മത്തായി 22:27-40

മത്തായി 22:27-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. അതിനു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ? ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്ന് അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ. പുരുഷാരം ഇതു കേട്ടിട്ട് അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചുകൂടി, അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയത് എന്നു ചോദിച്ചു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

മത്തായി 22:26-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രണ്ടാമനും മൂന്നാമനും ഏഴാമൻ വരെയും അങ്ങനെ എല്ലാവർക്കും അപ്രകാരം സംഭവിച്ചു. അവസാനം ആ സ്‍ത്രീയും അന്തരിച്ചു. പുനരുത്ഥാനത്തിൽ അവൾ ഈ ഏഴുപേരിൽ ആരുടെ ഭാര്യ ആയിരിക്കും? അവൾ എല്ലാവരുടെയും ഭാര്യ ആയിരുന്നല്ലോ.” യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “വേദലിഖിതങ്ങളും ദൈവത്തിന്റെ ശക്തിയും നിങ്ങൾ മനസ്സിലാക്കാത്തതുകൊണ്ട് നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു. പുനരുത്ഥാനത്തിൽ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? ദൈവം അരുളിച്ചെയ്തത് ഇങ്ങനെയാണ്: ‘ഞാൻ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല. ജീവിക്കുന്നവരുടെ ദൈവമാകുന്നു.’ ഇതു കേട്ടപ്പോൾ അവിടുത്തെ പ്രബോധനത്തിൽ ജനങ്ങൾ വിസ്മയിച്ചു. സാദൂക്യരെ യേശു മൊഴിമുട്ടിച്ച വിവരം കേട്ടപ്പോൾ പരീശന്മാർ ഒത്തുകൂടി വന്നു. അവരിൽ ഒരു മതപണ്ഡിതൻ ഒരു ചോദ്യത്തിലൂടെ അവിടുത്തെ കെണിയിൽ വീഴ്ത്തുവാൻ ശ്രമിച്ചു. അയാൾ ചോദിച്ചു: “ഗുരോ, ധർമശാസ്ത്രത്തിലെ ഏറ്റവും മുഖ്യമായ കല്പന ഏതാണ്?” യേശു പ്രതിവചിച്ചു: “നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും കൂടി സ്നേഹിക്കുക; ഇതാണ് ഏറ്റവും ശ്രേഷ്ഠവും സുപ്രധാനവുമായ കല്പന. രണ്ടാമത്തേതും ഇതിനു സമമാണ്: നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക. സമസ്ത ധർമശാസ്ത്രവും പ്രവാചകന്മാരുടെ പ്രബോധനങ്ങളും ഈ രണ്ടു കല്പനകളിൽ അന്തർഭവിച്ചിരിക്കുന്നു.”

മത്തായി 22:27-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്ക് ഭാര്യയാകും? എല്ലാവർക്കും അവൾ ഭാര്യ ആയിരുന്നുവല്ലോ“ എന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ട് തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന് കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നത്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടില്ലയോ? ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, മറിച്ച് ജീവനുള്ളവരുടെ ദൈവമത്രേ. പുരുഷാരം ഇതു കേട്ടിട്ടു അവന്‍റെ ഉപദേശത്തിൽ വിസ്മയിച്ചു. സദൂക്യരെ അവൻ നിശബ്ദരാക്കിയെന്ന് കേട്ടിട്ടു പരീശന്മാർ ഒന്നിച്ച് കൂടി, അവരിൽ നിയമപണ്ഡിതനായ ഒരുവൻ: “ഗുരോ, ന്യായപ്രമാണത്തിൽ ഏറ്റവും മഹത്തരമായ കല്പന ഏത്?“ എന്നു യേശുവിനെ പരീക്ഷിച്ച് ചോദിച്ചു. യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കേണം. ഇത് മഹത്തരവും, ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതും അതിനോട് സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

മത്തായി 22:27-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ? ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ. പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി, അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

മത്തായി 22:27-40 സമകാലിക മലയാളവിവർത്തനം (MCV)

ഒടുവിൽ ആ സ്ത്രീയും മരിച്ചു. അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ ആ സ്ത്രീ ആരുടെ ഭാര്യയായിത്തീരും? ആ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ.” അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്. പുനരുത്ഥിത ജീവിതത്തിൽ മനുഷ്യർ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും. മരിച്ചവർ ഉയിർത്തെഴുന്നേൽക്കും എന്നതിനെക്കുറിച്ച്: ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം നിങ്ങളോട് അരുളിച്ചെയ്തത് വായിച്ചിട്ടില്ലേ? അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്.” ഇതു കേട്ട ജനസഞ്ചയം, അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചു. യേശു സദൂക്യരെ ഉത്തരംമുട്ടിച്ചു എന്നു പരീശന്മാർ കേട്ടപ്പോൾ അവർ സംഘടിച്ചു; അവരിൽ ഒരു നിയമജ്ഞൻ, യേശുവിനെ പരീക്ഷിച്ചുകൊണ്ട്, “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും മഹത്തായ കൽപ്പന ഏതാണ്?” എന്നു ചോദിച്ചു. അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’ ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’ സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.