Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 2:7-15 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 2:7-15 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എന്നാറെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. അവരെ ബേത്‍ലഹേമിലേക്ക് അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്ന് അവനെ നമസ്കരിക്കേണ്ടതിന്, വന്ന് എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു. രാജാവ് പറഞ്ഞതു കേട്ട് അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിനു മീതെ വന്നു നില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. നക്ഷത്രം കണ്ടതുകൊണ്ട് അവർ അത്യന്തം സന്തോഷിച്ചു: ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ട്, വീണ് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും മൂരും കാഴ്ച വച്ചു. ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് അവർ വേറേ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽതന്നെ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി. ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.

പങ്ക് വെക്കു
മത്തായി 2 MALOVBSI

മത്തായി 2:7-15 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഹേരോദാ ആ ജ്യോതിശാസ്ത്രജ്ഞന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം സൂക്ഷ്മമായി ചോദിച്ചു മനസ്സിലാക്കി. “നിങ്ങൾ പോയി ആ ശിശുവിനെക്കുറിച്ചു സുസൂക്ഷ്മം അന്വേഷിക്കുക; കണ്ടെത്തിയിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം; എനിക്കും പോയി ആ ശിശുവിനെ നമസ്കരിക്കണം” എന്നു പറഞ്ഞ് അദ്ദേഹം അവരെ ബേത്‍ലഹേമിലേക്ക് അയച്ചു. രാജാവു പറഞ്ഞതനുസരിച്ച് അവർ യാത്ര തുടർന്നു. അവർ പൂർവദിക്കിൽ കണ്ട നക്ഷത്രം അവർക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടന്നിരുന്ന സ്ഥലത്തിനു മുകളിൽ എത്തി നിന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം ആനന്ദഭരിതരായി: “അവർ ആ വീട്ടിൽ പ്രവേശിച്ചപ്പോൾ അമ്മയായ മറിയമിനോടുകൂടി ശിശുവിനെ കണ്ടു. ഉടനെ അവർ സാഷ്ടാംഗം വീണു നമസ്കരിച്ചു. തങ്ങളുടെ നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവയ്‍ക്കുകയും ചെയ്തു. ഹേരോദായുടെ അടുക്കലേക്കു തിരിച്ചുപോകരുതെന്നു സ്വപ്നത്തിൽ അരുളപ്പാടു ലഭിച്ചതിനാൽ അവർ മറുവഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. ജ്യോതിശാസ്ത്രജ്ഞന്മാർ പോയശേഷം ഒരു ദൈവദൂതൻ സ്വപ്നത്തിൽ യോസേഫിനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് വേഗം ഈജിപ്തിലേക്കു പോയി രക്ഷപെടുക. ഞാൻ പറയുന്നതുവരെ അവിടെ പാർക്കണം. ഹേരോദാ ശിശുവിനെ കണ്ടുപിടിച്ചു കൊല്ലുവാൻ ശ്രമിക്കുന്നു.” അങ്ങനെ യോസേഫ് ഉണർന്ന് ശിശുവിനെയും മാതാവിനെയും കൂട്ടിക്കൊണ്ട് രാത്രിതന്നെ ഈജിപ്തിലേക്കു പുറപ്പെട്ടു. ഹേരോദാ അന്തരിക്കുന്നതുവരെ അവർ അവിടെ പാർത്തു. “ഈജിപ്തിൽനിന്ന് എന്റെ പുത്രനെ ഞാൻ വിളിച്ചു വരുത്തി” എന്നു പ്രവാചകൻ മുഖേന ദൈവം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു.

പങ്ക് വെക്കു
മത്തായി 2 MALCLBSI

മത്തായി 2:7-15 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഉടനെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം പ്രത്യക്ഷമായ സമയം അവരോട് കൃത്യമായി ചോദിച്ചറിഞ്ഞു. അവരെ ബേത്ത്-ലേഹേമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ച് ശ്രദ്ധയോടെ അന്വേഷിക്കുവിൻ; കണ്ടെത്തിയാൽ ആ വാർത്ത എന്നെ അറിയിക്കുവിൻ ഞാനും വന്നു അവനെ നമസ്കരിക്കട്ടെ, രാജാവ് പറഞ്ഞത് കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്ക് കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്നുനില്ക്കുന്നതുവരെ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം സന്തോഷിച്ചു; ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, കുമ്പിട്ട് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവനു പൊന്നും കുന്തുരുക്കവും മൂരും അർപ്പിച്ചു. ഹെരോദാവിൻ്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ ദൈവം അവരോട് അരുളിച്ചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി. അവർ പോയശേഷം കർത്താവിന്‍റെ ദൂതൻ യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി. ‘‘നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് ഓടിപ്പോക, ഞാൻ നിന്നോട് പറയുംവരെ അവിടെ പാർക്കുക; ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു. ആ രാത്രിയിൽ യോസേഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് പുറപ്പെട്ടു. ഹെരോദാവിൻ്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്‍റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകുവാൻ ഇടവന്നു.

പങ്ക് വെക്കു
മത്തായി 2 മലയാളം

മത്തായി 2:7-15 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. അവരെ ബേത്ത്ലേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു. രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു; ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുംകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു. ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക; ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി. ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.

മത്തായി 2:7-15 MCV (സമകാലിക മലയാളവിവർത്തനം)

അപ്പോൾത്തന്നെ ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷമായ കൃത്യസമയം ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം അവരോട്, “നിങ്ങൾ പോയി ശിശുവിനെ സസൂക്ഷ്മം അന്വേഷിക്കുക. കണ്ടെത്തിയാൽ ഉടൻതന്നെ നമ്മെ വിവരം അറിയിക്കുക, ‘നാമും ചെന്ന് അദ്ദേഹത്തെ പ്രണമിക്കേണ്ടതാണ്’ ” എന്നു പറഞ്ഞ് അവരെ ബേത്ലഹേമിലേക്ക് അയച്ചു. അവർ രാജകൽപ്പന കേട്ടശേഷം പൂർവദിക്കിൽ കണ്ട നക്ഷത്രത്തെ അനുഗമിച്ച് യാത്രതുടർന്നു. നക്ഷത്രം വീണ്ടും കണ്ടപ്പോൾ അവർ ആഹ്ലാദഭരിതരായി. അവർ കണ്ട നക്ഷത്രം ശിശു ഉണ്ടായിരുന്ന സ്ഥലത്തിനുമീതേ വന്ന് നിലകൊള്ളുംവരെ അവർക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു. അവർ വീട്ടിൽ പ്രവേശിച്ചപ്പോൾ ശിശുവിനെ, അമ്മ മറിയയോടൊപ്പം കണ്ടു; സാഷ്ടാംഗം വീണ് ശിശുവിനെ ആരാധിച്ചു. പിന്നെ അവരുടെ ഭാണ്ഡങ്ങൾ തുറന്ന് സ്വർണം, കുന്തിരിക്കം, മീറ എന്നീ തിരുമുൽക്കാഴ്ചകൾ അർപ്പിക്കുകയും ചെയ്തു. ഹെരോദാവിന്റെ അടുത്തേക്കു മടങ്ങരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് അവർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു യാത്രതിരിച്ചു. ജ്ഞാനികൾ യാത്രയായതിനുശേഷം, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോട്, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെടുക. ഹെരോദാവ് ശിശുവിനെ കൊല്ലാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ നിന്നോടു കൽപ്പിക്കുന്നതുവരെ അവിടെ താമസിക്കുക” എന്നു പറഞ്ഞു. യോസേഫ് ഉറക്കമുണർന്ന് രാത്രിയിൽത്തന്നെ ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്കു യാത്രയായി; ഹെരോദാവ് നാടുനീങ്ങുന്നതുവരെ അവർ അവിടെ താമസിച്ചു. “ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി” എന്ന് കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇങ്ങനെ നിവൃത്തിയായി.

പങ്ക് വെക്കു
മത്തായി 2 MCV