മത്തായി 2:19-23
മത്തായി 2:19-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഹെരോദാവ് കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽവച്ചു യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ശിശുവിനു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു. എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിനു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
മത്തായി 2:19-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹേരോദായുടെ നിര്യാണശേഷം ഈജിപ്തിൽവച്ച് ദൈവദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു: “എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേൽദേശത്തേക്കു പോകുക; ശിശുവിനെ വധിക്കുവാൻ തുനിഞ്ഞവർ അന്തരിച്ചു.” അങ്ങനെ യോസേഫ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഇസ്രായേൽദേശത്തു വന്നു. എന്നാൽ അർക്കലയൊസ് തന്റെ പിതാവായ ഹേരോദായ്‍ക്കു പകരം യെഹൂദ്യയിൽ ഭരണം നടത്തുന്നു എന്നു കേട്ടതുകൊണ്ട് അവിടേക്കു പോകുവാൻ യോസേഫ് ഭയപ്പെട്ടു; സ്വപ്നത്തിൽ ലഭിച്ച അരുളപ്പാടനുസരിച്ചു ഗലീലാപ്രദേശത്തേക്കു മാറിപ്പോയി. അവിടെയെത്തി അദ്ദേഹം നസ്രെത്ത് എന്ന പട്ടണത്തിൽ വാസമുറപ്പിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് അങ്ങനെ പൂർത്തിയായി.
മത്തായി 2:19-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഹെരോദാവ് മരിച്ചു കഴിഞ്ഞശേഷം കർത്താവിന്‍റെ ദൂതൻ മിസ്രയീമിൽ വച്ചു യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി: ”ശിശുവിന് പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ട് നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തേക്കു പോക” എന്നു പറഞ്ഞു. യോസേഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തു വന്നു. എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന് പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് ഗലീലപ്രദേശങ്ങളിലേക്ക് മാറിപ്പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
മത്തായി 2:19-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു. എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
മത്തായി 2:19-23 സമകാലിക മലയാളവിവർത്തനം (MCV)
ഹെരോദാവു നാടുനീങ്ങിയപ്പോൾ, കർത്താവിന്റെ ദൂതൻ ഈജിപ്റ്റിൽവെച്ച് സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷനായി, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേൽ നാട്ടിലേക്ക് മടങ്ങുക, ശിശുവിനെ വധിക്കാൻ തുനിഞ്ഞവർ മരിച്ചുപോയി” എന്നു പറഞ്ഞു. യോസേഫ് എഴുന്നേറ്റ് യേശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേലിൽ എത്തിച്ചേർന്നു. എന്നാൽ, യെഹൂദ്യപ്രവിശ്യയിൽ അർക്കെലാവോസ്, തന്റെ പിതാവ് ഹെരോദാവിന്റെ പിൻഗാമിയായി ഭരണമേറ്റിരിക്കുന്നു എന്നു കേട്ടപ്പോൾ, യോസേഫ് അവിടേക്കു പോകാൻ ഭയപ്പെട്ടു. സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് ഗലീലാപ്രവിശ്യയിലേക്കു യാത്രതിരിച്ചു. അവിടെ നസറെത്ത് എന്ന പട്ടണത്തിൽ ചെന്നു താമസിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ ദൈവം അരുളിച്ചെയ്തത് ഇപ്രകാരം നിറവേറി.