മത്തായി 21:23-46
മത്തായി 21:23-46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നത് ആർ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്ത് അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെനിന്ന്? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നത് എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോട്: ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞത്: എന്നാൽ ഞാൻ ഇത് എന്ത് അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല. എങ്കിലും നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്കു മനസ്സില്ല എന്ന് അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്ന് അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും. ഈ രണ്ടു പേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തത്? ഒന്നാമത്തവൻ എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല. മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിനു വേലി കെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ടു പരദേശത്തു പോയി. ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന് അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു. കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നെ ചെയ്തു. ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്ന് അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോട് എന്തു ചെയ്യും? അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറേ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്ന് അവർ അവനോടു പറഞ്ഞു. യേശു അവരോട്: “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ട്, തങ്ങളെക്കൊണ്ടു പറയുന്നു എന്ന് അറിഞ്ഞ്, അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവരെ ഭയപ്പെട്ടു.
മത്തായി 21:23-46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങൾ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാൻ പറയാം. സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തിൽനിന്നോ? മനുഷ്യരിൽനിന്നോ? അപ്പോൾ അവർ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാൽ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” അതുകൊണ്ട് “ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു. “എങ്കിൽ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു. “ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാൾ മൂത്തപുത്രന്റെ അടുത്തുചെന്ന് ‘മകനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്യുക’ എന്നു പറഞ്ഞു. ‘എനിക്കു മനസ്സില്ല’ എന്ന് അവൻ മറുപടി പറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് പണിക്കുപോയി. ഇളയപുത്രനോടും അയാൾ അങ്ങനെ പറഞ്ഞു. ‘ഞാൻ പോകാം’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. നിങ്ങൾക്ക് എന്തു തോന്നുന്നു? ഇവരിൽ ആരാണ് പിതാവിന്റെ അഭീഷ്ടം അനുസരിച്ചു ചെയ്തത്?” “മൂത്തപുത്രൻ” എന്ന് അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞു. “ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും ആയിരിക്കും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. ധർമമാർഗം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകയോഹന്നാൻ വന്നു; നിങ്ങളാകട്ടെ അദ്ദേഹത്തെ വിശ്വസിച്ചില്ല; ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും അദ്ദേഹത്തെ വിശ്വസിച്ചു. അതു കണ്ടിട്ടുപോലും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തെ വിശ്വസിച്ചില്ല. “വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതിൽ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവൽമാടം നിർമിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാൾ വിദേശത്തേക്കു പുറപ്പെട്ടു. മുന്തിരിയുടെ വിളവെടുപ്പിനുള്ള കാലം സമീപിച്ചപ്പോൾ തനിക്കു കിട്ടാനുള്ള പാട്ടം വാങ്ങുന്നതിനായി സ്ഥലമുടമസ്ഥൻ തന്റെ ദാസന്മാരെ ആ പാട്ടക്കാരുടെ അടുക്കൽ അയച്ചു. എന്നാൽ അവർ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു. അയാൾ വീണ്ടും ആദ്യത്തേതിനെക്കാൾ അധികം ദാസന്മാരെ അയച്ചു. അവരോടും അവർ അങ്ങനെതന്നെ ചെയ്തു. അവസാനം തന്റെ പുത്രനെത്തന്നെ അയാൾ അവരുടെ അടുക്കൽ അയച്ചു: ‘നിശ്ചയമായും എന്റെ മകനെ അവർ ആദരിക്കും’ എന്ന് അയാൾ വിചാരിച്ചു. പാട്ടക്കാരാകട്ടെ പുത്രനെ കണ്ടപ്പോൾ ‘ഇവനാണു തോട്ടത്തിന്റെ അവകാശി; വരിക, നമുക്ക് ഇവനെ കൊല്ലാം; അങ്ങനെ അവന്റെ സ്വത്തു നമുക്കു കൈവശപ്പെടുത്താം’ എന്ന് അന്യോന്യം പറഞ്ഞു; പിന്നീട് അവനെ പിടിച്ച് തോട്ടത്തിനു പുറത്തു തള്ളി അവനെ കൊന്നുകളഞ്ഞു. “ഇനിയും തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ ആ പാട്ടക്കാരോട് എന്തു ചെയ്യും?” എന്ന് യേശു ചോദിച്ചു. “അയാൾ നിശ്ചയമായും ആ നിഷ്ഠുരന്മാരെ നിഗ്രഹിക്കുകയും പാട്ടം യഥാവസരം നല്‌കുന്ന മറ്റു പാട്ടക്കാരെ തോട്ടം ഏല്പിക്കുകയും ചെയ്യും” എന്ന് അവർ മറുപടി നല്‌കി. യേശു അവരോട് അരുൾചെയ്തു: “പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മർമപ്രധാനമായ മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു ചെയ്തത് കർത്താവാകുന്നു; ഇതെത്ര അദ്ഭുതകരം!” ഈ വേദഭാഗം നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളിൽ നിന്നെടുത്ത് തക്കഫലം നല്‌കുന്ന ജനതയ്‍ക്കു നല്‌കും. ഈ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേൽ വീണാൽ അത് അവനെ തകർത്തുകളയും.” മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിന്റെ സദൃശോക്തികൾ കേട്ടപ്പോൾ തങ്ങളെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കി. അതുകൊണ്ട് അവിടുത്തെ പിടിക്കുവാൻ അവർ ശ്രമിച്ചു. എന്നാൽ അവർ ജനങ്ങളെ ഭയപ്പെട്ടു. ജനങ്ങൾ അവിടുത്തെ ഒരു പ്രവാചകനായിട്ടത്രേ എണ്ണിയിരുന്നത്.
മത്തായി 21:23-46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: “നീ എന്ത് അധികാരംകൊണ്ട് ഇവ ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ?“ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കും; അത് നിങ്ങൾ എന്നോട് പറഞ്ഞാൽ എന്ത് അധികാരംകൊണ്ട് ഞാൻ ഇതു ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെ നിന്ന്? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: “സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ കാണുന്നത് എന്നു പറഞ്ഞു. എന്നിട്ട് അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു.“ അവനും അവരോട് പറഞ്ഞത്: എന്നാൽ ഞാൻ ഇതു എന്ത് അധികാരംകൊണ്ട് ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല. എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്ക് മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. രണ്ടാമത്തവൻ്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം യജമാനനേ എന്നു അവൻ ഉത്തരം പറഞ്ഞു; എന്നാൽ പോയില്ലതാനും. ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായി ദൈവരാജ്യത്തിൽ കടക്കും എന്നു സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗ്ഗത്തിലൂടെ നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അത് കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല. മറ്റൊരു ഉപമ കേൾക്കുവിൻ ധാരാളം ഭൂപ്രദേശമുള്ള ഒരു മനുഷ്യനുണ്ടായിരുന്നു അവൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന് വേലികെട്ടി, അതിൽ ചക്ക് കുഴിച്ചിട്ട്, ഗോപുരവും പണിതു; പിന്നെ മുന്തിരി കൃഷിക്കാർക്ക് പാട്ടത്തിന് ഏല്പിച്ചിട്ട് മറ്റൊരു ദേശത്തുപോയി. മുന്തിരിവിളവ് എടുക്കുന്ന കാലം സമീപിച്ചപ്പോൾ തനിക്കുള്ള വിളവ് വാങ്ങുവാനായി അവൻ ദാസന്മാരെ മുന്തിരി കൃഷിക്കാരുടെ അടുക്കൽ അയച്ചു. മുന്തിരി കൃഷിക്കാർ അവന്‍റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നെ ചെയ്തു. ഒടുവിൽ മുന്തിരിത്തോട്ടത്തിന്‍റെ ഉടമ: എന്‍റെ മകനെ അവർ ബഹുമാനിക്കും എന്നു പറഞ്ഞു, സ്വന്തമകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ട് മുന്തിരി കൃഷിക്കാർ: ഇവനാണ് അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, അവനെ പിടിച്ച് തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു. ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ മുന്തിരി കൃഷിക്കാരെ എന്ത് ചെയ്യും? “മുന്തിരിത്തോട്ടത്തിന്‍റെ ഉടമ ആ മോശമായ പ്രവൃത്തി ചെയ്തവരെ അതിക്രൂരമായി നിഗ്രഹിച്ച് തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറെ മുന്തിരി കൃഷിക്കാരെ തോട്ടം ഏല്പിക്കും“ എന്നു അവർ അവനോട് പറഞ്ഞു. യേശു അവരോട്: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ട് ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതികള്‍ക്ക് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ കഷണങ്ങളായി ചിതറിപ്പോകും; ഇത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശന്മാരും കേട്ടിട്ടു, തങ്ങളെക്കുറിച്ച് പറയുന്നു എന്നു അറിഞ്ഞ്, അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു കരുതുകയാൽ അവരെ ഭയപ്പെട്ടു.
മത്തായി 21:23-46 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു. യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല. എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി. രണ്ടാമത്തെവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും. ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല. മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി. ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു. കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നേ ചെയ്തു. ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു. ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോടു എന്തു ചെയ്യും? അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു. യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയുന്നു എന്നു അറിഞ്ഞു, അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.
മത്തായി 21:23-46 സമകാലിക മലയാളവിവർത്തനം (MCV)
യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം. സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ ” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.” അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി. “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു. “ ‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു. “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല. “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?” “ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു. കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല. “മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി. വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു. “ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു. പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു. ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു. “എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ ഓഹരി കൈക്കലാക്കാം.’ അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോടു ചോദിച്ചു. “അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു. യേശു അവരോടു ചോദിച്ചത്, “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? “അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും.” യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.