മത്തായി 17:4-9
മത്തായി 17:4-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ പത്രൊസ് യേശുവിനോട്: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം, ഒന്ന് നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു. അവൻ പറയുമ്പോൾ തന്നെ പ്രകാശമുള്ളോരു മേഘം അവരുടെമേൽ നിഴലിട്ടു; മേഘത്തിൽനിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവനു ചെവികൊടുപ്പിൻ എന്ന് ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാർ അതു കേട്ടിട്ട് ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു. യേശു അടുത്തു ചെന്ന് അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവർ തല പൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല. അവർ മലയിൽനിന്ന് ഇറങ്ങുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുത് എന്നു കല്പിച്ചു.
മത്തായി 17:4-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “നാഥാ, നാം ഇവിടെ ആയിരിക്കുന്നത് എത്ര നന്ന്! അങ്ങ് ഇച്ഛിക്കുന്നെങ്കിൽ ഞാൻ മൂന്നു കൂടാരങ്ങൾ ഇവിടെ നിർമിക്കാം; ഒന്ന് അവിടുത്തേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും.” പത്രോസ് ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വെട്ടിത്തിളങ്ങുന്ന ഒരു മേഘം വന്ന് അവരെ മൂടി; “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവൻ പറയുന്നതു ശ്രദ്ധിക്കുക” എന്നു മേഘത്തിൽനിന്ന് ഒരു അശരീരിയും കേട്ടു. ശിഷ്യന്മാർ ഈ ശബ്ദം കേട്ടപ്പോൾ അത്യന്തം ഭയപരവശരായി കമിഴ്ന്നുവീണു. യേശു അവരുടെ അടുത്തുചെന്ന് അവരെ തൊട്ടുകൊണ്ട് “എഴുന്നേല്‌ക്കൂ ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു. അവർ തല ഉയർത്തി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല. മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട് ആജ്ഞാപിച്ചു: “മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉത്ഥാനം ചെയ്യുന്നതുവരെ നിങ്ങളുടെ ഈ ദർശനത്തെക്കുറിച്ച് ആരോടും പറയരുത്.”
മത്തായി 17:4-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ പത്രൊസ് യേശുവിനോടു: “കർത്താവേ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും“ എന്നു പറഞ്ഞു. അവൻ പറയുമ്പോൾ തന്നെ പ്രകാശമുള്ളൊരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രദ്ധിപ്പിൻ“ എന്നു ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാർ അത് കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു. യേശു അടുത്തുചെന്ന് അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവർ തലപൊക്കി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല. അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുത് എന്നു കല്പിച്ചു.
മത്തായി 17:4-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു. അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു. യേശു അടുത്തുചെന്നു അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല. അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു.
മത്തായി 17:4-9 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. അവിടത്തേക്കു പ്രസാദമെങ്കിൽ ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു. പത്രോസ് ഇതു സംസാരിക്കുമ്പോൾ, പ്രകാശപൂരിതമായ ഒരു മേഘം അവരെ ആവരണംചെയ്തു. ആ മേഘത്തിൽനിന്ന്, “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. ഇതു കേട്ട ശിഷ്യന്മാർ ഭയന്നുവിറച്ചു നിലത്ത് കമിഴ്ന്നുവീണു. യേശു വന്ന് അവരെ തൊട്ടു. “എഴുന്നേൽക്കുക, ഭയപ്പെടേണ്ട,” എന്നു പറഞ്ഞു. അവർ തലയുയർത്തിനോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല. അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിട്ടല്ലാതെ നിങ്ങൾ കണ്ട കാര്യം ആരോടും പറയരുത്” എന്നു കൽപ്പിച്ചു.