മത്തായി 15:32-39

മത്തായി 15:32-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ട് അവരെക്കുറിച്ച് എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: ഇത്ര വലിയ പുരുഷാരത്തിനു തൃപ്തി വരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്ക് എവിടെനിന്ന് എന്നു പറഞ്ഞു. നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു യേശു ചോദിച്ചു; ഏഴ്; കുറെ ചെറുമീനും ഉണ്ട് എന്ന് അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു. ആ ഏഴ് അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്ത് എത്തി.

മത്തായി 15:32-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: “ഈ ജനത്തെ കണ്ടിട്ട് എന്റെ മനസ്സ് അലിയുന്നു. മൂന്നു ദിവസമായിട്ട് അവർ എന്റെകൂടെ ആയിരുന്നുവല്ലോ. അവർക്ക് ഭക്ഷിക്കുവാൻ ഒന്നുമില്ല. അവരെ പട്ടിണിക്കു പറഞ്ഞയയ്‍ക്കാൻ എനിക്കു മനസ്സുവരുന്നില്ല. അവർ വഴിയിൽ തളർന്നു വീണു പോയേക്കാം.” ശിഷ്യന്മാർ അവിടുത്തോടു ചോദിച്ചു: “ഈ വിജനസ്ഥലത്ത് ഇത്ര വലിയ ജനസഞ്ചയത്തിനു വേണ്ടത്ര ഭക്ഷണം എങ്ങനെ കിട്ടും?” യേശു അവരോട്, “നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?” “ഏഴപ്പവും കുറെ ചെറിയ മീനുമുണ്ട്” എന്ന് അവർ പറഞ്ഞു. യേശു ജനത്തോട് നിലത്തിരിക്കുവാൻ ആജ്ഞാപിച്ചിട്ട്, ആ ഏഴപ്പവും മീനും എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവർക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങൾ അവർ ഏഴുവട്ടി നിറച്ചെടുത്തു. ഭക്ഷിച്ചവർ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരം പേരുണ്ടായിരുന്നു. യേശു ജനസമൂഹത്തെ പിരിച്ചുവിട്ടശേഷം ഒരു വഞ്ചിയിൽ കയറി മഗദാ എന്ന പ്രദേശത്തേക്കു പോയി.

മത്തായി 15:32-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ യേശു തന്‍റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു; ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളുകളായി എന്നോടുകൂടെ പാർക്കുന്നു; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് അവരെക്കുറിച്ച് എനിക്ക് മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: “ഇത്രവലിയ പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ആവശ്യമായ അപ്പം ഈ വിജനമായ സ്ഥലത്ത് നമുക്കു എവിടെ നിന്നു ലഭിക്കും?“ എന്നു ചോദിച്ചു. യേശു അവരോട് നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചതിന്, “ഏഴു അപ്പവും, കുറെ ചെറുമീനുകളും ഉണ്ട്“ എന്നു അവർ പറഞ്ഞു. അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു, ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ അവർ ഏഴു കൊട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പടകിൽ കയറി മഗദാ ദേശത്തു എത്തി.

മത്തായി 15:32-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു. നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു, ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറെച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്തു എത്തി.

മത്തായി 15:32-39 സമകാലിക മലയാളവിവർത്തനം (MCV)

യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.” അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു. യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. “ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു. യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയുംകൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. ജനക്കൂട്ടത്തെ യാത്രയയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദാ ദേശത്തേക്കു പോയി.