മത്തായി 17:22-27

മത്തായി 17:22-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്: ഉവ്വ് എന്ന് അവൻ പറഞ്ഞു. അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോട്: ശിമോനേ, നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്: അന്യരോട് എന്ന് അവൻ പറഞ്ഞു. യേശു അവനോട്: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിനു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ്തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.

മത്തായി 17:22-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഗലീലയിൽ അവർ ഒരുമിച്ചു കൂടിയപ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുകയാണ്. അവർ അവനെ വധിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്‌ക്കും.” ഇതുകേട്ട് ശിഷ്യന്മാർ അത്യധികം ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ ദേവാലയനികുതി പിരിക്കുന്നവർ പത്രോസിനോട്, “നിങ്ങളുടെ ഗുരു ദേവാലയനികുതി കൊടുക്കാറുണ്ടോ?” എന്നു ചോദിച്ചു. “ഉണ്ട്” എന്നു പത്രോസ് പറഞ്ഞു. വീട്ടിൽ ചെന്നപ്പോൾ പത്രോസ് ഇതിനെപ്പറ്റി പറയുന്നതിനു മുമ്പ് യേശു ചോദിച്ചു: “ശിമോനേ, നിന്റെ അഭിപ്രായം എന്താണ്? ഈ ലോകത്തിലെ രാജാക്കന്മാർ ആരിൽനിന്നാണു ചുങ്കമോ തലപ്പണമോ പിരിക്കുന്നത്? സ്വന്തം രാജ്യത്തിലെ പൗരന്മാരിൽനിന്നോ, വിദേശീയരിൽനിന്നോ?” “വിദേശീയരിൽനിന്ന് എന്നു പറഞ്ഞപ്പോൾ യേശു പത്രോസിനോട്, “അങ്ങനെയെങ്കിൽ പൗരന്മാർ അവ കൊടുക്കേണ്ടതില്ലല്ലോ. എന്നാൽ നാം അവരെ പിണക്കേണ്ട ആവശ്യമില്ല; നീ പോയി തടാകത്തിൽ ചൂണ്ടയിടുക; ആദ്യം കിട്ടുന്ന മീനിന്റെ വായിൽനിന്ന് ഒരു നാണയം കിട്ടും. എന്റെയും നിന്റെയും ദേവാലയനികുതി കൊടുക്കുവാൻ അതു മതിയാകും; അതെടുത്തു നമ്മുടെ നികുതി അടയ്‍ക്കുക.”

മത്തായി 17:22-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവർ ഗലീലയിൽ പാർക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുകയും; അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ കരം പിരിക്കുന്നവർ പത്രോസിന്‍റെ അടുക്കൽ വന്നു: “നിങ്ങളുടെ ഗുരു കരം (ദ്വിദ്രഹ്മപ്പണം) കൊടുക്കുന്നില്ലയോ?“ എന്നു ചോദിച്ചതിന്: “ഉണ്ട്“ എന്നു അവൻ പറഞ്ഞു. പത്രൊസ് വീട്ടിൽ വന്നപ്പോൾ യേശു ആദ്യം അവനോട്: ശിമോനേ, നിനക്കു എന്ത് തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ പ്രതിഫലമോ കരമോ ആരോട് വാങ്ങുന്നു? രാജ്യത്തിലെ അംഗങ്ങളോടോ അതോ പുറത്തുള്ളവരോടോ എന്നു ചോദിച്ചതിന്: “പുറത്തുള്ളവരോട്“ എന്നു പത്രൊസ് പറഞ്ഞു. യേശു അവനോട്: എന്നാൽ രാജ്യത്തിലെ അംഗങ്ങൾ ഒഴിവുള്ളവരല്ലോ. എങ്കിലും നാം കരം പിരിക്കുന്നവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിന് നീ കടലിലേക്കു ചെന്നു ചൂണ്ട ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്‍റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.

മത്തായി 17:22-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു. അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു. അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു. യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.

മത്തായി 17:22-27 സമകാലിക മലയാളവിവർത്തനം (MCV)

അവർ ഒന്നിച്ച് ഗലീലയിൽ എത്തിയപ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും; അവർ അവനെ കൊല്ലും. എന്നാൽ, മൂന്നാംദിവസം അവൻ ഉയിർത്തെഴുന്നേൽക്കും” എന്നു പറഞ്ഞു. ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ദുഃഖിതരായി. യേശുവും ശിഷ്യന്മാരും കഫാർനഹൂമിൽ എത്തിയപ്പോൾ ഓരോ വ്യക്തിയിൽനിന്ന് രണ്ട് ദ്രഹ്മ വീതം ദൈവാലയനികുതി ഈടാക്കുന്നവർ പത്രോസിന്റെ അടുക്കൽവന്ന്, “നിങ്ങളുടെ ഗുരു ദൈവാലയനികുതി കൊടുക്കുന്നില്ലേ?” എന്നു ചോദിച്ചു. “ഉവ്വ്, കൊടുക്കുന്നുണ്ടല്ലോ,” പത്രോസ് മറുപടി പറഞ്ഞു. പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ യേശുവാണ് സംഭാഷണം ആരംഭിച്ചത്. “ശിമോനേ, എന്താണ് നിന്റെ അഭിപ്രായം? ഭൂമിയിലെ രാജാക്കന്മാർ കരമോ നികുതിയോ പിരിക്കുന്നത് ആരിൽനിന്നാണ്—അവരുടെ സ്വന്തം മക്കളിൽനിന്നോ അതോ അന്യരിൽനിന്നോ?” അദ്ദേഹം ചോദിച്ചു. “അന്യരിൽനിന്ന്,” പത്രോസ് മറുപടി നൽകി. “അങ്ങനെയെങ്കിൽ മക്കൾ ഒഴിവുള്ളവരാണല്ലോ,” യേശു അദ്ദേഹത്തോട് പറഞ്ഞു. “എന്തായാലും നാം അവരെ എതിർക്കേണ്ടതില്ല; നീ തടാകത്തിൽ ചെന്ന് ചൂണ്ടയിടുക. ആദ്യം ലഭിക്കുന്ന മത്സ്യത്തെ എടുത്ത് അതിന്റെ വായ് തുറക്കുമ്പോൾ നാലു ദ്രഹ്മയുടെ ഒരു നാണയം കാണും; അത് എടുത്ത് നാം ഇരുവരുടെയും നികുതി നൽകുക,” എന്നു പറഞ്ഞു.