്കപ്പെടുവാൻ ആഗ്രഹിക്കരുത്; ഒരുവൻ മാത്രമാണല്ലോ നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും സഹോദരന്മാരത്രേ. ഭൂമിയിൽ ആരെയും നിങ്ങൾ പിതാവെന്നു വിളിക്കരുത്; സ്വർഗസ്ഥനായ ഒരു പിതാവുമാത്രമേ നിങ്ങൾക്കുള്ളൂ. നേതാവ് എന്ന പേരും നിങ്ങൾ സ്വീകരിക്കരുത്. ഒരുവൻ മാത്രമാണ് നിങ്ങളുടെ നേതാവ് -’ക്രിസ്തു’ തന്നെ.

മത്തായി 23:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യേശു പുരുഷാരത്തോടും തന്‍റെ ശിഷ്യന്മാരോടും പറഞ്ഞത്: ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ സ്ഥാനത്ത് ഇരിക്കുന്നു. ആകയാൽ അവർ നിങ്ങളോടു കല്പിക്കുന്നവ ഒക്കെയും അനുസരിക്കുകയും നിരീക്ഷിക്കുകയും ചെയ്‌വിൻ; അവരുടെ പ്രവർത്തികളെ അനുകരിക്കരുതുതാനും. അവർ കാര്യങ്ങൾ പറയുന്നതല്ലാതെ അവയെ ചെയ്യുന്നില്ലല്ലോ. അതെ അവർ ചുമക്കുവാൻ വഹിയാത്ത ഘനമുള്ള ഭാരങ്ങളെ കെട്ടി മനുഷ്യരുടെ തോളിൽ വെയ്ക്കുന്നു; എങ്കിലും ഒരു വിരൽ കൊണ്ടുപോലും അവയെ വഹിക്കുവാൻ അവർക്ക് മനസ്സില്ല. അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ടവീതിയാക്കി വസ്ത്രത്തിന്‍റെ അരികുകൾ വലുതാക്കുന്നു. വിരുന്നു സൽക്കാരങ്ങളിൽ പ്രധാനസ്ഥലവും പള്ളിയിൽ പ്രധാന ഇരിപ്പിടങ്ങളും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്ക് പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുവൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായവൻ തന്നെ. നിങ്ങൾ ഗുരു എന്നും പേർ എടുക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ ഗുരുനാഥൻ, ക്രിസ്തു തന്നെ.

മത്തായി 23:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു: ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‌വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല. അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.

മത്തായി 23:1-10 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടുമായി ഇപ്രകാരം പറഞ്ഞു: “വേദജ്ഞരും പരീശന്മാരും മോശയുടെ സിംഹാസനത്തിൽ ഉപവിഷ്ടരാണ്. അതുകൊണ്ട് അവർ നിങ്ങളോടു പറയുന്നതെല്ലാം സസൂക്ഷ്മം അനുവർത്തിക്കണം; എന്നാൽ, അവരുടെ ജീവിതശൈലി മാതൃകയാക്കരുത്. കാരണം, തങ്ങൾ ഉപദേശിക്കുന്നതല്ല, അവർ അനുവർത്തിച്ചുവരുന്നത്. അവർ ഭാരമുള്ളതും ചുമക്കാൻ വളരെ പ്രയാസമുള്ളതുമായ ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് അവർക്കില്ല. “മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി മാത്രമാണ് അവർ എല്ലാം ചെയ്യുന്നത്. അവർ അവരുടെ വേദപ്പട്ടകൾക്കു വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നു. വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും അവർ ആഗ്രഹിക്കുന്നു. ജനം ചന്തസ്ഥലങ്ങളിൽ അവരെ അഭിവാദനംചെയ്യുന്നതും ‘റബ്ബീ’ എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു. “ആരും നിങ്ങളെ ‘റബ്ബീ’ എന്നു വിളിക്കാൻ അനുവദിക്കരുത്. ഒരാൾമാത്രമാണ് നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും പരസ്പരം സഹോദരീസഹോദരന്മാർമാത്രം. ഭൂമിയിൽ ആരെയും ബഹുമാനാർഥം ‘പിതാവ്’ എന്ന് അഭിസംബോധന ചെയ്യരുത്; സ്വർഗസ്ഥപിതാവെന്ന ഒരേയൊരു പിതാവേ നിങ്ങൾക്കുള്ളൂ. നിങ്ങളിൽ ആരും ‘ഗുരു’ എന്നു വിളിക്കപ്പെടരുത്; ക്രിസ്തുമാത്രമാണ് നിങ്ങൾക്കുള്ള ഏക ‘ഗുരു.’