മത്തായി 13:14-16

മത്തായി 13:14-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾ തീർച്ചയായും കേൾക്കും. എന്നാൽ ഗ്രഹിക്കുകയില്ല; നിങ്ങൾ തീർച്ചയായും നോക്കും, എന്നാൽ കാണുകയില്ല; എന്തെന്നാൽ ഈ ജനത്തിന്റെ ഹൃദയം മരവിച്ചിരിക്കുന്നു, അവരുടെ കാത് അവർ അടച്ചിരിക്കുന്നു; അവർ തങ്ങളുടെ കാതുകൾ അടയ്‍ക്കുകയും കണ്ണുകൾ പൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലെങ്കിൽ അവർ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ഞാൻ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി അവർ എന്റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു. ഇങ്ങനെ യെശയ്യാപ്രവാചകൻ പ്രവചിച്ചിരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു. “എന്നാൽ നിങ്ങളുടെ കണ്ണുകൾ അനുഗ്രഹിക്കപ്പെട്ടവയാകുന്നു, അവ കാണുന്നു; നിങ്ങളുടെ കാതുകളും അങ്ങനെതന്നെ; അവ കേൾക്കുന്നു. വാസ്തവത്തിൽ ഞാൻ നിങ്ങളോടു പറയുന്നു

മത്തായി 13:14-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“നിങ്ങൾ കേട്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും ഗ്രഹിക്കയില്ലതാനും; കണ്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും മനസ്സിലാക്കുകയില്ലതാനും; ഈ ജനത്തിന്‍റെ ഹൃദയം മങ്ങിപ്പോയിരിക്കുന്നു; അവരുടെ ചെവി കേൾവിനിമിത്തം ഭാരമായിരിക്കുന്നു; അവരുടെ കണ്ണ് അവർ അടച്ചിരിക്കുന്നു; അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ” എന്നിങ്ങനെ യെശയ്യാവു പറഞ്ഞ പ്രവചനത്തിന് അവരിൽ നിവൃത്തിവരുന്നു. എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.

മത്തായി 13:14-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

“നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ” എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരിൽ നിവൃത്തിവരുന്നു. എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.

മത്തായി 13:14-16 സമകാലിക മലയാളവിവർത്തനം (MCV)

ഇവരെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ഇപ്രകാരം നിവൃത്തിയായിരിക്കുന്നു. “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല. ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു; അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല. അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ചെവികൾകൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട് അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു.’ എന്നാൽ, നിങ്ങളുടെ കാഴ്ചയുള്ള കണ്ണുകളും കേൾവിയുള്ള കാതുകളും അനുഗ്രഹിക്കപ്പെട്ടവ.