മത്തായി 19:3-12

മത്തായി 19:3-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പരീശന്മാർ അവന്റെ അടുക്കൽ വന്ന്: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു. അതിന് അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും എന്ന് അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു. അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചത്; ആദിയിൽ അങ്ങനെയല്ലായിരുന്നു. ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. ശിഷ്യന്മാർ അവനോട്: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൻ അവരോട്: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.

മത്തായി 19:3-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പരീശന്മാർ വന്ന് അവിടുത്തെ പരീക്ഷിക്കുവാൻവേണ്ടി ചോദിച്ചു: “കാരണം എന്തുതന്നെ ആയാലും ഒരുവൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?” യേശു മറുപടി പറഞ്ഞു: “ആദിയിൽ സ്രഷ്ടാവ് അവരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു, ‘അതുകൊണ്ട് ഒരു മനുഷ്യൻ മാതാവിനെയും പിതാവിനെയും വിട്ട് തന്റെ ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഒരു ദേഹമായിത്തീരുകയും ചെയ്യും’ എന്നു വേദഗ്രന്ഥത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ? അതുകൊണ്ട് അതുമുതൽ അവർ രണ്ടല്ല ഒരു ശരീരമത്രേ. അതിനാൽ ദൈവം കൂട്ടിച്ചേർത്തത് മനുഷ്യൻ ഒരിക്കലും വേർപിരിച്ചുകൂടാ.” “അങ്ങനെയാണെങ്കിൽ ഒരു മനുഷ്യൻ തന്റെ ഭാര്യക്ക് മോചനപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാൻ മോശ കല്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?” എന്നു പരീശന്മാർ അദ്ദേഹത്തോടു ചോദിച്ചു. അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾക്ക് ഇതിലുപരി ഗ്രഹിക്കുവാൻ കഴിയാത്തതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുവാൻ മോശ അനുവദിച്ചത്. എന്നാൽ സൃഷ്‍ടിയുടെ ആരംഭംമുതൽ അങ്ങനെ അല്ലായിരുന്നു. ഞാൻ നിങ്ങളോടു പറയുന്നു: ഭാര്യയുടെ അവിശ്വസ്തത നിമിത്തമല്ലാതെ അവളെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നപക്ഷം അങ്ങനെയുള്ള ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. അപ്പോൾ ശിഷ്യന്മാർ പറഞ്ഞു: “ഭാര്യാഭർത്തൃബന്ധം ഇങ്ങനെയാണെങ്കിൽ വിവാഹം കഴിക്കാതിരിക്കുകയാണു ഭേദം.” എന്നാൽ യേശു അവരോട് അരുൾചെയ്തു: ഈ ഉപദേശം, വരം ലഭിച്ചവർക്കല്ലാതെ ആർക്കും ഗ്രഹിക്കുവാൻ കഴിയുകയില്ല. മനുഷ്യർക്ക്, വിവാഹം കഴിക്കാതിരിക്കുവാൻ പല കാരണങ്ങളുമുണ്ട്. ചിലർ ജന്മനാ ഷണ്ഡന്മാരാകുന്നു; മറ്റു ചിലർ ഷണ്ഡന്മാരാക്കപ്പെടുന്നു; സ്വർഗരാജ്യത്തിനുവേണ്ടി ബ്രഹ്മചര്യം സ്വീകരിക്കുന്നവരുമുണ്ട്. ഇതു ഗ്രഹിക്കുവാൻ കഴിയുന്നവർ ഗ്രഹിക്കട്ടെ.”

മത്തായി 19:3-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പരീശന്മാർ അവന്‍റെ അടുക്കൽ വന്നു: “ഏത് കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ?“ എന്നു അവനെ പരീക്ഷിപ്പാനായി ചോദിച്ചു. അതിന് യേശു മറുപടി പറഞ്ഞത്: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അത് നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: എന്നാൽ വിവാഹമോചന സാക്ഷ്യപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാൻ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു. അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചത്; ആദിമുതൽ അങ്ങനെയല്ലായിരുന്നു. ഞാനോ നിങ്ങളോടു പറയുന്നത്: ദുർന്നടപ്പുനിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. ശിഷ്യന്മാർ അവനോട്: “സ്ത്രീയെ സംബന്ധിച്ച് പുരുഷന്‍റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നത് നന്നല്ല“ എന്നു പറഞ്ഞു. അവൻ അവരോട്:അനുവാദം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്ന് തന്നെ ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ പ്രാപ്തരായവർ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.

മത്തായി 19:3-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു. അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു. അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൻ അവരോടു: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.

മത്തായി 19:3-12 സമകാലിക മലയാളവിവർത്തനം (MCV)

“ഏതെങ്കിലും കാരണത്താൽ ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്നു ചില പരീശന്മാർ അടുത്തുചെന്ന് യേശുവിനെ പരീക്ഷിക്കുന്നതിനായി ചോദിച്ചു. അതിന് യേശു മറുപടി പറഞ്ഞത്: “സ്രഷ്ടാവ് ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’ അദ്ദേഹം തുടർന്നു, ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.” “അങ്ങനെയെങ്കിൽ, വിവാഹമോചനപത്രം കൊടുത്തശേഷം ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശ കൽപ്പിച്ചതെന്തിന്?” എന്ന് അവർ ചോദിച്ചു. യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല. പാതിവ്രത്യലംഘനം നിമിത്തമല്ലാതെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” അപ്പോൾ ശിഷ്യന്മാർ, “ഇതാണ് ഭാര്യാഭർത്തൃബന്ധത്തിന്റെ സ്ഥിതി എങ്കിൽ, വിവാഹംചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് അദ്ദേഹത്തോട് പറഞ്ഞു. യേശു പ്രതിവചിച്ചത്, “വരം ലഭിച്ചവർക്കല്ലാതെ മറ്റാർക്കും ഈ ഉപദേശം ഉൾക്കൊള്ളുക അസാധ്യം. ഷണ്ഡന്മാരായി ജനിച്ചവരുണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയവരുമുണ്ട്; സ്വർഗരാജ്യത്തെപ്രതി ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവരുമുണ്ട്. ഈ ഉപദേശം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ.”