മത്തായി 16:13-18

മത്തായി 16:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറേ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു. നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിനു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: ബർയോനാശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

മത്തായി 16:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കൈസര്യ ഫിലിപ്പിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ “മനുഷ്യപുത്രൻ ആരാകുന്നു എന്നാണു ജനങ്ങൾ പറയുന്നത്?” എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു. “സ്നാപകയോഹന്നാൻ എന്നു ചിലരും ഏലിയാ എന്നു മറ്റു ചിലരും യിരെമ്യായോ അഥവാ പ്രവാചകന്മാരിൽ ഒരുവനോ എന്നു വേറേ ചിലരും പറയുന്നു” എന്ന് അവർ മറുപടി പറഞ്ഞു. “ആകട്ടെ ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു. “അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോൻ പത്രോസ് പറഞ്ഞു. അപ്പോൾ യേശു അരുൾചെയ്തു: “യോനായുടെ പുത്രനായ ശിമോനേ, നീ അനുഗൃഹീതനാകുന്നു. മാംസരക്തങ്ങളോടുകൂടിയ മനുഷ്യർ ആരുമല്ല ഈ സത്യം നിനക്കു വെളിപ്പെടുത്തിയത്, പിന്നെയോ സ്വർഗത്തിലുള്ള പിതാവത്രേ. ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും. അധോലോകത്തിന്റെ ശക്തികൾ അതിനെ ജയിക്കുകയില്ല.

മത്തായി 16:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്‍റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രൻ ആർ ആകുന്നു എന്നു പറയുന്നുവെന്ന് ചോദിച്ചു. “ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റുചിലർ ഏലിയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുവനോ എന്നും പറയുന്നു“ എന്നു അവർ പറഞ്ഞു. എന്നാൽ ഞാൻ ആർ ആകുന്നു എന്നു നിങ്ങൾ പറയുന്നു? എന്ന് യേശു ചോദിച്ചു. അതിനുത്തരമായി ശിമോൻ പത്രൊസ്: “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു“ എന്നു പറഞ്ഞു. യേശു അവനോട്: ബർയോനാ ശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയത്. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നും ഞാൻ നിന്നോട് പറയുന്നു.

മത്തായി 16:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു. നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

മത്തായി 16:13-18 സമകാലിക മലയാളവിവർത്തനം (MCV)

യേശു കൈസര്യ-ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ തന്റെ ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു. അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും യിരെമ്യാവോ മറ്റു പ്രവാചകന്മാരിൽ ഒരാളോ എന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു. “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രൻ, ക്രിസ്തു ആകുന്നു,” എന്ന് ശിമോൻ പത്രോസ് പ്രതിവചിച്ചു. യേശു അതിനു മറുപടി പറഞ്ഞത്, “യോനായുടെ മകൻ ശിമോനേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; മനുഷ്യരല്ല ഇത് നിനക്ക് വെളിപ്പെടുത്തിയത്, പിന്നെയോ എന്റെ സ്വർഗസ്ഥപിതാവാണ്. ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; നരകകവാടങ്ങൾ അതിനെ ജയിച്ചടക്കുക അസാധ്യം.