മത്തായി 22:1-5
മത്തായി 22:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു പിന്നെയും അവരോട് ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗരാജ്യം തന്റെ പുത്രനുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിനു ക്ഷണിച്ചവരെ വിളിക്കേണ്ടതിനു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിച്ച മൃഗങ്ങളെയും അറുത്ത്, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിനു വരുവിൻ എന്നു ക്ഷണിച്ചവരോടു പറയിച്ചു. അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.
മത്തായി 22:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു വീണ്ടും ജനങ്ങളോടു ദൃഷ്ടാന്തരൂപേണ സംസാരിച്ചു: “സ്വപുത്രന്റെ വിവാഹത്തിനു സദ്യ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണു സ്വർഗരാജ്യം. ക്ഷണിക്കപ്പെട്ടവരെ വിളിച്ചുകൊണ്ടു വരാൻ രാജാവു ഭൃത്യന്മാരെ അയച്ചു. എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല. ‘ഇതാ വിരുന്ന് ഒരുക്കിക്കഴിഞ്ഞിരിക്കുന്നു; കാളകളെയും കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിട്ടുണ്ട്; കല്യാണസദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: വന്നാലും എന്നു ക്ഷണിക്കപ്പെട്ടവരോടു പറയുക’ എന്നു പറഞ്ഞ് രാജാവു വീണ്ടും ഭൃത്യന്മാരെ അയച്ചു. ക്ഷണിക്കപ്പെട്ടവരാകട്ടെ, അതു ഗണ്യമാക്കിയില്ല. ഒരുവൻ തന്റെ കൃഷിസ്ഥലത്തേക്കും മറ്റൊരുവൻ തന്റെ വ്യാപാരസ്ഥലത്തേക്കും പോയി.
മത്തായി 22:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗ്ഗരാജ്യം തന്‍റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്‍റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിന് വരുവിൻ എന്നു ക്ഷണിച്ചവരോട് പറയിച്ചു. എന്നാൽ അവർ അവന്‍റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു.
മത്തായി 22:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു. അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
മത്തായി 22:1-5 സമകാലിക മലയാളവിവർത്തനം (MCV)
യേശു സാദൃശ്യകഥകളിലൂടെ പിന്നെയും അവരോടു സംസാരിച്ചു: “തന്റെ മകനുവേണ്ടി കല്യാണവിരുന്ന് ഒരുക്കിയ ഒരു രാജാവിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. ക്ഷണിക്കപ്പെട്ടിരുന്നവരുടെ അടുത്തേക്ക് രാജാവ് തന്റെ ഭൃത്യന്മാരെ അയച്ച്, വിരുന്നുസൽക്കാരത്തിന് വരണമെന്ന അറിയിപ്പ് നൽകി. എന്നാൽ, വിരുന്നിനുള്ള ആ അറിയിപ്പ് അവർ തിരസ്കരിച്ചു. “രാജാവ് വേറെ കുറെ ഭൃത്യന്മാരെക്കൂടി വിളിച്ച്, ‘നാം ഒരുക്കുന്ന വിരുന്നുസദ്യ തയ്യാറായിരിക്കുന്നു; കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറത്തു; സകലതും സജ്ജമായിരിക്കുന്നു. നിങ്ങൾ പോയി കല്യാണവിരുന്നിന് വരിക എന്ന് ക്ഷണിക്കപ്പെട്ടവരോട് അറിയിക്കുക’ എന്നു കൽപ്പിച്ച് അയച്ചു. “എന്നാൽ, ക്ഷണിതാക്കൾ അതൊന്നും ഗൗനിക്കാതെ, ഒരുവൻ തന്റെ വയലിലേക്കും മറ്റൊരുവൻ തന്റെ വ്യാപാരത്തിനും പോയി.