മത്തായി 13:5-12
മത്തായി 13:5-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിനു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേർ ഇല്ലായ്കയാൽ അത് ഉണങ്ങിപ്പോയി. മറ്റുചിലതു മുള്ളിനിടയിൽ വീണു; മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. ചെവിയുള്ളവൻ കേൾക്കട്ടെ. പിന്നെ ശിഷ്യന്മാർ അടുക്കൽ വന്ന്: അവരോട് ഉപമകളായി സംസാരിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. അവൻ അവരോട് ഉത്തരം പറഞ്ഞത്: സ്വർഗരാജ്യത്തിന്റെ മർമങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല. ഉള്ളവനു കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതുംകൂടെ എടുത്തുകളയും.
മത്തായി 13:5-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മറ്റു ചിലത് അടിയിൽ പാറയുള്ള മണ്ണിലാണു വീണത്. മണ്ണിനു താഴ്ചയില്ലാഞ്ഞതിനാൽ വിത്തു പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും സൂര്യൻ ഉദിച്ചപ്പോൾ വാടിപ്പോയി; അവയ്‍ക്കു വേരില്ലാഞ്ഞതിനാൽ ഉണങ്ങിക്കരിഞ്ഞു പോകുകയും ചെയ്തു. മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. കിളിർത്തുവന്ന വിത്തിനെ അവ ഞെരുക്കിക്കളഞ്ഞു. ശേഷിച്ച വിത്തുകൾ നല്ല മണ്ണിൽ വീഴുകയും ചിലതു നൂറും ചിലത് അറുപതും മറ്റുചിലത് മുപ്പതും മേനി വിളവു നല്‌കുകയും ചെയ്തു. ചെവിയുള്ളവൻ കേൾക്കട്ടെ.” പിന്നീടു ശിഷ്യന്മാർ യേശുവിനെ സമീപിച്ച്, എന്തുകൊണ്ടാണ് അവിടുന്ന് ദൃഷ്ടാന്തരൂപേണ അവരോടു സംസാരിക്കുന്നത്? എന്നു ചോദിച്ചു. അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: “സ്വർരാജ്യത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങൾ അറിയുന്നതിനുള്ള വരം നിങ്ങൾക്കു നല്‌കപ്പെട്ടിരിക്കുന്നു; അവർക്കാകട്ടെ അതു ലഭിച്ചിട്ടില്ല. ഉള്ളവനു നല്‌കപ്പെടും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തു കളയും.
മത്തായി 13:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചിലത് പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിന് താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു. എന്നാൽ സൂര്യൻ ഉദിച്ചപ്പോൾ ചൂടുതട്ടി, വേര് ഇല്ലായ്കയാൽ അത് ഉണങ്ങിപ്പോയി. മറ്റു ചിലത് മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലത് നല്ല നിലത്തുവീണു, നൂറും അറുപതും മുപ്പതും മേനിയായി വിളവ് നൽകി. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. പിന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്: “പുരുഷാരത്തോട് ഉപമകളായി സംസാരിക്കുന്നത് എന്തുകൊണ്ട്?“ എന്നു ചോദിച്ചു. അവൻ അവരോട് ഉത്തരം പറഞ്ഞത്: സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മങ്ങളെ അറിയുവാനുള്ള പദവി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു; ഇവർക്കോ ലഭിച്ചിട്ടില്ല. ആകയാൽ ഉള്ളവന് അധികം കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതും കൂടെ എടുത്തുകളയും.
മത്തായി 13:5-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടുതട്ടി, വേർ ഇല്ലായ്കയാൽ അതു ഉണങ്ങിപ്പോയി. മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. ചെവിയുള്ളവൻ കേൾക്കട്ടെ. പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. അവൻ അവരോടു ഉത്തരം പറഞ്ഞതു: സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല. ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.
മത്തായി 13:5-12 സമകാലിക മലയാളവിവർത്തനം (MCV)
ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു, ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു. എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി. കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിക്കളഞ്ഞു. എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകി. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.” ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങു ജനത്തോട് സാദൃശ്യകഥകളിലൂടെമാത്രം സംസാരിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു അവരോടു പറഞ്ഞത്: “സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; അവർക്കോ അത് നൽകപ്പെട്ടിട്ടില്ല. ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.