മത്തായി 21:12-17
മത്തായി 21:12-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു ദൈവാലയത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞ് അവരോട്: എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അദ്ഭുതങ്ങളെയും ദാവീദുപുത്രനു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു: ഇവർ പറയുന്നതു കേൾക്കുന്നുവോ എന്ന് അവനോടു ചോദിച്ചു. യേശു അവരോട്: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽനിന്നു പുറപ്പെട്ടു ബേഥാന്യയിൽ ചെന്ന് അവിടെ രാത്രി പാർത്തു.
മത്തായി 21:12-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്തിറക്കി. നാണയം മാറുന്ന വ്യാപാരത്തിലേർപ്പെട്ടിരുന്നവരുടെ മേശകളും പ്രാക്കളെ വില്‌ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. “എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്നു ദൈവം അരുൾചെയ്തതായി വേദഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നു; എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ സങ്കേതമാക്കിത്തീർത്തിരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു. അന്ധന്മാരും വികലാംഗരും ദേവാലയത്തിൽ അവിടുത്തെ അടുക്കൽ വന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തി. അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്റെ പുത്രനു ഹോശന്നാ” എന്ന് ആർത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി. “ഇവർ പറയുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ യേശുവിനോടു ചോദിച്ചു. “തീർച്ചയായും ഞാൻ കേൾക്കുന്നു. ‘തികച്ചും കുറ്റമറ്റ സ്തുതിഘോഷം ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അധരങ്ങളിൽനിന്ന് അവിടുന്ന് ഉണർത്തുന്നു’ എന്ന വേദഭാഗം നിങ്ങൾ ഒരിക്കൽപോലും വായിച്ചിട്ടില്ലേ?” എന്ന് യേശു അവരോടു ചോദിച്ചു. അനന്തരം അവിടുന്ന് അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബേഥാന്യയിൽ പോയി രാത്രി കഴിച്ചുകൂട്ടി.
മത്തായി 21:12-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നീട് യേശു ദൈവലായത്തിൽ പ്രവേശിച്ച്, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കി, നാണയവിനിമയക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു അവൻ അവരോട്: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന് ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടതിനാൽ അമർഷം തോന്നി; “ഇവർ പറയുന്നത് കേൾക്കുന്നുവോ?“ എന്നു അവനോട് ചോദിച്ചു. യേശു അവരോട് “ഉവ്വ്! ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്ന് പുറപ്പെട്ടു ബേഥാന്യയിൽ ചെന്നു അവിടെ രാത്രിപാർത്തു.
മത്തായി 21:12-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു; ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു.
മത്തായി 21:12-17 സമകാലിക മലയാളവിവർത്തനം (MCV)
യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു. യേശു അവരോട്, “ ‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു. അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽവന്നു; അവിടന്ന് അവരെ സൗഖ്യമാക്കി. എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി. “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു, “ ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന് അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു.