മത്തായി 14:1-23
മത്തായി 14:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്: അവൻ യോഹന്നാൻസ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു. ഹെരോദാവ് തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടുതന്നെ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു. അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്ന് എണ്ണുകയാൽ അവരെ ഭയപ്പെട്ടു. എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു. അതുകൊണ്ട് എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്ന് അവൻ സത്യംചെയ്തു വാക്കുകൊടുത്തു. അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻസ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു. രാജാവ് ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ച് അതു കൊടുപ്പാൻ കല്പിച്ചു.; ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു. അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; അവൾ അമ്മയ്ക്കു കൊണ്ടുപോയി കൊടുത്തു. അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു. അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു. അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന്: ഈ സ്ഥലം മരുഭൂമിയല്ലോ, നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിനു അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു. അവർ അവനോട്: അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു. പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു.; ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വർഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു. ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാൻ അവരെ നിർബന്ധിച്ചു. അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു
മത്തായി 14:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അക്കാലത്തു ഗലീല ഭരിച്ചിരുന്ന ഹേരോദാ യേശുവിന്റെ കീർത്തിയെപ്പറ്റി കേട്ടിട്ട്, തന്റെ സേവകന്മാരോടു പറഞ്ഞു: “ഇതു സ്നാപകയോഹന്നാൻ തന്നെയാണ്; അദ്ദേഹം മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അദ്ഭുതസിദ്ധികളെല്ലാം ഉള്ളത്.” തന്റെ സഹോദരൻ ഫീലിപ്പോസിന്റെ ഭാര്യ ഹേരോദ്യ നിമിത്തം ഹേരോദാ യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിലടച്ചിരുന്നു. ഹേരോദ്യയെ ഭാര്യയായി വച്ചുകൊണ്ടിരുന്നതു ന്യായമല്ല എന്നു യോഹന്നാൻ പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. യോഹന്നാനെ വധിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും ഹേരോദാരാജാവ് ജനങ്ങളെ ഭയപ്പെട്ടു; യോഹന്നാൻ ഒരു പ്രവാചകനാണെന്ന് അവർ കരുതിയിരുന്നു. ഹേരോദായുടെ ജന്മദിനം കൊണ്ടാടിയപ്പോൾ ഹേരോദ്യയുടെ പുത്രി രാജസദസ്സിൽ ചെന്നു നൃത്തം ചെയ്തു ഹേരോദായെ സന്തോഷിപ്പിച്ചു. “നീ എന്തുതന്നെ ചോദിച്ചാലും നാം അതു തീർച്ചയായും നിനക്കു തരാം” എന്നു രാജാവ് അവളോടു ശപഥം ചെയ്തു. അവളാകട്ടെ അമ്മയുടെ പ്രേരണയനുസരിച്ച് “സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു താലത്തിൽവച്ച് എനിക്കു തരണം” എന്ന് ആവശ്യപ്പെട്ടു. രാജാവു ദുഃഖിതനായി. എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും ഓർത്ത് അപ്രകാരം ചെയ്തുകൊടുക്കുവാൻ രാജാവു കല്പിച്ചു. അങ്ങനെ കാരാഗൃഹത്തിൽവച്ച് യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു. എന്നിട്ട്, തല ഒരു താലത്തിൽവച്ച് ആ പെൺകുട്ടിക്കു കൊടുത്തു. അവൾ അതു കൊണ്ടുപോയി അമ്മയ്‍ക്കു കൊടുക്കുകയും ചെയ്തു. യോഹന്നാന്റെ ശിഷ്യന്മാർ ചെന്ന് മൃതദ്ദേഹം അടക്കം ചെയ്തശേഷം വിവരം യേശുവിനെ അറിയിച്ചു. യേശു അതു കേട്ടപ്പോൾ ഒരു വഞ്ചിയിൽ കയറി അവിടംവിട്ട് തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങൾ ഇതറിഞ്ഞു പട്ടണങ്ങളിൽനിന്നു കാൽനടയായി അവിടുത്തെ പിന്തുടർന്നു. യേശു അവിടെ ചെന്നിറങ്ങിയപ്പോൾ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരിൽ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികൾക്ക് അവിടുന്ന് സൗഖ്യം നല്‌കി. സന്ധ്യ ആയപ്പോൾ ശിഷ്യന്മാർ അവിടുത്തോടു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും വൈകി; ജനങ്ങളെ പറഞ്ഞയച്ചാലും; അവർ ഗ്രാമങ്ങളിൽ ചെന്നു വല്ല ഭക്ഷണസാധനങ്ങളും വാങ്ങട്ടെ.” യേശു അവരോടു പറഞ്ഞു: “അവർ പോകേണ്ടതില്ല; നിങ്ങൾ തന്നെ അവർക്കു ഭക്ഷണം നല്‌കണം.” അവർ യേശുവിനോട്: “ഞങ്ങളുടെ പക്കൽ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല” എന്നു പറഞ്ഞു. “അവ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞശേഷം ജനങ്ങളോടു പുൽപ്പുറത്തിരിക്കുവാൻ യേശു ആജ്ഞാപിച്ചു. അനന്തരം ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി സ്തോത്രം ചെയ്തു മുറിച്ച് ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങൾ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. ഭക്ഷണം കഴിച്ചവർ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം പേർ ഉണ്ടായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയിൽ ശിഷ്യന്മാരോട് തോണിയിൽ കയറി തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാൻ യേശു നിർബന്ധിച്ചു. അതിനുശേഷം യേശു പ്രാർഥിക്കുന്നതിനായി തനിച്ചു കുന്നിന്റെ മുകളിലേക്കു കയറിപ്പോയി. സന്ധ്യ ആയപ്പോൾ അവിടെ അവിടുന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മത്തായി 14:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ടു: “ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത്“ എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു. ഹെരോദാവ് തന്റെ സഹോദരനായ ഫിലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു. അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു. എന്നാൽ ഹെരോദാവിൻ്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു. അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു. അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: “യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ ഇവിടെ തരേണം“ എന്നു പറഞ്ഞു. ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു; അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു. അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു. അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്നു യേശുവിനെ അറിയിച്ചു. അത് കേട്ടിട്ടു യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടുപോയി; പുരുഷാരം അത് കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു. അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു പറഞ്ഞു: “ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം“ എന്നു പറഞ്ഞു. എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു. അവർ അവനോട്: “അഞ്ചു അപ്പവും രണ്ടുമീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല“ എന്നു പറഞ്ഞു. അത് എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു. പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു. ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിര്‍ബ്ബന്ധിച്ചു. അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
മത്തായി 14:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു: അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു. ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു. അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു. എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു. അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു. അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു. രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു; ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു. അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു. അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു. അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു. അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൗഖ്യമാക്കി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. യേശു അവരോടു: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു. അവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. അതു ഇങ്ങുകൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു. പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു. ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പോകുവാൻ അവരെ നിർബന്ധിച്ചു. അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
മത്തായി 14:1-23 സമകാലിക മലയാളവിവർത്തനം (MCV)
ആ കാലത്ത് ഗലീലയിലെ ഭരണാധികാരിയായിരുന്ന ഹെരോദാവ് യേശുവിനെക്കുറിച്ചുള്ള വാർത്തകേട്ട്, തന്റെ സേവകന്മാരോട്, “ഇദ്ദേഹം യോഹന്നാൻസ്നാപകൻതന്നെയാണ്. യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്” എന്നു പറഞ്ഞു. ഹെരോദാവ്, തന്റെ സഹോദരൻ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, നേരത്തേ യോഹന്നാനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടച്ചിരുന്നു. “നീ നിയമവിരുദ്ധമായാണ് അവളെ സ്വന്തമാക്കിയിരിക്കുന്നത്,” എന്ന് യോഹന്നാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നതിനാലാണ് അപ്രകാരം ചെയ്തത്. യോഹന്നാനെ വധിക്കാൻ ഹെരോദാവ് ആഗ്രഹിച്ചെങ്കിലും ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്നു കരുതിയിരുന്നതിനാൽ രാജാവ് ജനത്തെ ഭയപ്പെട്ടിരുന്നു. ഹെരോദാരാജാവിന്റെ ജന്മദിനത്തിൽ ഹെരോദ്യയുടെ പുത്രി രാജസദസ്സിൽ നൃത്തം ചെയ്ത്, അദ്ദേഹത്തെ വളരെ പ്രസാദിപ്പിച്ചതിനാൽ അവൾ എന്തു ചോദിച്ചാലും കൊടുക്കാമെന്ന് രാജാവ് ശപഥംചെയ്തുപറഞ്ഞു. അപ്പോൾ അവൾ തന്റെ അമ്മയുടെ നിർദേശപ്രകാരം, “യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു. രാജാവ് ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ ആഗ്രഹം നിറവേറ്റാൻ ആജ്ഞ നൽകി. അങ്ങനെ കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്യിച്ചു; അദ്ദേഹത്തിന്റെ തല ഒരു തളികയിൽ കൊണ്ടുവന്ന് ആ പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി. യോഹന്നാന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ ശരീരം എടുത്ത് സംസ്കരിച്ചു. പിന്നെ അവർ ഈ വിവരം യേശുവിനെ അറിയിച്ചു. യേശു ഇതു കേട്ടിട്ട് വള്ളത്തിൽ കയറി അവിടെനിന്ന് തനിച്ച് ഒരു വിജനസ്ഥലത്തേക്ക് പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്ന് കരമാർഗം അദ്ദേഹത്തെ ലക്ഷ്യമാക്കി യാത്രചെയ്തു. യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു; അദ്ദേഹത്തിന് അവരോടു സഹതാപം തോന്നി; അവരുടെ രോഗികളെ സൗഖ്യമാക്കി. സന്ധ്യാനേരം അടുത്തപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഇതൊരു വിജനസ്ഥലമാണ്; നേരവും വളരെ വൈകിയിരിക്കുന്നു. ജനത്തിന് ആവശ്യമായ ആഹാരം വാങ്ങുന്നതിന് അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചാലും” എന്നു പറഞ്ഞു. അതിനു മറുപടിയായി യേശു, “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു. “ഇവിടെ ഞങ്ങളുടെപക്കൽ അഞ്ചപ്പവും രണ്ടുമീനും അല്ലാതെ ഒന്നുമില്ല,” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു. “എങ്കിൽ അവ ഇവിടെ കൊണ്ടുവരിക,” എന്ന് യേശു പറഞ്ഞിട്ട് ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ നിർദേശിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു. യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്ക്കു പോകാൻ അവരെ നിർബന്ധിച്ചു. ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഏകനായി ഒരു മലയിലേക്ക് കയറിപ്പോയി. അദ്ദേഹം ആ രാത്രിയിൽ അവിടെ തനിച്ചായിരുന്നു.