മത്തായി 2:16-18
മത്തായി 2:16-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ലഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു. “റാമായിൽ ഒരു ശബ്ദം കേട്ടു, കരച്ചലും വലിയ നിലവിളിയും തന്നെ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്ന് യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് അന്നു നിവൃത്തിയായി.
മത്തായി 2:16-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്യോതിശാസ്ത്രജ്ഞന്മാർ തന്നെ കബളിപ്പിച്ചു എന്നു മനസ്സിലാക്കിയപ്പോൾ ഹേരോദാ അത്യധികം കുപിതനായി; അവരിൽനിന്നു ചോദിച്ചറിഞ്ഞ സമയം ആസ്പദമാക്കി ബേത്‍ലഹേമിലും എല്ലാ പരിസരപ്രദേശങ്ങളിലും രണ്ടു വയസ്സോ അതിനു താഴെയോ പ്രായമുള്ള സകല ആൺകുട്ടികളെയും ഹേരോദാ ആളയച്ചു കൊല്ലിച്ചു. റാമയിൽ ഒരു ശബ്ദം കേൾക്കുന്നു; അലമുറയും വലിയ കരച്ചിലും തന്നെ. റാഹേൽ തന്റെ മക്കളെച്ചൊല്ലി കരയുന്നു; അവരിൽ ആരും ജീവനോടെ ശേഷിക്കാത്തതിനാൽ സാന്ത്വനവാക്കുകൾ അവൾ നിരസിക്കുന്നു എന്നിങ്ങനെ യിരെമ്യാപ്രവാചകൻ മുഖേന അരുൾചെയ്തത് അന്നു സംഭവിച്ചു.
മത്തായി 2:16-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കിഴക്കുനിന്നും വന്ന ജ്ഞാനികൾ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ടു വളരെ കോപിച്ചു, അവരോട് ചോദിച്ചറിഞ്ഞ കാലത്തിന് ഒത്തവണ്ണം രണ്ടു വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്-ലേഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ച് കൊല്ലിച്ചു. “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നെ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം അന്നു നിവൃത്തിയായി.
മത്തായി 2:16-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ലേ ഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു. “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
മത്തായി 2:16-18 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനികൾ തന്നെ പരിഹസിച്ചെന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം രോഷാകുലനായി, ജ്ഞാനികളിൽനിന്ന് മനസ്സിലാക്കിയ സമയത്തിന് അനുസൃതമായി, ബേത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ആജ്ഞ നൽകി. “രാമായിൽ ഒരു ശബ്ദം കേൾക്കുന്നു, രോദനവും അത്യുച്ചവിലാപവുംതന്നെ. റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു. അവരിലാരും അവശേഷിക്കുന്നില്ല; സാന്ത്വനം അവൾ നിരസിക്കുന്നു,” എന്നിങ്ങനെ യിരെമ്യാപ്രവാചകനിലൂടെ ഉണ്ടായ അരുളപ്പാട് നിവൃത്തിയായി.