മത്തായി 21:1-46
മത്തായി 21:1-46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ. നിങ്ങളോട് ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയയ്ക്കും എന്നു പറഞ്ഞു. “സീയോൻപുത്രിയോട്: ഇതാ, നിന്റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിനു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു. ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു, കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെമേൽ ഇട്ടു; അവൻ കയറി ഇരുന്നു. പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ വൃക്ഷങ്ങളിൽനിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി. മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദുപുത്രനു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്ന് ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു. ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. യേശു ദൈവാലയത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞ് അവരോട്: എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അദ്ഭുതങ്ങളെയും ദാവീദുപുത്രനു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു: ഇവർ പറയുന്നതു കേൾക്കുന്നുവോ എന്ന് അവനോടു ചോദിച്ചു. യേശു അവരോട്: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽനിന്നു പുറപ്പെട്ടു ബേഥാന്യയിൽ ചെന്ന് അവിടെ രാത്രി പാർത്തു. രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞ് ആശ്ചര്യപ്പെട്ടു. അതിനു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്ന് ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്ന് ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നത് ആർ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്ത് അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെനിന്ന്? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നത് എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോട്: ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞത്: എന്നാൽ ഞാൻ ഇത് എന്ത് അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല. എങ്കിലും നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്കു മനസ്സില്ല എന്ന് അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്ന് അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും. ഈ രണ്ടു പേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തത്? ഒന്നാമത്തവൻ എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല. മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിനു വേലി കെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ടു പരദേശത്തു പോയി. ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന് അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു. കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നെ ചെയ്തു. ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്ന് അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോട് എന്തു ചെയ്യും? അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറേ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്ന് അവർ അവനോടു പറഞ്ഞു. യേശു അവരോട്: “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ട്, തങ്ങളെക്കൊണ്ടു പറയുന്നു എന്ന് അറിഞ്ഞ്, അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവരെ ഭയപ്പെട്ടു.
മത്തായി 21:1-46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേമിനു സമീപം ഒലിവുമലയുടെ അരികിലുള്ള ബേത്ത്ഫാഗയിലെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങൾ മുമ്പിൽ കാണുന്ന ആ ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾ കെട്ടിയിരിക്കുന്ന ഒരു കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും. അവയെ അഴിച്ചുകൊണ്ടുവരിക. നിങ്ങളോട് ആരെങ്കിലും വല്ലതും ചോദിച്ചാൽ ഗുരുവിന് ഇവയെ ആവശ്യമുണ്ടെന്നു പറഞ്ഞാൽ മതി. അവർ ഉടനെ അവയെ വിട്ടയയ്‍ക്കും,” ‘ഇതാ, നിന്റെ രാജാവു വിനീതനായി കഴുതപ്പുറത്തു കയറിവരുന്നു! കഴുതക്കുട്ടിയുടെ പുറത്ത് ഉപവിഷ്ടനായി നിന്റെ അടുക്കലേക്ക് എഴുന്നള്ളുന്നു’ എന്നു സീയോൻനഗരത്തോടു പറയുക എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുൾചെയ്യപ്പെട്ടിട്ടുള്ളതു സംഭവിച്ചു. യേശു പറഞ്ഞതുപോലെ ശിഷ്യന്മാർ ചെയ്തു. അവർ കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രം അവർ അവയുടെമേൽ വിരിച്ചു. യേശു കയറിയിരുന്നു; ജനാവലി അവരുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. ചിലർ മരച്ചില്ലകൾ വെട്ടിവിതറി. മുമ്പിലും പിമ്പിലും നടന്ന ജനക്കൂട്ടം “ദാവീദിന്റെ പുത്രനു ഹോശന്നാ!” കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ! അത്യുന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു. യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം ആകമാനം ഇളകിവശായി. “ഇതാര്?” എന്ന് അവർ ചോദിച്ചു. “ഗലീലയിലെ നസറെത്തിൽ നിന്നു വന്ന പ്രവാചകനായ യേശു” എന്നു ജനങ്ങൾ മറുപടി പറഞ്ഞു. യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്തിറക്കി. നാണയം മാറുന്ന വ്യാപാരത്തിലേർപ്പെട്ടിരുന്നവരുടെ മേശകളും പ്രാക്കളെ വില്‌ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. “എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്നു ദൈവം അരുൾചെയ്തതായി വേദഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നു; എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ സങ്കേതമാക്കിത്തീർത്തിരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു. അന്ധന്മാരും വികലാംഗരും ദേവാലയത്തിൽ അവിടുത്തെ അടുക്കൽ വന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തി. അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്റെ പുത്രനു ഹോശന്നാ” എന്ന് ആർത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി. “ഇവർ പറയുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ യേശുവിനോടു ചോദിച്ചു. “തീർച്ചയായും ഞാൻ കേൾക്കുന്നു. ‘തികച്ചും കുറ്റമറ്റ സ്തുതിഘോഷം ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അധരങ്ങളിൽനിന്ന് അവിടുന്ന് ഉണർത്തുന്നു’ എന്ന വേദഭാഗം നിങ്ങൾ ഒരിക്കൽപോലും വായിച്ചിട്ടില്ലേ?” എന്ന് യേശു അവരോടു ചോദിച്ചു. അനന്തരം അവിടുന്ന് അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബേഥാന്യയിൽ പോയി രാത്രി കഴിച്ചുകൂട്ടി. പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോൾ യേശുവിനു വിശന്നു. വഴിയരികിൽ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്റെ അടുത്തു ചെന്നു. അതിൽ ഇലപ്പടർപ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോൾ അതിനോട് “മേലിൽ ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതു കണ്ട് ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവർ ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങൾ ഓർമിച്ചുകൊള്ളണം; നിങ്ങൾ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാൽ ഞാൻ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്നത്; ഈ മലയോട് ഇളകി കടലിൽവീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. നിങ്ങൾ വിശ്വസിക്കുന്നപക്ഷം പ്രാർഥനയിൽ നിങ്ങൾ എന്തപേക്ഷിച്ചാലും അതു ലഭിക്കും.” അവിടുന്നു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങൾ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാൻ പറയാം. സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തിൽനിന്നോ? മനുഷ്യരിൽനിന്നോ? അപ്പോൾ അവർ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാൽ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” അതുകൊണ്ട് “ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു. “എങ്കിൽ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു. “ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാൾ മൂത്തപുത്രന്റെ അടുത്തുചെന്ന് ‘മകനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്യുക’ എന്നു പറഞ്ഞു. ‘എനിക്കു മനസ്സില്ല’ എന്ന് അവൻ മറുപടി പറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് പണിക്കുപോയി. ഇളയപുത്രനോടും അയാൾ അങ്ങനെ പറഞ്ഞു. ‘ഞാൻ പോകാം’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. നിങ്ങൾക്ക് എന്തു തോന്നുന്നു? ഇവരിൽ ആരാണ് പിതാവിന്റെ അഭീഷ്ടം അനുസരിച്ചു ചെയ്തത്?” “മൂത്തപുത്രൻ” എന്ന് അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞു. “ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും ആയിരിക്കും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. ധർമമാർഗം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകയോഹന്നാൻ വന്നു; നിങ്ങളാകട്ടെ അദ്ദേഹത്തെ വിശ്വസിച്ചില്ല; ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും അദ്ദേഹത്തെ വിശ്വസിച്ചു. അതു കണ്ടിട്ടുപോലും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തെ വിശ്വസിച്ചില്ല. “വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതിൽ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവൽമാടം നിർമിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാൾ വിദേശത്തേക്കു പുറപ്പെട്ടു. മുന്തിരിയുടെ വിളവെടുപ്പിനുള്ള കാലം സമീപിച്ചപ്പോൾ തനിക്കു കിട്ടാനുള്ള പാട്ടം വാങ്ങുന്നതിനായി സ്ഥലമുടമസ്ഥൻ തന്റെ ദാസന്മാരെ ആ പാട്ടക്കാരുടെ അടുക്കൽ അയച്ചു. എന്നാൽ അവർ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു. അയാൾ വീണ്ടും ആദ്യത്തേതിനെക്കാൾ അധികം ദാസന്മാരെ അയച്ചു. അവരോടും അവർ അങ്ങനെതന്നെ ചെയ്തു. അവസാനം തന്റെ പുത്രനെത്തന്നെ അയാൾ അവരുടെ അടുക്കൽ അയച്ചു: ‘നിശ്ചയമായും എന്റെ മകനെ അവർ ആദരിക്കും’ എന്ന് അയാൾ വിചാരിച്ചു. പാട്ടക്കാരാകട്ടെ പുത്രനെ കണ്ടപ്പോൾ ‘ഇവനാണു തോട്ടത്തിന്റെ അവകാശി; വരിക, നമുക്ക് ഇവനെ കൊല്ലാം; അങ്ങനെ അവന്റെ സ്വത്തു നമുക്കു കൈവശപ്പെടുത്താം’ എന്ന് അന്യോന്യം പറഞ്ഞു; പിന്നീട് അവനെ പിടിച്ച് തോട്ടത്തിനു പുറത്തു തള്ളി അവനെ കൊന്നുകളഞ്ഞു. “ഇനിയും തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ ആ പാട്ടക്കാരോട് എന്തു ചെയ്യും?” എന്ന് യേശു ചോദിച്ചു. “അയാൾ നിശ്ചയമായും ആ നിഷ്ഠുരന്മാരെ നിഗ്രഹിക്കുകയും പാട്ടം യഥാവസരം നല്‌കുന്ന മറ്റു പാട്ടക്കാരെ തോട്ടം ഏല്പിക്കുകയും ചെയ്യും” എന്ന് അവർ മറുപടി നല്‌കി. യേശു അവരോട് അരുൾചെയ്തു: “പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മർമപ്രധാനമായ മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു ചെയ്തത് കർത്താവാകുന്നു; ഇതെത്ര അദ്ഭുതകരം!” ഈ വേദഭാഗം നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളിൽ നിന്നെടുത്ത് തക്കഫലം നല്‌കുന്ന ജനതയ്‍ക്കു നല്‌കും. ഈ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേൽ വീണാൽ അത് അവനെ തകർത്തുകളയും.” മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിന്റെ സദൃശോക്തികൾ കേട്ടപ്പോൾ തങ്ങളെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കി. അതുകൊണ്ട് അവിടുത്തെ പിടിക്കുവാൻ അവർ ശ്രമിച്ചു. എന്നാൽ അവർ ജനങ്ങളെ ഭയപ്പെട്ടു. ജനങ്ങൾ അവിടുത്തെ ഒരു പ്രവാചകനായിട്ടത്രേ എണ്ണിയിരുന്നത്.
മത്തായി 21:1-46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം യേശുവും ശിഷ്യന്മാരും യെരൂശലേമിനു സമീപം ഒലിവുമലയരികെ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: നിങ്ങൾക്ക് അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; ഉടനെ അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും; അവയെ അഴിച്ച് എന്‍റെ അടുത്തു കൊണ്ടുവരുവിൻ. നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു. “സീയോൻ പുത്രിയോട്: ഇതാ, നിന്റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിൻ്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ” എന്നിങ്ങനെ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതിന് നിവൃത്തിവരുവാൻ ഇതു സംഭവിച്ചു. ശിഷ്യന്മാർ പുറപ്പെട്ടു യേശു നിർദ്ദേശിച്ചതുപോലെ ചെയ്തു, കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെമേൽ ഇട്ടു; യേശു കയറി ഇരുന്നു. പുരുഷാരത്തിൽ പലരും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റുള്ളവർ വൃക്ഷങ്ങളിൽ നിന്നു കൊമ്പുകൾ വെട്ടി വഴിയിൽ വിതറി. മുമ്പിലും പിമ്പിലും നടന്നിരുന്ന പുരുഷാരം: “ദാവീദ് പുത്രന് ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ“ എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി: “ഇവൻ ആർ?“ എന്നു പറഞ്ഞു. ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. പിന്നീട് യേശു ദൈവലായത്തിൽ പ്രവേശിച്ച്, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കി, നാണയവിനിമയക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു അവൻ അവരോട്: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന് ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടതിനാൽ അമർഷം തോന്നി; “ഇവർ പറയുന്നത് കേൾക്കുന്നുവോ?“ എന്നു അവനോട് ചോദിച്ചു. യേശു അവരോട് “ഉവ്വ്! ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്ന് പുറപ്പെട്ടു ബേഥാന്യയിൽ ചെന്നു അവിടെ രാത്രിപാർത്തു. രാവിലെ നഗരത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സമയം അവനു വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു; അടുക്കൽ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ശിഷ്യന്മാർ അത് കണ്ടപ്പോൾ: “അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ?“ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. അതിന് യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോട് ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോട്: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: “നീ എന്ത് അധികാരംകൊണ്ട് ഇവ ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ?“ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കും; അത് നിങ്ങൾ എന്നോട് പറഞ്ഞാൽ എന്ത് അധികാരംകൊണ്ട് ഞാൻ ഇതു ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെ നിന്ന്? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: “സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ കാണുന്നത് എന്നു പറഞ്ഞു. എന്നിട്ട് അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു.“ അവനും അവരോട് പറഞ്ഞത്: എന്നാൽ ഞാൻ ഇതു എന്ത് അധികാരംകൊണ്ട് ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല. എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്ക് മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. രണ്ടാമത്തവൻ്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം യജമാനനേ എന്നു അവൻ ഉത്തരം പറഞ്ഞു; എന്നാൽ പോയില്ലതാനും. ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായി ദൈവരാജ്യത്തിൽ കടക്കും എന്നു സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗ്ഗത്തിലൂടെ നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അത് കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല. മറ്റൊരു ഉപമ കേൾക്കുവിൻ ധാരാളം ഭൂപ്രദേശമുള്ള ഒരു മനുഷ്യനുണ്ടായിരുന്നു അവൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന് വേലികെട്ടി, അതിൽ ചക്ക് കുഴിച്ചിട്ട്, ഗോപുരവും പണിതു; പിന്നെ മുന്തിരി കൃഷിക്കാർക്ക് പാട്ടത്തിന് ഏല്പിച്ചിട്ട് മറ്റൊരു ദേശത്തുപോയി. മുന്തിരിവിളവ് എടുക്കുന്ന കാലം സമീപിച്ചപ്പോൾ തനിക്കുള്ള വിളവ് വാങ്ങുവാനായി അവൻ ദാസന്മാരെ മുന്തിരി കൃഷിക്കാരുടെ അടുക്കൽ അയച്ചു. മുന്തിരി കൃഷിക്കാർ അവന്‍റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നെ ചെയ്തു. ഒടുവിൽ മുന്തിരിത്തോട്ടത്തിന്‍റെ ഉടമ: എന്‍റെ മകനെ അവർ ബഹുമാനിക്കും എന്നു പറഞ്ഞു, സ്വന്തമകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ട് മുന്തിരി കൃഷിക്കാർ: ഇവനാണ് അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, അവനെ പിടിച്ച് തോട്ടത്തിൽനിന്ന് പുറത്താക്കി കൊന്നുകളഞ്ഞു. ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ മുന്തിരി കൃഷിക്കാരെ എന്ത് ചെയ്യും? “മുന്തിരിത്തോട്ടത്തിന്‍റെ ഉടമ ആ മോശമായ പ്രവൃത്തി ചെയ്തവരെ അതിക്രൂരമായി നിഗ്രഹിച്ച് തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറെ മുന്തിരി കൃഷിക്കാരെ തോട്ടം ഏല്പിക്കും“ എന്നു അവർ അവനോട് പറഞ്ഞു. യേശു അവരോട്: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ട് ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതികള്‍ക്ക് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ കഷണങ്ങളായി ചിതറിപ്പോകും; ഇത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശന്മാരും കേട്ടിട്ടു, തങ്ങളെക്കുറിച്ച് പറയുന്നു എന്നു അറിഞ്ഞ്, അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു കരുതുകയാൽ അവരെ ഭയപ്പെട്ടു.
മത്തായി 21:1-46 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ. നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയക്കും എന്നു പറഞ്ഞു. “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു. ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു, കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു. പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി. മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു. ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു; ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു. രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു. യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു. അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല. എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി. രണ്ടാമത്തെവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും. ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല. മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി. ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു. കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നേ ചെയ്തു. ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു. മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു. ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോടു എന്തു ചെയ്യും? അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു. യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയുന്നു എന്നു അറിഞ്ഞു, അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.
മത്തായി 21:1-46 സമകാലിക മലയാളവിവർത്തനം (MCV)
അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു: “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക. ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.” “സീയോൻപുത്രിയോട് പറയുക, ‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു, അവിടന്ന് വിനയാന്വിതനായി കഴുതമേലേറി, അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’ ” എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്. ശിഷ്യന്മാർ ചെന്ന്, യേശു തങ്ങളോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു. അവർ യേശുവിന് ഇരിക്കാനായി കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ പുറങ്കുപ്പായങ്ങൾ അവയുടെമേൽ ഇട്ടു. ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയും ചെയ്തു. യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം, “ദാവീദുപുത്രന് ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു. യേശു ജെറുശലേമിൽ പ്രവേശിച്ചപ്പോൾ നഗരമാകെ ആർത്തിരമ്പി. “ആരാണ് ഇദ്ദേഹം?” ജനം ചോദിച്ചു. കൂട്ടത്തിൽ ചിലർ, “ഗലീലയിലെ നസറെത്തിൽനിന്നുള്ള യേശു എന്ന പ്രവാചകൻ ആകുന്നു ഇത്” എന്ന് ഉത്തരം പറഞ്ഞു. യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു. യേശു അവരോട്, “ ‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു. അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽവന്നു; അവിടന്ന് അവരെ സൗഖ്യമാക്കി. എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി. “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു, “ ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന് അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു. പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി. ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.” യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം. സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ ” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.” അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി. “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു. “ ‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു. “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല. “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?” “ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു. കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല. “മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി. വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു. “ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു. പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു. ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു. “എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ ഓഹരി കൈക്കലാക്കാം.’ അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോടു ചോദിച്ചു. “അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു. യേശു അവരോടു ചോദിച്ചത്, “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? “അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും.” യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.