മത്തായി 2:3-8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 2:3-8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഹെരോദാരാജാവ് അതു കേട്ടിട്ട് അവനും യെരൂശലേമൊക്കെയും ഭ്രമിച്ച്, ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നത് എന്ന് അവരോടു ചോദിച്ചു. അവർ അവനോടു: യെഹൂദ്യയിലെ ബേത്ലഹേമിൽ തന്നെ: “യെഹൂദ്യദേശത്തിലെ ബേത്ലഹേമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. അവരെ ബേത്ലഹേമിലേക്ക് അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്ന് അവനെ നമസ്കരിക്കേണ്ടതിന്, വന്ന് എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
മത്തായി 2:3-8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇതു കേട്ടപ്പോൾ ഹേരോദാരാജാവും സകല യെരൂശലേംനിവാസികളും പരിഭ്രമിച്ചു. രാജാവ് എല്ലാ പുരോഹിത മുഖ്യന്മാരെയും വിളിച്ചുകൂട്ടി, ക്രിസ്തു ജനിക്കുന്നത് എവിടെയാണെന്നു ചോദിച്ചു. അവർ ഇങ്ങനെ മറുപടി പറഞ്ഞു: “യെഹൂദ്യയിലെ ബേത്ലഹേമിൽത്തന്നെ. അല്ലയോ യെഹൂദ്യയിലെ ബേത്ലഹേമേ, നീ ഒരു വിധത്തിലും യെഹൂദ്യയിലെ പ്രമുഖ നഗരങ്ങളിൽ ഒട്ടും ചെറുതല്ല; എന്തെന്നാൽ എന്റെ ജനമായ ഇസ്രായേലിനെ മേയ്പാനുള്ളവൻ നിന്നിൽനിന്നു വരുന്നു എന്നാണല്ലോ പ്രവാചകന്മാർ മുഖാന്തരം എഴുതിയിരിക്കുന്നത്.” ഹേരോദാ ആ ജ്യോതിശാസ്ത്രജ്ഞന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം സൂക്ഷ്മമായി ചോദിച്ചു മനസ്സിലാക്കി. “നിങ്ങൾ പോയി ആ ശിശുവിനെക്കുറിച്ചു സുസൂക്ഷ്മം അന്വേഷിക്കുക; കണ്ടെത്തിയിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം; എനിക്കും പോയി ആ ശിശുവിനെ നമസ്കരിക്കണം” എന്നു പറഞ്ഞ് അദ്ദേഹം അവരെ ബേത്ലഹേമിലേക്ക് അയച്ചു.
മത്തായി 2:3-8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ഹെരോദാരാജാവ് അത് കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചുപോയി, ഹെരോദാരാജാവ് ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: “ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതെന്ന്“ അവരോട് ചോദിച്ചു. അവർ അവനോട്: “പ്രവാചകൻ എഴുതിയിരിക്കുന്നതിൻ പ്രകാരം യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ തന്നെ.“ “യെഹൂദ്യയിലെ ബേത്ലേഹേമേ, യെഹൂദ്യാ പ്രഭുക്കന്മാരിൽ നീ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും“ എന്നു പറഞ്ഞു. ഉടനെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം പ്രത്യക്ഷമായ സമയം അവരോട് കൃത്യമായി ചോദിച്ചറിഞ്ഞു. അവരെ ബേത്ത്-ലേഹേമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ച് ശ്രദ്ധയോടെ അന്വേഷിക്കുവിൻ; കണ്ടെത്തിയാൽ ആ വാർത്ത എന്നെ അറിയിക്കുവിൻ ഞാനും വന്നു അവനെ നമസ്കരിക്കട്ടെ
മത്തായി 2:3-8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു, ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു. അവർ അവനോടു: യെഹൂദ്യയി ബേത്ത്ലേ ഹെമിൽ തന്നേ: “യെഹൂദ്യയിലെ ബേത്ത്ലേ ഹെമേ, യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. അവരെ ബേത്ത്ലേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
മത്തായി 2:3-8 MCV (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ടപ്പോൾ ഹെരോദാരാജാവും അദ്ദേഹത്തോടൊപ്പം ജെറുശലേംനിവാസികൾ സകലരും അസ്വസ്ഥചിത്തരായി. ഹെരോദാരാജാവ് ഇസ്രായേൽജനത്തിന്റെ പുരോഹിതമുഖ്യന്മാരെയും വേദജ്ഞരെയും വിളിച്ചുകൂട്ടി, “ക്രിസ്തു എവിടെയാണു ജനിക്കുക” എന്ന് അവരോട് ആരാഞ്ഞു. “യെഹൂദ്യയിലെ ബേത്ലഹേമിൽ,” എന്ന് അവർ മറുപടി പറഞ്ഞു. “ ‘നീയോ യൂദ്യദേശത്തിലെ ബേത്ലഹേമേ, ചെറുതല്ലൊട്ടും നീ യൂദ്യപ്രഭുഗണത്തിൽ; നിന്നിൽനിന്നല്ലോ രാജൻ ഉദിക്കുന്നത് ഇസ്രായേൽജനതയുടെ പരിപാലകൻതന്നെ!’ എന്നിങ്ങനെയാണല്ലോ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത്.” അപ്പോൾത്തന്നെ ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷമായ കൃത്യസമയം ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം അവരോട്, “നിങ്ങൾ പോയി ശിശുവിനെ സസൂക്ഷ്മം അന്വേഷിക്കുക. കണ്ടെത്തിയാൽ ഉടൻതന്നെ നമ്മെ വിവരം അറിയിക്കുക, ‘നാമും ചെന്ന് അദ്ദേഹത്തെ പ്രണമിക്കേണ്ടതാണ്’ ” എന്നു പറഞ്ഞ് അവരെ ബേത്ലഹേമിലേക്ക് അയച്ചു.