മത്തായി 18:6-9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 18:6-9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആരെങ്കിലും ഇടർച്ചവരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നന്ന്. ഇടർച്ച ഹേതുവായി ലോകത്തിന് അയ്യോ കഷ്ടം; ഇടർച്ച വരുന്നത് ആവശ്യം തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കൈയും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്ന്. നിന്റെ കണ്ണ് നിനക്ക് ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്ന്.
മത്തായി 18:6-9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“ഈ ചെറിയവരിൽ ഒരുവനെ എന്നിലുള്ള വിശ്വാസത്തിൽനിന്നു വഴിതെറ്റിക്കുന്നവനു കൂടുതൽ നല്ലത് തന്റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി ആഴക്കടലിൽ താഴ്ത്തപ്പെടുന്നതാണ്. “പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങൾ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാൽ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം! “നിന്റെ കൈയോ, കാലോ നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; രണ്ടു കൈയോ രണ്ടു കാലോ ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ അംഗഹീനനായോ, മുടന്തനായോ ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്റെ കണ്ണു നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണുള്ളവനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
മത്തായി 18:6-9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനെ ആരെങ്കിലും പാപത്തിലേക്ക് നടത്തിയാലോ അവന്‍റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നല്ലത്. കാരണം; ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം! അങ്ങനെയുള്ള സമയങ്ങൾ വരേണ്ടത് തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നല്ലത്. നിന്റെ കണ്ണ് നിനക്കു ഇടർച്ച ആയാൽ അതിനെ പിഴുതെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്ന്.
മത്തായി 18:6-9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു. ഇടർച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം. നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു. നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒററക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു.
മത്തായി 18:6-9 MCV (സമകാലിക മലയാളവിവർത്തനം)
“എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്. മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം! നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്. നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.