മത്തായി 15:1-28
മത്തായി 15:1-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു: നിന്റെ ശിഷ്യന്മാർ പൂർവന്മാരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത്? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്? അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. നിങ്ങളോ ഒരുത്തൻ അപ്പനോട് എങ്കിലും അമ്മയോട് എങ്കിലും: നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാട് എന്നു പറഞ്ഞാൽ അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബലമാക്കിയിരിക്കുന്നു. കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവ്: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു. പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ച് അവരോടു പറഞ്ഞത്: കേട്ടു ഗ്രഹിച്ചുകൊൾവിൻ. മനുഷ്യന് അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നത് അല്ല, വായിൽനിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: സ്വർഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്ന് ഉത്തരം പറഞ്ഞു. പത്രൊസ് അവനോട്: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? വായിക്കകത്തു കടക്കുന്നത് എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല. യേശു അവിടം വിട്ടു സോർ, സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്ന്, അവനോട്: കർത്താവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ എന്ന് അവനോട് അപേക്ഷിച്ചു. അതിന് അവൻ: യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു. അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്ന് ഉത്തരം പറഞ്ഞു. അതിന് അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു.
മത്തായി 15:1-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും മതപണ്ഡിതന്മാരും യേശുവിന്റെ അടുക്കൽവന്ന് “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ട്? അവർ ഭക്ഷണം കഴിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ” എന്നു പറഞ്ഞു. യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ഈശ്വരകല്പനയെ നിങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ട്? പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം എന്നും ദൈവം കല്പിച്ചിരിക്കുന്നു. എന്നാൽ ‘പിതാവിനോ മാതാവിനോ എന്നിൽനിന്നു ലഭിക്കേണ്ടതു എന്തെങ്കിലും ഞാൻ ദൈവത്തിനു നല്‌കിയിരിക്കുന്നു’ എന്ന് ഒരുവൻ പറഞ്ഞാൽ പിന്നെ അച്ഛനെയും അമ്മയെയും സംരക്ഷിക്കേണ്ടതില്ല എന്നു നിങ്ങൾ പഠിപ്പിക്കുന്നു. അങ്ങനെ പാരമ്പര്യം പുലർത്താൻവേണ്ടി ദൈവവചനം നിങ്ങൾ നിരർഥകമാക്കുന്നു. കപടഭക്തരേ, നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചിരിക്കുന്നത് എത്രയോ വാസ്തവം. ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നിൽനിന്നു വിദൂരസ്ഥമായിരിക്കുന്നു. അവർ എന്നെ ആരാധിക്കുന്നതു വ്യർഥം; മനുഷ്യനിർമിതങ്ങളായ അനുശാസനങ്ങളാണ് അവരുടെ ധർമോപദേശം. പിന്നീട് യേശു ജനങ്ങളെ അടുക്കൽ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇതു കേട്ടു ഗ്രഹിച്ചുകൊള്ളുക: മനുഷ്യന്റെ വായിലേക്കു ചെല്ലുന്നത് അല്ല അവനെ അശുദ്ധനാക്കുന്നത്; പ്രത്യുത വായിൽനിന്നു പുറത്തു വരുന്നതാണ്.” അനന്തരം ശിഷ്യന്മാർ യേശുവിനോട്, “അങ്ങു പറഞ്ഞത് പരീശന്മാരെ പ്രകോപിപ്പിച്ചു എന്നുള്ളത് അങ്ങു മനസ്സിലാക്കിയോ?” എന്നു ചോദിച്ചു. അവിടുന്ന് ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ സ്വർഗീയ പിതാവു നടാത്ത ചെടികളെല്ലാം വേരോടെ പിഴുതുപോകും. അവരെ കണക്കിലെടുക്കേണ്ടാ; അവർ അന്ധന്മാരായ വഴികാട്ടികളത്രേ. അന്ധൻ അന്ധനു വഴികാട്ടിയാൽ ഇരുവരും കുഴിയിൽ വീഴുമല്ലോ.” പത്രോസ് അവിടുത്തോട്, “ഈ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതന്നാലും” എന്ന് അഭ്യർഥിച്ചു. യേശു മറുപടി പറഞ്ഞു: “നിങ്ങൾപോലും അത് ഇനിയും മനസ്സിലാക്കുന്നില്ലേ? ഒരുവന്റെ വായിലേക്കു പോകുന്നതെന്തും അവന്റെ വയറ്റിൽ ചെന്നശേഷം വിസർജിക്കപ്പെടുന്നു. എന്നാൽ വായിൽനിന്നു പുറത്തുവരുന്നത്, ഹൃദയത്തിൽനിന്നത്രേ ഉദ്ഭവിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങളാണു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഹൃദയത്തിൽനിന്നു ദുർവികാരങ്ങൾ, കൊലപാതകം, വ്യഭിചാരം, മറ്റ് അസാന്മാർഗിക കർമങ്ങൾ, മോഷണം, കള്ളസ്സാക്ഷ്യം, പരദൂഷണം എന്നിവ പുറപ്പെടുന്നു. മനുഷ്യനെ അശുദ്ധനാക്കുന്നത് ഇവയാണ്; കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതല്ല.” യേശു അവിടെനിന്ന് സോർ, സീദോൻ പ്രദേശങ്ങളിലേക്കു പോയി. അവിടെയുള്ള ഒരു കനാന്യസ്‍ത്രീ നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നോടു കനിവുണ്ടാകണമേ; എന്റെ മകളെ ഒരു ഭൂതം കഠിനമായി ബാധിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു ഒരു മറുപടിയും പറഞ്ഞില്ല. ശിഷ്യന്മാർ അടുത്തുചെന്ന് “ആ സ്‍ത്രീ കരഞ്ഞുകൊണ്ടു നമ്മുടെ പിന്നാലേ വരുന്നല്ലോ; അവളെ പറഞ്ഞയച്ചാലും” എന്ന് അഭ്യർഥിച്ചു. അതിനു മറുപടിയായി അവിടുന്ന് പറഞ്ഞു: “ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്.” എന്നാൽ ആ സ്ത്രീ വന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തിക്കൊണ്ട്, “പ്രഭോ, എന്നെ സഹായിക്കണമേ” എന്ന് അപേക്ഷിച്ചു. “കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള അപ്പമെടുത്തു നായ്‍ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് യേശു പ്രതിവചിച്ചു. അപ്പോൾ ആ സ്‍ത്രീ പറഞ്ഞു: “അതേ, കർത്താവേ, നായ്‍ക്കുട്ടികളും യജമാനന്റെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” യേശു ആ സ്‍ത്രീയോട് അരുൾചെയ്തു: “അല്ലയോ സ്‍ത്രീയേ, നിന്റെ വിശ്വാസം വലുതുതന്നെ; നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ.” ആ നിമിഷത്തിൽത്തന്നെ അവളുടെ മകൾ രോഗവിമുക്തയായി.
മത്തായി 15:1-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം യെരൂശലേമിൽ നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു: “നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത്? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ“ എന്നു പറഞ്ഞു അവൻ അവരോട് ഉത്തരം പറഞ്ഞത്:നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്? അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. എന്നാൽ നിങ്ങൾ പറയുന്നു ആരെങ്കിലും അപ്പനോടോ, അമ്മയോടോ: നിനക്കു എന്നിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായം എല്ലാം ദൈവത്തിന് വഴിപാടായി അർപ്പിച്ചു എന്നു പറഞ്ഞാൽ അവൻ അപ്പനെ ബഹുമാനിക്കേണ്ടതായ ആവശ്യമില്ലായെന്ന് പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായം നിമിത്തം ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു. കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ച് യെശയ്യാവു: “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെവിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളെ അവരുടെ ഉപദേശങ്ങളായി പഠിപ്പിക്കുന്നതുകൊണ്ട് അവർ എന്നെ വ്യർത്ഥമായി ആരാധിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചിരിക്കുന്നത് ഒത്തിരിക്കുന്നു. പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട് പറഞ്ഞത്: കേട്ടു ഗ്രഹിച്ചുകൊൾവിൻ. വായ്ക്കകത്തു പ്രവേശിക്കുന്നത് മനുഷ്യനെ അശുദ്ധനാക്കുന്നില്ല, മറിച്ച് വായിൽനിന്നു പുറപ്പെടുന്നതത്രേ; മനുഷ്യനെ അശുദ്ധനാക്കുന്നത്. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: “പരീശന്മാർ ഈ പ്രസ്താവന കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ?“ എന്നു ചോദിച്ചു. അതിന് അവൻ: സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു. പത്രൊസ് അവനോട്: “ആ ഉപമ ഞങ്ങൾക്കു വിശദീകരിച്ച് തരേണം“ എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? വായ്ക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ട് മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്ന് വരുന്നു; അത് മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നത് ഈ കാര്യങ്ങളത്രേ; കഴുകാത്ത കൈകൊണ്ട് ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല. യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്ക് പിൻവാങ്ങിപ്പോയി. ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്നു, അവനോട്: “കർത്താവേ, ദാവീദ് പുത്രാ, എന്നോട് കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു“ എന്നു ഉറക്കെ നിലവിളിച്ചുപറഞ്ഞു. അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: “അവൾ നമ്മുടെ പിന്നാലെ ഉറക്കെ നിലവിളിച്ചുകൊണ്ട് വരുന്നു; അവളെ പറഞ്ഞയക്കേണമേ“ എന്നു അവനോട് അപേക്ഷിച്ചു. അതിന് അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു. എന്നാൽ അവൾ വന്നു: “കർത്താവേ, എന്നെ സഹായിക്കേണമേ“ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് നന്നല്ല എന്നു ഉത്തരം പറഞ്ഞു. അതിന് അവൾ: “അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന ചില നുറുക്കുകൾ തിന്നുന്നുണ്ടല്ലോ“ എന്നു പറഞ്ഞു. യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികയിൽത്തന്നെ അവളുടെ മകൾക്കു സൗഖ്യം വന്നു.
മത്തായി 15:1-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു: നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു അവൻ അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു? അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു. കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു. പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ. മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു. പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല. യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. അതിന്നു അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു. എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു. അതിന്നു അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു.
മത്തായി 15:1-28 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം ജെറുശലേമിൽനിന്ന് ചില പരീശന്മാരും വേദജ്ഞരും യേശുവിന്റെ അടുക്കൽവന്ന്, “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്ത്? അവർ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലല്ലോ!” എന്നു ചോദിച്ചു. അതിന് യേശു ചോദിച്ച മറുചോദ്യം: “നിങ്ങളുടെ പാരമ്പര്യം അനുവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്ത്? ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ. ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ? കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു: “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു. അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’” പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക. മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’ ” അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു. യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും. അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.” “ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു. “നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു. “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ. എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു; ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.” യേശു ആ സ്ഥലംവിട്ടു സോർ, സീദോൻ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ അവിടെനിന്നുള്ള കനാൻ നിവാസിയായ ഒരു സ്ത്രീ വന്ന് നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദുപുത്രാ, എന്നോട് കരുണയുണ്ടാകണമേ! ഒരു ഭൂതം എന്റെ മകളെ ബാധിച്ച് അവളെ അതികഠിനമായി പീഡിപ്പിക്കുന്നു” എന്നു പറഞ്ഞു. യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “നമുക്ക് പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്ന അവളെ പറഞ്ഞയയ്ക്കണമേ” എന്നപേക്ഷിച്ചു. “ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുമാത്രമാണ് എന്നെ അയച്ചിരിക്കുന്നത്,” എന്ന് യേശു ഉത്തരം പറഞ്ഞു. എന്നാൽ, ആ സ്ത്രീ വന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണ്, “കർത്താവേ, എന്നെ സഹായിക്കണമേ” എന്നപേക്ഷിച്ചു. അതിന് യേശു, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു. “ശരിയാണ് കർത്താവേ,” അവൾ പറഞ്ഞു. “എങ്കിലും നായ്ക്കുട്ടികളും അവയുടെ യജമാനരുടെ മേശയിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ.” അപ്പോൾ യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ” എന്നു കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.