മത്തായി 17:14-23
മത്തായി 17:14-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്ന് അവന്റെ മുമ്പാകെ മുട്ടുകുത്തി: കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായിപ്പോകുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിനു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്ന് ഉത്തരം പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ നാഴികമുതൽ സൗഖ്യം വന്നു. പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്ന്: ഞങ്ങൾക്ക് അതിനെ പുറത്താക്കിക്കൂടാഞ്ഞത് എന്ത് എന്നു ചോദിച്ചു. അവൻ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്ക് ഒന്നും അസാധ്യമാകയുമില്ല. [എങ്കിലും പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല] എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
മത്തായി 17:14-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ജനക്കൂട്ടത്തിനടുത്തു തിരിച്ചുചെന്നപ്പോൾ ഒരു മനുഷ്യൻ യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി അവിടുത്തോടു പറഞ്ഞു: “കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകണമേ! അപസ്മാരരോഗിയായ അവൻ വളരെയധികം കഷ്ടപ്പെടുന്നു. അവൻ പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു. അവർക്ക് അവനെ സുഖപ്പെടുത്തുവാൻ കഴിഞ്ഞില്ല.” യേശു ഇപ്രകാരം മറുപടി പറഞ്ഞു: “അവിശ്വാസവും വഴിപിഴച്ചതുമായ തലമുറ! എത്രകാലം ഞാൻ നിങ്ങളോടുകൂടിയിരിക്കും? എത്രത്തോളം ഞാൻ നിങ്ങളെ വഹിക്കും? ആ ബാലനെ ഇങ്ങു കൊണ്ടുവരൂ.” പിന്നീട് യേശു ഭൂതത്തെ ശാസിച്ചു; ഭൂതം ആ ബാലനിൽനിന്ന് ഒഴിഞ്ഞുപോയി. തൽക്ഷണം അവൻ സുഖംപ്രാപിച്ചു. ശിഷ്യന്മാർ രഹസ്യമായി യേശുവിന്റെ അടുത്തുവന്ന്, “ഞങ്ങൾക്ക് എന്തുകൊണ്ടാണ് ആ ഭൂതത്തെ പുറത്താക്കുവാൻ കഴിയാഞ്ഞത്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “നിങ്ങളുടെ വിശ്വാസത്തിന്റെ കുറവുകൊണ്ടുതന്നെ. ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഒരു കടുകുമണിയോളം വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ ഈ മലയോട് ‘ഇവിടെനിന്ന് അങ്ങോട്ടു മാറുക’ എന്നു പറഞ്ഞാൽ അതു മാറും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല. പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ മറ്റൊന്നുകൊണ്ടും ഈ ജാതിയെ ഒഴിച്ചുവിടാൻ സാധ്യമല്ല.” ഗലീലയിൽ അവർ ഒരുമിച്ചു കൂടിയപ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുകയാണ്. അവർ അവനെ വധിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്‌ക്കും.” ഇതുകേട്ട് ശിഷ്യന്മാർ അത്യധികം ദുഃഖിച്ചു.
മത്തായി 17:14-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നപ്പോൾ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി: “കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവനു അപസ്മാരരോഗം ബാധിച്ചതു കൊണ്ടു പലപ്പോഴും തീയിലും വെള്ളത്തിലും വീണു കഠിനമായ കഷ്ടത്തിലായ്പോകുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യമാക്കുവാൻ അവർക്ക് കഴിഞ്ഞില്ല“ എന്നു പറഞ്ഞു. അതിന് യേശു മറുപടി പറഞ്ഞത് അവിശ്വാസവും ദുഷിച്ചതുമായ തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ സമയം മുതൽ സൗഖ്യം വന്നു. പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: “ഞങ്ങൾക്കു അതിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്ത്?“ എന്നു ചോദിച്ചു. അവൻ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: നീ ഇവിടെ നിന്നു അവിടേക്ക് നീങ്ങുക എന്നു പറഞ്ഞാൽ അത് നീങ്ങും; നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജനതകൾ നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ഗലീലയിൽ പാർക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുകയും; അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
മത്തായി 17:14-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി: കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു. പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു. അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
മത്തായി 17:14-23 സമകാലിക മലയാളവിവർത്തനം (MCV)
യേശുവും ശിഷ്യന്മാരും ജനക്കൂട്ടത്തിനടുത്തു വന്നപ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിച്ച് മുട്ടുകുത്തി, “കർത്താവേ, എന്റെ മകനോട് കരുണയുണ്ടാകണമേ, അവൻ അപസ്മാരരോഗത്താൽ അതിദാരുണമായി നരകിക്കുന്നു; പലപ്പോഴും തീയിലും വെള്ളത്തിലും വീണുപോകുന്നു. അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ ഞാൻ അവനെ കൊണ്ടുവന്നു, എങ്കിലും അവർക്ക് അവനെ സൗഖ്യമാക്കാൻ കഴിഞ്ഞില്ല” എന്നു പറഞ്ഞു. അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കും? എത്രനാൾ ഞാൻ നിങ്ങളെ സഹിക്കും? ബാലനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അത് ബാലനിൽനിന്ന് പുറത്തുപോയി; ആ നിമിഷത്തിൽത്തന്നെ അവൻ സൗഖ്യമായി. അതിനുശേഷം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു. “അത് നിങ്ങളിലെ വിശ്വാസത്തിന്റെ അപര്യാപ്തതമൂലമാണ്. നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് മാറിപ്പോകുക’ എന്നു പറഞ്ഞാൽ അതു മാറിപ്പോകും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് അസാധ്യമായത് ഒന്നുംതന്നെ ഉണ്ടാകുകയില്ല. എന്നാൽ പ്രാർഥനയാലും ഉപവാസത്താലും അല്ലാതെ ഈ വിധമുള്ളവ ഒഴിഞ്ഞുപോകുകയില്ല.” അവർ ഒന്നിച്ച് ഗലീലയിൽ എത്തിയപ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും; അവർ അവനെ കൊല്ലും. എന്നാൽ, മൂന്നാംദിവസം അവൻ ഉയിർത്തെഴുന്നേൽക്കും” എന്നു പറഞ്ഞു. ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ദുഃഖിതരായി.